ഇന്ത്യയെ ഉൽപ്പാദന ശക്തിയാക്കാൻ ലക്ഷ്യമിട്ടുളള ബജറ്റ്, ചൈനയ്ക്ക് ബദലായി ഇന്ത്യ ഉയർന്നുവരും: രാജീവ് ചന്ദ്രശേഖർ

By Rajeev ChandrasekharFirst Published Feb 1, 2021, 7:32 PM IST
Highlights

ആരോഗ്യസംരക്ഷണ രം​ഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കൊവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ദ്രുതഗതിയിലുള്ള വളർച്ചയിലേക്കും പരിവർത്തനത്തിലേക്കും സഞ്ചരിക്കാൻ ദിശാബോധം നൽകുന്ന ബജറ്റാണ് ഇന്ന് പാർലമെന്റിൽ ധനമന്ത്രി നിർമല സ‍ീതാരാമൻ അവതരിപ്പിച്ചത്. കൊവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച ആത്മനിർഭർ ഭാരത് എന്ന ആശയം, കൊവിഡിന് ശേഷമുള്ള ലോകക്രമത്തിൽ ഉയർന്നുവരുന്ന അവസരങ്ങൾ പിന്തുടരാൻ രാജ്യത്തിന് കരുത്ത് നൽ‌കുന്നതാണ്. ഇതിന്റെ തുടർച്ചയായ മുന്നേറ്റങ്ങൾക്ക് ബജറ്റ് ശക്തിപകരുന്നു. 

നൂറ്റാണ്ടുകൾക്കിടെ ഇന്ത്യ നേരിട്ട ഏറ്റവും മോശമായ സാമ്പത്തിക സാഹചര്യം അവസാനിച്ചു എന്നതാണ് 2021 -22 സാമ്പത്തിക വർഷത്തേക്കുളള ബജറ്റ് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം. കൊവിഡ് പകർച്ചവ്യാധിയുടെ പ്രതിസന്ധി നാളുകളിൽ, നമ്മുടെ സർക്കാരും ജനങ്ങളും പ്രശംസനീയമായ ഉന്മേഷത്തോടെയും ദൃ‍ഢ നിശ്ചയത്തോടെയും പ്രവർത്തിച്ചു എന്നതാണ് ബജറ്റ് നൽകുന്ന രണ്ടാമത്തെ വലിയ സന്ദേശം. കഠിനാധ്വാനിയായ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഈ മാസങ്ങളിൽ അഭൂതപൂർവമായ നിരവധി വെല്ലുവിളികളോടുള്ള സർക്കാർ പ്രതികരണവും പ്രശംസ അർഹിക്കുന്നതാണ്. 

വളരെയധികം ഘടനാപരമായ പരിഷ്കാരങ്ങൾ കൊവിഡ് കാലത്ത് നടപ്പാക്കി, വി -ആകൃതിയിലുളള സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് സാഹചര്യമൊരുക്കി, ചൈനീസ് ആക്രമണത്തിന് കൃത്യമായ മറുപടി നൽകി, ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈനിൽ അടക്കമുളള നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികളും സർക്കാർ മികച്ച രീതിയിൽ പൂർത്തീകരിച്ചു. 

ആരോ​ഗ്യ വിഹിതം കുത്തനെ വർദ്ധിപ്പിച്ചു

ഈ വെല്ലുവിളികളെല്ലാം നന്നായി കൈകാര്യം ചെയ്തും ഐക്യവും ഊർജ്ജസ്വലവുമായി തുടരുന്നതിലൂടെയും വളരെയധികം നേട്ടങ്ങൾ രാജ്യം കൈവരിച്ചു. ഇന്ന് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി മാറാൻ തയ്യാറാണ് ഇന്ത്യ. കൊവിഡിന് ശേഷമുള്ള ലോകത്തിലേക്കുള്ള മുന്നേറ്റത്തെയാണ് ആത്മനിർഭർ ഭാരത് ലക്ഷ്യമിട്ടുളള ബജറ്റ് പ്രതിനിധീകരിക്കുന്നത്. ഇന്ത്യക്കാരുടെയും ഇന്ത്യയുടെയും ആരോഗ്യത്തെയും സന്തോഷജനകമായ ജീവിതത്തെയുമാണ് ബജറ്റ് ആദ്യം അഭിസംബോധന ചെയ്യുന്നത്. ആരോഗ്യ ഇൻഫ്ര, പോഷകാഹാരം, ശുചിത്വം, ജലം എന്നിവയുടെ ആകെത്തുകയായി ക്ഷേമത്തെ സമീപിക്കുന്നതിലൂടെയും മുമ്പത്തെ 95,000 കോടിയിൽ നിന്ന് 2.45 ലക്ഷം കോടിയിലേക്ക് ആരോ​ഗ്യ മേഖലയ്ക്കുളള വിഹിതം കുത്തനെ വർദ്ധിപ്പിച്ചു. വിദ്യാഭ്യാസത്തോടൊപ്പം ആത്മനിർഭർ ഭാരതിന് ശക്തമായ സാമൂഹിക മൂലധന അടിത്തറ സൃഷ്ടിക്കുന്നതിന്റെ അടിസ്ഥാനമായി ഈ പ്രവർത്തനങ്ങൾ മാറും. 

