കേന്ദ്ര ബജറ്റിന് ശേഷമുളള നിര്‍ണായക ജി.എസ്.ടി. യോഗം ഇന്ന്; നികുതി പരിഗണനയില്‍ മദ്യ ഉല്‍പ്പാദനവും

By Web DeskFirst Published Mar 10, 2018, 11:02 AM IST
Highlights
  • ദില്ലിയില്‍ വച്ചു നടക്കുന്ന യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലി അദ്ധ്യക്ഷത വഹിക്കും
  • ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ ഐസകിന്‍റെ വാക്കുകള്‍ക്ക് പ്രസക്തിയേറെയാണ്
  • മദ്യ ഉല്‍പ്പാദനത്തിന് ജി.എസ്.ടി ചുമത്തിയേക്കും

ദില്ലി: ഏറെ ക്ഷേമ പദ്ധതികള്‍ കൊട്ടിഘോഷിക്കപ്പെട്ട കേന്ദ്ര ബജറ്റിന് ശേഷമുളള ആദ്യ ജി.എസ്.ടി. കൗണ്‍സില്‍ യോഗം ഇന്ന്. ദില്ലിയില്‍ വച്ചു നടക്കുന്ന യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലി അദ്ധ്യക്ഷത വഹിക്കും. കൗണ്‍സില്‍ യോഗത്തില്‍ മദ്യ ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന വീര്യം കൂടിയ ഈഥൈല്‍ ആള്‍ക്കഹോളിനും എക്സ്ട്ര ന്യൂട്രല്‍ ആള്‍ക്കഹോളിനും ജി.എസ്.ടി ചുമത്തിയേക്കും.

 ജി.എസ്.ടി. നടപ്പാക്കിയതിന് ശേഷം ഇന്ന് നടക്കുന്ന 26 മത്തെ കൗണ്‍സില്‍ യോഗത്തില്‍ പ്രതീക്ഷിത നികുതി വരുമാനത്തില്‍ സംഭവിക്കുന്ന കുറവ് ചര്‍ച്ചയാവും. സംസ്ഥാനങ്ങള്‍ക്കുളള വിഹിതത്തിലെ വിതരണത്തില്‍ സംഭവിക്കുന്ന വീഴ്ച്ചയും യോഗത്തില്‍ ഉയര്‍ന്നു വന്നേക്കും. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ഇന്നത്തെ കൗണ്‍സിലില്‍ പങ്കെടുക്കും. ജി.എസ്.ടി. നടപ്പാക്കലിനോട് സ്വീകരിച്ച നിലപാടുകള്‍ക്ക് തോമസ് ഐസകിന്‍റെ നേര്‍ക്ക് സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ഇതിനാല്‍ ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ ഐസകിന്‍റെ വാക്കുകള്‍ക്ക് പ്രസക്തിയേറെയാണ്. യോഗത്തില്‍ ഉയരാന്‍ സാധ്യതയുളള മറ്റ് പ്രധാന വിഷയങ്ങളും തീരുമാനങ്ങളും ഇവയാണ്.

1) നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിലെ നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളുണ്ടായേക്കും.

2) ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ പോകുന്ന സംസ്ഥാനന്തര ഇ-വേ ബില്ലുകളെ സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടാകും
3) ടാക്സ് ക്രെഡിറ്റ് - റിഡക്ഷന്‍ വിഷയങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാനും അന്വേഷണ നടപടികള്‍ സ്വീകരിക്കാനുമുളള അധികാരങ്ങള്‍ നാഷണല്‍ പ്രോഫിറ്റിയറിംഗ് അതോറിറ്റിക്ക് വിട്ടുകൊടുത്തേക്കും
4) നന്ദന്‍ നിലേകാനിയുടെ റിട്ടേണ്‍ ഫയലിംഗിലെ സങ്കീര്‍ണതകള്‍ ലളിതമാക്കാനുളള നിര്‍ദ്ദേശങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും
 

click me!