ഇന്ത്യയുടെ സൗരോര്‍ജ്ജ സ്വപ്നങ്ങള്‍; വെല്ലുവിളിയാകുന്ന ചൈനീസ് ആശ്രിതത്വം

Published : Aug 22, 2025, 07:06 PM IST
China India

Synopsis

ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യയുടെ സൗരോര്‍ജ്ജ കയറ്റുമതിക്ക് യു.എസ്. 64% വരെ താരിഫ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ബി.എന്‍.ഇ.എഫ്.

ന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും ഊര്‍ജ്ജ ഉപഭോഗത്തിലെ വര്‍ധനവും സൗരോര്‍ജ്ജ മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കുന്നുവെങ്കിലും യുഎസ് തീരുവയും ഉപകരണങ്ങള്‍ക്ക് ചൈനയെ ആശ്രയിക്കുന്നത് അമിതമാകുന്നതും വെല്ലുവിളിയാകുന്നതായി റിപ്പോര്‍ട്ട്. 2030ന്റെ പകുതിയോടെ ചൈന കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ സൗരോര്‍ജ്ജ വിപണിയായി ഇന്ത്യ മാറുമെന്ന് ബ്ലൂംബെര്‍ഗ് എന്‍ഇഎഫ് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഇത് രാജ്യത്തിന് വലിയ സാധ്യതകളാണ് നല്‍കുന്നത്. ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ചൈനയെപ്പോലെ കയറ്റുമതി വിപണിയില്‍ മത്സരിക്കാനും ഇത് അവസരം നല്‍കും. ഈ സാധ്യത മുന്നില്‍ കണ്ട് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ പവര്‍, വാരീ എനര്‍ജീസ്, പ്രീമിയര്‍ എനര്‍ജീസ് തുടങ്ങിയ വന്‍കിട കമ്പനികള്‍ സൗരോര്‍ജ്ജ വിപണിയില്‍ സജീവമാകുകയാണ്.

വെല്ലുവിളികള്‍ മുന്നില്‍, താരിഫ് ഇരട്ടപ്രഹരം

ഈ വളര്‍ച്ചാ സാധ്യതകള്‍ക്കിടയിലും ഇന്ത്യന്‍ സൗരോര്‍ജ്ജ മേഖല രണ്ട് വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഒന്ന്, ഏറ്റവും വലിയ വിപണിയായ യു.എസിലേക്കുള്ള കയറ്റുമതിക്ക് പുതിയ താരിഫ് ഏര്‍പ്പെടുത്താനുള്ള സാധ്യതയാണ്. മറ്റൊന്ന്, അസംസ്‌കൃത വസ്തുക്കള്‍ക്കും ഉപകരണങ്ങള്‍ക്കും ചൈനയെ അമിതമായി ആശ്രയിക്കുന്നതും.

ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യയുടെ സൗരോര്‍ജ്ജ കയറ്റുമതിക്ക് യു.എസ്. 64% വരെ താരിഫ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ബി.എന്‍.ഇ.എഫ്. റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഇന്ത്യന്‍ നിര്‍മ്മാതാക്കളെ യുഎസ് വിപണിയില്‍ നിന്ന് പുറത്താക്കാന്‍ വഴി തുറന്നേക്കും. ചൈനയില്‍ നിന്ന് ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിലുള്ള അമിത ആശ്രിതത്വം ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ അപകടവുമാണ്. സൗരോര്‍ജ്ജ ഗ്ലാസ്, അലുമിനിയം ഫ്രെയിംസ്, സിലിക്കണ്‍ വേഫറുകള്‍, ഫിനിഷ്ഡ് സോളാര്‍ സെല്ലുകള്‍ തുടങ്ങി മിക്കവാറും എല്ലാ ഉത്പന്നങ്ങള്‍ക്കും ഇന്ത്യ ചൈനയെയാണ് ആശ്രയിക്കുന്നത്.

2024-ല്‍ ഇന്ത്യയിലെ നാല് പ്രധാന സോളാര്‍ പാനല്‍ നിര്‍മ്മാതാക്കള്‍ക്ക് സോളാര്‍ ഗ്ലാസിനും അലുമിനിയം ഫ്രെയിമിനും 97% വരെ ചൈനീസ് ഇറക്കുമതിയെ ആശ്രയിക്കേണ്ടിവന്നു. ഉപകരണങ്ങളുടെ കാര്യത്തിലും ചൈനീസ് നിര്‍മ്മാതാക്കളാണ് മുന്നില്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ 10 വലിയ ഇറക്കുമതിക്കാരില്‍ പകുതിയിലധികവും ചൈനീസ് കമ്പനികളില്‍ നിന്നാണ് യന്ത്രസാമഗ്രികള്‍ വാങ്ങിയത്. റിലയന്‍സ് ഏകദേശം 300 മില്യണ്‍ ഡോളറിന് ഗുജറാത്തിലെ അവരുടെ വലിയ പ്ലാന്റിന് ഉപകരണങ്ങള്‍ വാങ്ങിയത് ഒരു ചൈനീസ് വിതരണക്കാരനില്‍ നിന്നാണ്.

സര്‍ക്കാര്‍ ഇടപെടലുകള്‍

2022-ല്‍ സോളാര്‍ മോഡ്യൂളുകള്‍ക്ക് 40%, സോളാര്‍ സെല്ലുകള്‍ക്ക് 25% എന്നിങ്ങനെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, സര്‍ക്കാര്‍ അംഗീകൃത നിര്‍മ്മാതാക്കളില്‍ നിന്നുള്ള മോഡ്യൂളുകള്‍ മാത്രമേ പദ്ധതികള്‍ക്കായി ഉപയോഗിക്കാവൂ എന്ന നിയമവും നിലവിലുണ്ട്. ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ 2024-ല്‍ മൊത്തം ഇറക്കുമതി കുറഞ്ഞു. 2021-ന്റെ തുടക്കം മുതല്‍ മോഡ്യൂള്‍ ഉത്പാദനം പന്ത്രണ്ടിരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സോളാര്‍ സെല്‍ നിര്‍മ്മാണ ശേഷി ഇരട്ടിയായി വര്‍ധിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. സൗരോര്‍ജ്ജ മേഖലയുടെ വളര്‍ച്ച രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. നിലവില്‍ ഈ രംഗത്ത് 300,000-ത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. '

PREV
Read more Articles on
click me!

Recommended Stories

ഡിജിറ്റൽ കിസാൻ ക്രെഡിറ്റ് കാർഡ്
രണ്ടാം പാദത്തിൽ കുതിപ്പ്, ജിഡിപി ആറ് പാദങ്ങളിലെ ഏറ്റവയും ഉയർന്ന നിലയിൽ, ജിഎസ്ടി നിരക്കുകൾ കുറച്ചത് നേട്ടമായെന്ന് കേന്ദ്ര സർക്കാർ