ആരോഗ്യസംരക്ഷണ രം​ഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 602 ബ്ലോക്കുകളിൽ നിർണായക പരിചരണ സൗകര്യങ്ങൾ സൃഷ്ടിക്കുക, എല്ലാ സംസ്ഥാനങ്ങളിലും ടെസ്റ്റിംഗ് ലാബുകൾ, നാല് പ്രദേശങ്ങളിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവ ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ ശേഷിയുടെ അഭൂതപൂർവമായ വികസനത്തിന് ഇടയാക്കും. നമ്മൾ ഇപ്പോൾ അനുഭവിച്ചതുപോലുള്ള പകർച്ചവ്യാധി മൂലം ഇനി ഒരിക്കലും ജനങ്ങളുടെ ജീവിതവും ഉപജീവനവും അപകടത്തിലാകില്ല എന്ന സൂചനയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ആരോ​ഗ്യ രം​ഗത്തെ നിക്ഷേപ പ്രവർ‌ത്തനങ്ങളും വിപുലീകരണവും നൽകുന്ന സൂചന.

കർഷക ക്ഷേമത്തിനായി സർക്കാർ എത്രമാത്രം നന്നായി പ്രവർത്തിച്ചിട്ടുണ്ടെന്നും കാർഷിക സമ്പദ് വ്യവസ്ഥയെ നവീകരിക്കാമെന്നും ധനമന്ത്രി ബജറ്റിലൂടെ വിശദീകരിച്ചതിൽ എനിക്ക് പ്രത്യേകിച്ചും സന്തോഷമുണ്ട്. കാർഷിക ഇൻഫ്രാ ഫണ്ട് ആശയം കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുളള സർക്കാരുകളുടെ പ്രതിബദ്ധത കൂടുതൽ വിപുലമാക്കുന്നു.

ഈ ബജറ്റ് ലക്ഷ്യമിടുന്നത് ഇന്ത്യയെ ഉൽപാദന ശക്തിയാക്കുന്നതിനാണ്. വിജയകരമായ PLI സ്കീമിന് ഫലങ്ങൾ കൂടുതൽ ആയിരിക്കും. മെഗാ ടെക്സ്റ്റൈൽ എക്‌സ്‌പോർട്ട് പാർക്കുകൾ ഉപയോഗിച്ച് ഉൽപ്പാദനം കൂടുതൽ വ്യാപിപ്പിക്കുന്നതിനാണ് ഈ ബജറ്റിന്റെ ലക്ഷ്യമിടുന്നത്. പൊതുമേഖലാ തുറമുഖങ്ങളും റെയിൽവേ ശൃംഖലയും ആധുനികവും കൂടുതൽ കാര്യക്ഷമവുമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. 

അടുത്ത വർഷം 11 ശതമാനം വളർച്ച

ആത്മ നിർഭർ ഭാരത് ലോജിസ്റ്റിക്സ് ഇക്കോ സിസ്റ്റം ശ്രദ്ധ അർഹിക്കുന്നു, അത് നിർമ്മിക്കുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള കമ്പനികൾക്ക് മുന്നിൽ ചൈനയ്ക്ക് നല്ലൊരു ബദലായി ഇന്ത്യ ഉയർന്നുവരും. 

നികുതി വ്യവസ്ഥയ്ക്ക് പുറമേ സർക്കാർ അതിന്റെ വിഭവ അടിത്തറ വികസിപ്പിക്കുന്നു. സ്വത്തുക്കൾ റീസൈക്കിൾ ചെയ്യാൻ സംസ്ഥാന സർക്കാരുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, തന്ത്രപ്രധാനമല്ലാത്ത മേഖലകളിലെ സ്വകാര്യവൽക്കരണത്തിൽ നിന്ന് ‍സമാഹരിക്കുന്ന ധനം ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സാമൂഹിക ചെലവുകളിൽ നിക്ഷേപിക്കുന്നതിനും വിഭവങ്ങൾ വികസിപ്പിക്കുന്നതിനും ഉപയോഗിക്കും. 

പകർച്ചവ്യാധി സമയത്ത് കഴിഞ്ഞ 10 മാസത്തിനിടെ ഒരു രാഷ്ട്രമെന്ന നിലയിൽ എല്ലാവരുടെയും കഠിനാധ്വാനവും നേട്ടങ്ങളും അടിസ്ഥാനമാക്കി 2021 ലെ ഈ ഘട്ടത്തിലെത്താൻ ബജറ്റ് വളരെയധികം മുന്നോട്ട് പോയി. അതേസമയം, അടുത്ത വർഷം 11 ശതമാനം വളർച്ചയും വരും വർഷങ്ങളിൽ കൂടുതൽ വളർച്ചയും വാഗ്ദാനം ചെയ്തുകൊണ്ട് മുന്നോട്ട് പോകുന്നതിനെപ്പറ്റി പ്രതിപക്ഷം ചില ചോദ്യങ്ങൾ ഉന്നയിച്ചേക്കാം. 
 
എന്നാൽ നമ്മൾ അസ്വസ്ഥരാകരുത്, കാരണം കഴിഞ്ഞ 10 മാസത്തിനിടെ രാജ്യവും നേതൃത്വവും രാജ്യത്തും പുറത്തും യഥാർത്ഥ ശക്തിയും കഴിവുകളും പ്രകടമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ പുന: സംഘടനയാണ്. വികസന അഭിലാഷങ്ങളുടെ പുന: സംഘടനയാണ് സ്വാശ്രയ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട്. ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുളള ഇന്ത്യ രൂപം കൊള്ളുന്നുവെന്ന് ഇപ്പോൾ നമുക്കെല്ലാവർക്കും വിശ്വസിക്കാം. ലോക ക്രമത്തിൽ ഒരു വലിയ പങ്ക് വഹിക്കാനും അതിനെ വിപുലീകരിക്കാനും ഇന്ത്യ സജ്ജമായി. 


 

click me!