തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും; ലേലത്തിൽ ഒന്നാമത്

By Web TeamFirst Published Feb 25, 2019, 12:42 PM IST
Highlights

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പുകാരെ കണ്ടെത്താനുള്ള സാമ്പത്തിക ബിഡിൽ ഏറ്റവും ഉയർന്ന തുക സമർപ്പിച്ച് അദാനി ഗ്രൂപ്പ്. സർക്കാരിന് കീഴിലുള്ള കെഎസ്ഐഡിസി രണ്ടാം സ്ഥാനത്ത്.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കിട്ടിയേക്കും. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തിൽ  അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയർന്ന തുക നിർദ്ദേശിച്ചത്. സംസ്ഥാന സർക്കാറിന് കീഴിലെ കെഎസ്ഐഡിസിക്ക് തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ.

വിമാനത്താവളമേഖലയിലും അദാനി പിടിമുറക്കാൻ ഇറങ്ങിയതോടെ സംസ്ഥാന സർ‍ക്കാറിന്‍റെ പ്രതീക്ഷകൾ മങ്ങി. റൈറ്റ് ഓഫ് റഫ്യൂസൽ എന്ന നിലക്ക് കേന്ദ്രം നൽകിയ ആനുകൂല്യവും ഗുണം ചെയ്യില്ല. തിരുവനന്തപുരത്ത് രണ്ടാമത് എത്തിയ കെഎസ്ഐഡിസിയെക്കാൾ വൻ തുകയാണ് ഒന്നാമതുള്ള അദാനി നിർദ്ദേശിച്ചതെന്നാണ് വിവരം. പത്ത് ശതമാനം മാത്രമാണ് കൂടുതലെങ്കിൽ രണ്ടാമതുള്ള കെഎസ്ഐഡിസിക്ക് കരാർ കിട്ടുന്ന രീതിയിലായിരുന്നു കേന്ദ്ര ഇളവ്.

തിരുവനന്തപുരത്ത് മാത്രമല്ല മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂർ,ലഖ്നൗ, മംഗലാപുരം എന്നിവടങ്ങളിലെ ലേലത്തിലും വൻ തുക നിർദ്ദേശിച്ച് അദാനി ഒന്നാമതാണ്. രേഖകളുടെ പരിശോധനക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയായിരിക്കും. വിഴിഞ്ഞം തുറമുഖ കരാർ ലഭിച്ച അദാനിക്ക് വിമാനത്താവളത്തിൻറെ ചുമതല കൂടി കിട്ടുന്നത് ചരക്ക് നീക്കങ്ങൾക്കടക്കം വലിയ നേട്ടമാകും. ആർക്ക് നടത്തിപ്പ് കിട്ടിയാലും ശക്തമായ എതിർപ്പ് നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നേരത്തെ മുഖ്യമന്ത്രി നൽകിയിരുന്നു. എൽഡിഫ് ശക്തമായ സമരത്തിലാണ്. എന്നാൽ സർക്കാർ നിയമനടപടിക്ക് പോകാതിരുന്നതും തിരിച്ചടിയായി. ഗുവാവത്തി വിമാനത്താവളത്തിൻറെ ലേല നടപടികൾ ചില സംഘടനകൾ അവിടുത്ത ഹൈക്കോടതിയെ സമീപിച്ചതിനാൽ സ്റ്റേ ചെയ്തിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ വൽക്കരണത്തിനെതിരെ രണ്ട് യാത്രക്കാർ നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

click me!