ഓണ്‍ലൈന്‍ ഷോപ്പിങ്ങ് നടത്തുമ്പോള്‍ ഇനി ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരും

By Web DeskFirst Published Oct 26, 2017, 8:50 AM IST
Highlights

കടകളില്‍ നിന്ന് നേരിട്ട് പോയി സാധനങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനായി ഷോപ്പിങ് നടത്തുന്ന കാലമാണിത്. ഞെട്ടിക്കുന്ന ഓഫറുകളും വന്‍ ഡിസ്കൗണ്ടുമൊക്കെ കാണുമ്പോള്‍ കൂടുതല്‍ ലാഭം ഓണ്‍ലൈന്‍ തന്നെയാണ്. സാധനങ്ങള്‍ വീട്ടിലെത്തിച്ച് തരുന്നതിന്റെയും പ്രശ്നങ്ങളുണ്ടെങ്കില്‍ തിരിച്ചെടുക്കുന്നത് പോലുള്ള മികച്ച വില്‍പ്പനാനന്തര സേവനങ്ങളും നല്‍കുന്ന ഗുണം വേറെ. എന്നാല്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ വളരെ സൂക്ഷിച്ച് മാത്രം ചെയ്യേണ്ടതാണ്. നിങ്ങളുടെ രഹസ്യ വിവരങ്ങള്‍ സുരക്ഷിതമല്ലാതെ കൈകാര്യം ചെയ്താല്‍ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാവും അക്കൗണ്ടിലെ പണം കാലിയാവുന്നത്.

ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

1. എസ്എസ്എല്‍ എന്‍ക്രിപ്റ്റഡ് സൈറ്റുകള്‍
സാധരണ വെബ്സൈറ്റുകളേക്കാള്‍ കൂടുതല്‍ സുരക്ഷിതമാണ് എസ്എസ്എല്‍ എന്‍ക്രിപ്റ്റഡ് സൈറ്റുകള്‍. എത്ര വലിയ ഓഫറുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്താല്‍ പോലും സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളാണെങ്കില്‍ അത് റിസ്കാണ്. പണം നല്‍കാന്‍ നിങ്ങള്‍ ഇന്റര്‍നെറ്റിലേക്ക് നല്‍കുന്ന വിവരങ്ങള്‍ മറ്റാര്‍ക്കും ചോര്‍ത്താന്‍ കഴിയാത്ത തരത്തില്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നവയാണ് എസ്എസ്എല്‍ സര്‍ട്ടിഫൈഡ് സൈറ്റുകള്‍ (Secure Sockets Layer). നിങ്ങള്‍ നല്‍കുന്ന രഹസ്യ വിവരങ്ങള്‍ നിങ്ങള്‍ക്കും വ്യാപാരിക്കുമിടയില്‍ മറ്റൊരാള്‍ മോഷ്ടിക്കുന്നത് ഇത്തരം വെബ്സൈറ്റുകള്‍ തടയും. ഒരു സൈറ്റ് എസ്.എസ്.എല്‍ സുരക്ഷയുള്ളതാണോയെന്ന് അറിയാനും എളുപ്പ വഴിയുണ്ട്. സാധാരണ വെബ്സൈറ്റുകള്‍ തുറക്കുമ്പോള്‍ ബ്രൗസറിലെ അഡ്രസ് ബാറിന്റെ തുടക്കത്തില്‍ http എന്നാണ് കാണുകയെങ്കില്‍, സുരക്ഷിതമായ സൈറ്റുകളില്‍ https എന്നായിരിക്കും ഉണ്ടാവുക

2. സുരക്ഷിതമല്ലാത്ത ആപ്പുകള്‍
കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ മൊബൈല്‍ ആപ്പ് വഴിയാണ് കൂടുതല്‍ പേരും ഷോപ്പിങ് നടത്തുന്നത്. അറിയപ്പെടുന്ന കമ്പനികളുടെ യഥാര്‍ത്ഥ ആപ്പുകള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. വ്യാജ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അത് നമ്മുടെ ഫോണില്‍ നിന്ന് ആവശ്യപ്പെടുന്ന വിവരങ്ങളുടെ കാര്യം നമ്മള്‍ ശ്രദ്ധിക്കാറില്ല. പാസ്‍വേഡുകളും നെറ്റ് ബാങ്കിങ് വിവരങ്ങളും മുതല്‍ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ വരെ വേണമെങ്കില്‍ ആപ്പുകള്‍ക്ക് ശേഖരിക്കാന്‍ കഴിയും. യഥാര്‍ത്ഥ ആപ്പുകള്‍ പരിശോധിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ഇത് തടയാനുള്ള പോംവഴി.

