ഫ്ലൂറസെന്റ് മഞ്ഞ നിറത്തില്‍ 200 രൂപാ നോട്ട് പുറത്തിറങ്ങി; പ്രത്യേകതകള്‍ ഏറെ

By Web DeskFirst Published Aug 25, 2017, 6:04 PM IST
Highlights

മുംബൈ: റിസര്‍വ്വ് ബാങ്ക് 200 രൂപാ നോട്ടുകള്‍ പുറത്തിറക്കി. തിളക്കമാര്‍ന്ന മഞ്ഞനിറത്തിലുള്ള നോട്ട് ദില്ലി, മുംബൈ, കൊല്‍കത്ത എന്നീ നഗരത്തിലെ തെരഞ്ഞെടുത്ത ചില ബാങ്കുകളില്‍ മാത്രമേ ആദ്യഘട്ടത്തില്‍ കിട്ടുകയുള്ളു. എ.ടി.എമ്മുകളില്‍ 200 രൂപ എത്താന്‍ ഇനിയും ഒരാഴ്ച കാത്തിരിക്കേണ്ടിവരും.

200 രൂപ നോട്ടുകള്‍ ഉള്ള ബാങ്കുകളില്‍ ഇന്ന് നീണ്ട ക്യൂവായിരുന്നു. ദില്ലി പാര്‍ലമെന്റ് സ്ട്രീറ്റിലെ സെന്‍ട്രല്‍ ബാങ്കില്‍ തിളക്കമാര്‍ന്ന മഞ്ഞനിറത്തിലുള്ള 200 ന്റെ നോട്ടുകള്‍ക്കായി വലിയ ആള്‍ക്കൂട്ടം തന്നെയെത്തി. 200 രൂപാ നോട്ടുകള്‍ എടുക്കാന്‍ കഴിയുന്ന തരത്തില്‍ ഇതുവരെ എ.ടി.എമ്മുകള്‍ ക്രമീകരച്ചിട്ടില്ല. അതിനാല്‍ ഒരാഴ്ച കഴിഞ്ഞിട്ട് മത്രമേ എ.ടി.എമ്മുകളില്‍ കറന്‍സി എത്തുകയുള്ളു.  തുടക്കത്തില്‍ 50കോടിയോളം നോട്ടുകളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നത്. 500, 1000 രൂപയുടെ നോട്ടുകള്‍ റദ്ദാക്കിയതിനുശേഷമുണ്ടായ നോട്ടുക്ഷാമം പരിഹരിക്കാനാണ് 200ന്റെ കറന്‍സി ഇറക്കിയത്. 

സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് 200 രൂപാ നോട്ട് തയ്യാറാക്കിയിട്ടുള്ളത്.  കറന്‍സിയുടെ മുന്‍ഭാഗത്ത് നടുവിലായി മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. നോട്ട് തിരിക്കുമ്പോള്‍ നീലയും പച്ചയും നിറം മാറിവരുന്ന സെക്യൂരിറ്റി ത്രെഡ്, കണ്ണ് കാണാത്തവര്‍ക്ക് കണ്ടുപിടിക്കാനായി അടയാളം എന്നിവയുമുണ്ട്. അശോക ചക്രത്തിന്റെ എംബ്ലംവും അതേ ഭാഗത്താണ്.  മറുഭാഗത്ത് സ്വച്ഛ് ഭാരത് ചിഹ്നവും മുദ്രാവാക്യവും സാഞ്ചി സ്തൂപവുമാണ്. 200 രൂപയുടെ നോട്ട് വിപണിയില്‍ വ്യാപകമാകുന്നതോടെ ഇടപാടുകള്‍ കൂടുതല്‍ സുഗമമായി നടക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ.

click me!