ഇന്ത്യയിൽ പെട്രോള്‍, ഡീസല്‍ വിലകള്‍ ഇനി എന്ന് കുറയും? ട്രംപിന്റെ 'സമാധാനത്തിന്' പിന്നാലെ ലോകത്ത് സംഭവിക്കുന്നതെന്ത്?

Published : Jun 16, 2026, 04:40 PM IST
Petrol Price

Synopsis

അമേരിക്ക-ഇറാന്‍ സമാധാന കരാറിനെ തുടർന്ന് ആഗോള ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ഈ വിലയിടിവ് ഹ്രസ്വകാലത്തേക്ക് ചാഞ്ചാട്ടങ്ങൾക്ക് വഴിവെക്കുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കുറയ്ക്കാനും സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച അമേരിക്ക- ഇറാന്‍ സമാധാന കരാറിന് പിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു. ഫെബ്രുവരി 28ന് ആരംഭിച്ച സംഘര്‍ഷത്തെ തുടര്‍ന്ന് ബാരലിന് 126 ഡോളര്‍ വരെ ഉയര്‍ന്ന ബ്രെന്റ് ക്രൂഡ് വില, കരാര്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മണിക്കൂറുകള്‍ക്കകം 83 ഡോളറിലേക്ക് കൂപ്പുകുത്തി. വില 85 ഡോളറില്‍ താഴെ എത്തിയെങ്കിലും വരും ആഴ്ചകളില്‍ ഇത് പതുക്കെ 90 ഡോളറിന് മുകളിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് എംകെ ഗ്ലോബലിന്റെ ചീഫ് ഇക്കണോമിസ്റ്റ് മാധവി അറോറ പറയുന്നു.

സംഘര്‍ഷം കാരണം വിതരണം സാധാരണ നിലയിലാകാന്‍ എടുക്കുന്ന കാലതാമസവും, പെട്ടെന്നുണ്ടായ ആവശ്യക്കാരുടെ വര്‍ധനവുമാണ് ഇതിന് കാരണം. അതിനാല്‍ ഹ്രസ്വകാലത്തേക്ക് വില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യതയെന്ന് അവര്‍ വ്യക്തമാക്കി. വിതരണം തടസ്സപ്പെടുമെന്ന ആശങ്ക ഒഴിഞ്ഞെങ്കിലും ക്രൂഡ് ഓയില്‍, എല്‍എന്‍ജി വിപണികള്‍ പഴയ നിലയിലാകാന്‍ ഇനിയും ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാമെന്ന് ക്രിസില്‍ ഇന്റലിജന്‍സ് പ്രതികരിച്ചു. സമാധാന കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ വിപണിയില്‍ ഇനിയും ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമാകുമെന്നാണ് സൂചന.

ഇന്ത്യക്കാര്‍ക്ക് എന്നാണ് ആശ്വാസം ലഭിക്കുക?

2026- 27 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ മാത്രമേ വിലയില്‍ കാര്യമായ കുറവുണ്ടാകൂ എന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറിലേക്ക് എത്തിയേക്കാം. നിലവില്‍ 90 ഡോളര്‍ എന്ന നിരക്കില്‍ തന്നെ തുടരാനാണ് സാധ്യത. 2026 മാര്‍ച്ചില്‍ തുടങ്ങി മേയ് വരെ പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയിലുണ്ടായ നഷ്ടം ഏകദേശം ഒരു ലക്ഷം കോടി രൂപയാണ്. ക്രൂഡ് വില 90 ഡോളറില്‍ താഴെ നില്‍ക്കുകയാണെങ്കില്‍ ഈ നഷ്ടം ഇനിയും വലിയ രീതിയില്‍ വര്‍ധിക്കില്ല. ക്രൂഡ് വില കുറയുന്നത് ഊര്‍ജ ഇറക്കുമതി ചെലവും ഇന്ധനം വഴിയുള്ള പണപ്പെരുപ്പവും കുറയ്ക്കാന്‍ സഹായിക്കും

ഇറക്കുമതി ചെലവ് കുറയും, സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടം

ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ക്രൂഡ് ഓയില്‍ വില 70 ഡോളറിലേക്ക് എത്തുന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമാകും. അമേരിക്ക- ഇറാന്‍ കരാര്‍, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തടസ്സമില്ലാതെ നടക്കുക, ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉല്‍പ്പാദനം നിലനിര്‍ത്തുക എന്നിവയെ ആശ്രയിച്ചിരിക്കും ഇത്. വിലക്കുറവ് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയ്ക്കുകയും വ്യാപാരക്കമ്മി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഭൗമരാഷ്ട്രീയ ആശങ്കകള്‍ കുറഞ്ഞതോടെ ക്രൂഡ് വില 83 ഡോളറിലേക്ക് എത്തിയപ്പോള്‍ തന്നെ രൂപയുടെ മൂല്യം മെച്ചപ്പെട്ടിരുന്നു. ഗതാഗതം, നിര്‍മ്മാണം, എഫ്.എം.സി.ജി തുടങ്ങിയ മേഖലകളിലെ വിലക്കയറ്റം നിയന്ത്രിക്കാനും ഇത് സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും സാമ്പത്തിക ഇളവുകള്‍ നല്‍കാനും സഹായിക്കും. എണ്ണക്കമ്പനികള്‍ക്കും ഇത് വലിയ നേട്ടമാണ്.

ഫെബ്രുവരിയെ അപേക്ഷിച്ച് ജൂണില്‍ ചൈനയുടെ എണ്ണ ഇറക്കുമതിയില്‍ 50 ശതമാനം ഇടിവുണ്ടായി. ഇത് വിപണിയില്‍ ഒരു വലിയ കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ സഹായിച്ചു. കടലിടുക്ക് വീണ്ടും തുറക്കുന്നതോടെ ഈ എണ്ണ ചൈനീസ് വിപണിയിലേക്ക് പോകും. മാത്രമല്ല, മറ്റ് രാജ്യങ്ങളും തങ്ങളുടെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാന്‍ തുടങ്ങും. അതിനാല്‍ 2026-ല്‍ ഉല്‍പ്പാദനത്തേക്കാള്‍ കൂടുതല്‍ ആവശ്യക്കാര്‍ എണ്ണയ്ക്ക് ഉണ്ടാകും. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ മാത്രമേ വിപണിയില്‍ ആവശ്യത്തിലധികം എണ്ണ ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകൂ.

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
Read more Articles on
click me!

Recommended Stories

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു; 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യ നിരക്ക് വർധന, ട്രംപിൻ്റെ നിലപാടിന് തിരിച്ചടി
ഇന്ത്യൻ തൊഴിൽ വിപണിയിൽ 'ജെൻ സി' തരംഗം; പുതിയ ഇ.പി.എഫ്.ഒ അക്കൗണ്ടുകളിൽ 79 ശതമാനവും യുവാക്കൾ