3. വിര്‍ച്വല്‍ കീബോഡ്
കീബോര്‍ഡ് വഴി നമ്മള്‍ നല്‍കുന്ന വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പുകാര്‍ക്ക് കൈമാറുന്ന വൈറസുകളും പ്രോഗ്രാമുകളുമൊക്കെ വ്യാപകമാണ്. നിങ്ങളറിയാതെ നിങ്ങളുടെ കംപ്യൂട്ടറുകളില്‍ കയറിക്കൂടുന്ന ഇവ കീബോര്‍ഡില്‍ നിങ്ങള്‍ ടൈപ്പ് ചെയ്ത് നല്‍കുന്ന യൂസര്‍ ഐഡിയും പാസ്‍വേഡുമൊക്കെ ചോര്‍ത്തും. പാസ്‍വേഡുകള്‍ ടൈപ്പ് ചെയ്ത് നല്‍കാതെ വിര്‍ച്വല്‍ കീബോര്‍ഡുകള്‍ ഉപയോഗിച്ചാല്‍ ഇത് തടയാന്‍ കഴിയും. ഒട്ടുമിക്ക നെറ്റ് ബാങ്കിങ്ങ് വെബ്സൈറ്റുകളും വിര്‍ച്വല്‍ കീബോര്‍ഡ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

4. വിര്‍ച്വല്‍ കാര്‍ഡ്
സ്ഥിരമായി ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നവരാണെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് പകരം വെര്‍ച്വല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാം. മിക്കവാറും ബാങ്കുകളൊക്കെ തന്നെ നെറ്റ് ബാങ്കിങ് സംവിധാനത്തിലൂടെ സൗജന്യമായിത്തന്നെ വിര്‍ച്വല്‍ കാര്‍ഡുകള്‍ നല്‍കാറുണ്ട്. യാതൊരു വിധ ചാര്‍ജുമില്ലാതെ ഇവ സ്വന്തമാക്കാം. കാര്‍ഡ് കൈയ്യില്‍ കിട്ടില്ലെന്ന് മാത്രം. പകരം സൈറ്റില്‍ കാര്‍ഡിന്റെ ചിത്രം ലഭിക്കും. ഇത് ഉപയോഗിച്ച് ഷോപ്പിങ് നടത്താം.

5. ഡിസ്കൗണ്ട് കൂപ്പണ്‍ കോഡുകള്‍
നിരവധി ഡിസ്ക്കൗണ്ട് കൂപ്പണുകള്‍ വിവിധ സൈറ്റുകളില്‍ നിന്ന് ഇ-മെയില്‍ വഴിയും എസ്എംഎസ് വഴിയും നിങ്ങള്‍ക്ക് ലഭിക്കാറുണ്ടാവും. ഇതിലെ ഒറിജിനലും വ്യാജനും തിരിച്ചറയണം. ഷോപ്പിങ് സൈറ്റുകളില്‍ നിന്ന് തന്നെ ലഭിച്ച ഡിസ്കൗണ്ട് കൂപ്പണാണോ അതോ അവരുടെ ലോഗോയും ഡിസൈനുമൊക്കെ കോപ്പിയടിച്ച് തട്ടുപ്പുകാര്‍ അയച്ച കോഡുകളാണോ എന്ന് അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അതുവഴിയും പണം നഷ്ടപ്പെടും. ഇത്തരം മെയിലുകള്‍ അയച്ചും രഹസ്യ വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തുന്നവരുണ്ടെന്ന് ഓര്‍ത്തിരിക്കുക.

കടപ്പാട്: Bankbazaar.com

click me!