എണ്ണവില വർധനയിൽ നട്ടം തിരിഞ്ഞ് പൊതുജനം: കനിയാതെ സർക്കാരുകൾ; കച്ചവടം കുറഞ്ഞതിന്റെ നഷ്ടം നികത്തി കമ്പനികൾ

Web Desk   | Asianet News
Published : Dec 07, 2020, 04:16 PM ISTUpdated : Dec 07, 2020, 05:17 PM IST
എണ്ണവില വർധനയിൽ നട്ടം തിരിഞ്ഞ് പൊതുജനം: കനിയാതെ സർക്കാരുകൾ; കച്ചവടം കുറഞ്ഞതിന്റെ നഷ്ടം നികത്തി കമ്പനികൾ

Synopsis

2018 സെപ്റ്റംബറിലെ അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡിന്റെ നിരക്ക് 78-79 ഡോളർ നിലവാരത്തിലായിരുന്നു. അന്ന് ഡോളറിനെതിരെ രൂപയ്ക്ക് മൂല്യത്തകർച്ച രൂക്ഷമായിരുന്നതും വിലക്കയറ്റത്തിന് കാരണമായി.

രാജ്യത്തെ ഡീസല്‍, പെട്രോള്‍ നിരക്കുകളില്‍ വന്‍ വര്‍ധനയാണ് 2020 നവംബര്‍ 20 ന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്നത്. 18 ദിവസത്തിനിടയ്ക്ക് പെട്രോള്‍ നിരക്ക് ലിറ്ററിന് 2.65 രൂപ ഉയര്‍ന്നപ്പോള്‍ ഡീസല്‍ നിരക്കിലുണ്ടായ വര്‍ധന 3.41 രൂപയാണ്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് ഉയരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ വില വര്‍ധന. 

ഈ രീതിയില്‍ നിരക്ക് വര്‍ധന മുന്നോട്ട് പോയാല്‍ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്താന്‍ അധിക ദിവസം വേണ്ടിവരില്ല. 2018 സെപ്റ്റംബറിലെ റെക്കോര്‍ഡ് നിരക്കിന് അടുത്തേക്ക് എത്തിയിരിക്കുകയാണ് ഇന്ധന നിരക്കിപ്പോള്‍. 2018 സെപ്റ്റംബറില്‍ പെട്രോളിന് രേഖപ്പെടുത്തിയ ലിറ്ററിന് 86 രൂപയാണ് കൊച്ചി ന​ഗരത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. സമാനകാലയളവില്‍ ഡീസലിന് 79 രൂപ നിലവാരത്തിലേക്കും കൊച്ചിയിലെ നിരക്ക് ഉയര്‍ന്നിരുന്നു.

കൊവിഡ് പകർച്ചവ്യാധി മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ഇന്ധന നിരക്ക് വർധിക്കുന്നത് രൂക്ഷമായ വിലക്കയറ്റത്തിന് ഇടയാക്കും. തൊഴിൽ- വരുമാന നഷ്ടം നേരിടുന്ന ജനതയ്ക്ക് വലിയ ആഘാതമാണ് ഈ നിരക്ക് വർധന. സംസ്ഥാന തലസ്ഥാനത്ത് പെട്രോൾ നിരക്ക് ലിറ്ററിന് 86 രൂപയ്ക്ക് അടുത്തെത്തിയപ്പോൾ ഡീസൽ നിരക്ക് 79 രൂപയ്ക്ക് മുകളിലായി. രാജ്യ തലസ്ഥാനമായ ദില്ലിയിൽ പെട്രോൾ നിരക്ക് 84 രൂപയ്ക്ക് അടുത്തായി, ഡീസലിന് 74 രൂപയിലേക്കും വില നിലവാരം നീങ്ങുകയാണ്. വ്യവസായ- വാണിജ്യ ന​ഗരമായ മുംബൈയിൽ പെട്രോൾ നിരക്ക് 90 കടന്ന് കുതിക്കുകയാണ്. മുംബൈയിലെ ഡീസൽ നിരക്ക് 80 മുകളിലാണ്.    

ക്രൂഡ് നിരക്ക് 50 ഡോളറിൽ താഴെ   

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് ഇപ്പോഴും 50 ഡോളറിന് താഴെ തുടരുകയാണ്. കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച അനുകൂല റിപ്പോര്‍ട്ടുകളും അന്താരാഷ്ട്ര തലത്തിലെ ഇന്ധന ആവശ്യകതയിലുണ്ടായ വളര്‍ച്ചയുമാണ് അന്താരാഷ്ട്ര നിരക്കില്‍ വര്‍ധനയുണ്ടാകാന്‍ കാരണം. ഏകദേശം രണ്ട് മുതല്‍ മൂന്ന് ഡോളര്‍ വരെയാണ് ഇത്തരത്തില്‍ ഉയർന്നത്.

