ആശ്വാസമാകുമോ പ്രഖ്യാപനം; റിസര്‍വ് ബാങ്ക് പണനയ സമിതി യോഗം ഇന്ന് മുതല്‍, റിപ്പോ നിരക്ക് മാറിയേക്കില്ലെന്ന് സൂചന

Published : Aug 03, 2026, 03:49 PM IST
RBI

Synopsis

ആഗോളതലത്തിൽ വിലക്കയറ്റം വർധിക്കുന്ന സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ പണനയ സമിതി യോഗം ചേരുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വിലക്കയറ്റം നിയന്ത്രണവിധേയമായതിനാൽ ഇത്തവണ റിപ്പോ നിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നിരക്ക് മാറ്റമില്ലാതെ തുടരുന്നത് ഭവന വായ്പ എടുത്തവർക്ക് ആശ്വാസമാകും.

ആഗോളതലത്തില്‍ വിലക്കയറ്റവും ക്രൂഡ് ഓയില്‍ വിലയും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്കിന്റെ പണനയ സമിതി യോഗം ഇന്ന് മുതല്‍. കഴിഞ്ഞ കുറച്ചുമാസങ്ങളായി ലോകത്തെ പല പ്രമുഖ സെന്‍ട്രല്‍ ബാങ്കുകളും പലിശനിരക്ക് വര്‍ധിപ്പിച്ചെങ്കിലും, ആര്‍ബിഐ ഇത്തവണ റിപ്പോ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. പുറത്തുനിന്നുള്ള വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വിലക്കയറ്റം നിയന്ത്രണ വിധേയമാണെന്നതാണ് ഇതിന് കാരണം.

ബുധനാഴ്ച പ്രഖ്യാപിക്കുന്ന പണനയത്തില്‍ പലിശനിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 72-ല്‍ 68 സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടു. നിരക്ക് വര്‍ധനവിന് ഇപ്പോള്‍ സാധ്യതയില്ലെങ്കിലും, ഭാവിയില്‍ വിലക്കയറ്റം വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ ജാഗ്രതയോടെയുള്ള നിലപാടെടുത്തേക്കാം.

ഇന്ത്യയുടെ വഴി വേറിട്ടതാകുന്നത് എന്തുകൊണ്ട്?

അഞ്ച് മാസം മുന്‍പ് ഇറാന്‍ ഉള്‍പ്പെട്ട യുഎസ്- ഇസ്രായേല്‍ സംഘര്‍ഷം ആരംഭിച്ചതിനു ശേഷം യൂറോപ്പ്, ഓസ്ട്രേലിയ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ യുഎസ് ഫെഡറല്‍ റിസര്‍വും ബാങ്ക് ഓഫ് ജപ്പാനും നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ നില ഭദ്രമാണ്.

ജൂണില്‍ ചില്ലറ വില നാണയപ്പെരുപ്പം 4.38 ശതമാനമായി ഉയര്‍ന്നിരുന്നു. 17 മാസത്തിനിടെ ആദ്യമായാണ് ആര്‍ബിഐയുടെ ലക്ഷ്യമായ 4 ശതമാനത്തിന് മുകളില്‍ ഇത് എത്തുന്നത്. എങ്കിലും, ആര്‍ബിഐയുടെ സുരക്ഷിത പരിധിയായ 2 മുതല്‍ 6 ശതമാനത്തിനുള്ളില്‍ തന്നെയാണ് ഇപ്പോഴും ഇതുള്ളത്. ഭക്ഷ്യ, ഇന്ധന വിലകള്‍ ഒഴിവാക്കിയുള്ള അടിസ്ഥാന നാണയപ്പെരുപ്പവും 4 ശതമാനത്തോട് ചേര്‍ന്നാണ് നില്‍ക്കുന്നത്. അതിനാല്‍ കൂടുതല്‍ കണക്കുകള്‍ വന്നതിന് ശേഷം മാത്രം നിരക്ക് മാറ്റത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്ന നിലപാടിലാണ് ആര്‍ബിഐ. അടിസ്ഥാന നാണയപ്പെരുപ്പം 4.5 ശതമാനത്തിന് മുകളില്‍ തുടര്‍ന്നില്ലെങ്കില്‍ 2026-ല്‍ ഒരു നിരക്ക് വര്‍ധനവിന് സാധ്യതയില്ലെന്ന് സിറ്റി ബാങ്ക് ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് സമീരന്‍ ചക്രവര്‍ത്തി പറഞ്ഞു.

ഭവന വായ്പക്കാരെ കാത്തിരിക്കുന്നത് എന്ത്?

റിപ്പോ നിരക്കില്‍ മാറ്റമില്ലാതെ തുടരുന്നത് ഭവനവായ്പ എടുത്തവര്‍ക്കും വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വലിയ ആശ്വാസമാകും. ആഗോളതലത്തില്‍ വലിയ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ഭവന വായ്പാ നിരക്കുകള്‍ വര്‍ധിക്കാതിരിക്കുന്നത് ഗുണം ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

പിഎഫിൽ വമ്പൻ മാറ്റം, പണം പിൻവലിക്കാനുള്ള വ്യവസ്ഥകൾ ലളിതമാക്കി, തൊഴിലാളി വിഹിതം മിനിമം 1800 രൂപ, ബാക്കി നിക്ഷേപം
കേരളത്തിന് സ്വന്തം വിമാനം, സഹകരണ മേഖലയിൽ കോ-കേരള, സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടു