എല്‍ഐസിക്ക് ഇന്ത്യക്കാര്‍ വക വാര്‍ഷിക സമ്മാനം 5,000 കോടി

By Web TeamFirst Published Sep 8, 2018, 2:28 AM IST
Highlights

മിക്ക ഇന്‍ഷുറന്‍സ് കമ്പനികളുടെയും 25 ശതമാനം പുതിയ പോളിസി ഹോള്‍ഡേഴ്സും ഒരു വര്‍ഷത്തിന് ശേഷം പോളിസി ഉപേക്ഷിക്കുന്നതായാണ് കണക്ക്

ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാന്‍ സമൂഹത്തിലെ വലിയ വിഭാഗത്തിനും ആവേശമാണ്. എന്നാല്‍, പലരുടെയും ആവേശം ഒരു വര്‍ഷമോ കുറച്ച് മാസങ്ങളോ പിന്നിടുമ്പോള്‍ കുറയും. പതുക്കെ പതുക്കെ പ്രീമിയം അടവുകളെയും ആവേശക്കുറവ് ബാധിക്കും. അടവ് മുടങ്ങുന്നതോടെ ഇന്‍ഷുറന്‍സ് പോളിസി തന്നെ അത്തരക്കാര്‍ക്ക് നഷ്ടമാവും.

ഇങ്ങനെ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുകയും കുറച്ചുകാലം പദ്ധതിയില്‍ തടരുകയും പിന്നീട് അടവ് മുടക്കി പരിരക്ഷ ഇല്ലാതാക്കുകയും ചെയ്യുന്ന അനവധി പേരുണ്ട് നമ്മുടെ നാട്ടില്‍. ഇത്തരക്കാര്‍ ഒരു ചെറിയ വിഭാഗമാണെന്ന് കരുതി തള്ളിക്കളയാന്‍ വരട്ടെ. ടൈംസ് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ മിക്ക ഇന്‍ഷുറന്‍സ് കമ്പനികളുടെയും 25 ശതമാനം പുതിയ പോളിസി ഹോള്‍ഡേഴ്സും ഒരു വര്‍ഷത്തിന് ശേഷം പോളിസി ഉപേക്ഷിക്കുന്നതായാണ് കണക്ക്. 

ഇങ്ങനെ ഇന്‍ഷുറന്‍സ് പോളിസികള്‍ മുടങ്ങിപ്പോകുന്നതിലൂടെ വ്യക്തികള്‍ക്കുണ്ടാവുന്ന നഷ്ടം വലുതാണ്. അത്രയും കാലം അടച്ചുകൊണ്ടിരുന്ന കമ്മീഷന്‍ ഉള്‍പ്പെടെയുളള പണവും ഏതാണ്ട് പൂര്‍ണ്ണമായും ഇതിലൂടെ നഷ്ടപ്പെടും.

 

2016 -17 വര്‍ഷത്തില്‍ എല്‍ഐസിക്ക് 22,178.15 കോടി രൂപയുടെ പ്രീമിയം പോളിസിയാണുണ്ടായിരുന്നത്. രാജ്യത്തെ മുഴുവന്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ 44 ശതമാനം വരുമിത്. ഇതില്‍ ഒരു വര്‍ഷത്തിനപ്പുറം എല്‍ഐസിക്ക് മാത്രമായി ലാപ്സായത് മൊത്തം പോളിസിയുടെ 25 ശതമാനമായ ഏകദേശം 5,000 കോടിയാണ്. 

ഇന്‍ഷുറന്‍സ് മേഖലയിലെ മറ്റൊരു സങ്കീര്‍ണ്ണമായ പ്രശ്നം ക്ലെയിം ചെയ്യാതെ രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ കിടക്കുന്ന പോളിസികളാണ്. വ്യക്തികള്‍ കൃത്യമായി പോളിസികള്‍ അടയ്ക്കുകയും കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തെങ്കിലും അവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരോട് ഇത്തരം പോളിസികളെക്കുറിച്ച് കാര്യമായെന്നും പറഞ്ഞിട്ടുണ്ടാവില്ല. ഇങ്ങനെ കാലവധി പൂര്‍ത്തിയായിട്ടും അവകാശികളില്ലാതെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ കൈവശമിരിക്കുന്ന പണം ഏകദേശം 15,000 കോടിയ്ക്ക് മുകളില്‍ വരും.  

click me!