എന്നാൽ, ഇന്ധന നിരക്കുകൾ റെക്കോർഡ് നിലവാരത്തിൽ തു‌ടർന്ന 2018 സെപ്റ്റംബറിലെ അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡിന്റെ നിരക്ക് 78-79 ഡോളർ നിലവാരത്തിലായിരുന്നു. അന്ന് ഡോളറിനെതിരെ രൂപയ്ക്ക് മൂല്യത്തകർച്ച രൂക്ഷമായിരുന്നതും വിലക്കയറ്റത്തിന് കാരണമായി. നിലവിൽ ഡോളറിനെതിരെ 73-74 നിലവാരത്തിൽ രൂപ മെച്ചപ്പെട്ട നിലയിലുമാണ്.

അന്താരാഷ്ട്ര വിപണിയിൽ നിരക്ക് വർധനയുണ്ടാകുമ്പോൾ ആഭ്യന്തര ഇന്ധന വിപണിയിൽ എണ്ണ വില കൂട്ടുന്ന രാജ്യത്തെ എണ്ണക്കമ്പനികൾ പക്ഷേ, നിരക്ക് കുറയുമ്പോൾ അതിന്റെ ലാഭം ജനങ്ങളിലേക്ക് കൈമാറാൻ തയ്യാറാകുന്നില്ല. അന്താരാഷ്ട്ര നിരക്ക് ഇടിയുമ്പോൾ അനുപാതികമായ മാറ്റം ആഭ്യന്തര പെട്രോൾ, ‍ഡീസൽ നിരക്കുകളിൽ ഉണ്ടാകുന്നില്ല (വിപണിയിലെ പെട്രോൾ, ഡീസൽ നിരക്ക് തീരുമാനിക്കുന്നതിലെ അസംസ്കൃത എണ്ണ വിലയുടെ സ്വാധീനം 40 ശതമാനമാണ്). കൊവിഡ് ലോക്ക്ഡൗണുകളെ തുടർന്ന് ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിടിവ് ക്രൂഡ് വിപണിയിലുണ്ടായപ്പോഴും അനുപാതികമായ കുറവ് ഇന്ധന വിലയിൽ ഉണ്ടായില്ല. 

അമ്പോ ! ഉയർന്ന നികുതി 

കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നികുതി നിരക്കുകൾ കുറയ്ക്കാത്തതും നിരക്ക് ഉയർന്ന നിലവാരത്തിൽ തുടരാനിടയാക്കുന്നു. കൊവിഡ് ധനപ്രതിസന്ധിയുടെ കാലത്ത് കേന്ദ്ര സർക്കാർ രണ്ട് തവണ എക്സൈസ് നികുതി ഉയർത്തി. 2020 മെയ് മാസത്തിൽ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് കൂട്ടിയത്. മാർച്ചിൽ കൂട്ടിയ മൂന്ന് രൂപയ്ക്ക് പുറമേയായിരുന്നു ഇത്. ഇതോടെ അന്താരാഷ്ട്ര ക്രൂഡ് നിരക്കിലുണ്ടായ ഇടിവിന്റെ ​ഗുണം ജനങ്ങൾക്ക് ലഭിക്കാതെ പോയി. കൊവിഡ് പകർച്ചവ്യാധിയെ തുടർന്നുണ്ടായ നികുതി വരുമാന നഷ്ടം പരിഹരിക്കാനാണ് ഈ നടപടി എന്നാണ് സർക്കാരിന്റെ വിശദീകരണം. സംസ്ഥാന സർക്കാരുകളും ഉയർന്ന വാറ്റ് നികുതിയാണ് പെട്രോളിനും ഡീസലിനും മുകളിൽ ചുമത്തുന്നത്. കേരള സർക്കാർ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും നികുതിയാണ് ഇടാക്കുന്നത്. 

ലോക്ക്ഡൗൺ കാലയളവിൽ വിൽപ്പന കുറഞ്ഞതിന്റെയും ബിഎസ് VI സംവിധാനങ്ങളിലേക്ക് ശു​ദ്ധീകരണ ശാലകൾ നവീകരിച്ചതിന്റെയും നഷ്ടം നികത്തിയെടുക്കാനും ഈ വിലവർധനവിലൂടെ രാജ്യത്തെ എണ്ണക്കമ്പനികൾക്കായി.
 

PREV
click me!

Recommended Stories

ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?
ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്