ഇന്ധനവിലയില്‍ 3000 രൂപയുടെ വര്‍ധന; വിമാന യാത്രാനിരക്ക് കൂടിയേക്കും

By Web DeskFirst Published Oct 2, 2017, 3:28 PM IST
Highlights

ദില്ലി: വിമാനയാത്രാ നിരക്കുകളില്‍ വര്‍ധനയ്ക്കു സാഹചര്യമൊരുക്കി ഇന്ധനവില പുതുക്കി നിശ്ചയിച്ചു. വിമാന ഇന്ധനത്തിന്റെ (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ എടിഎഫ്) വില ആറു ശതമാനമാണ് വര്‍ധിപ്പിച്ചത്. ഈ വര്‍ഷം ഓഗസ്റ്റിനു ശേഷം ഇത് മൂന്നാം തവണയാണ് എടിഎഫിന് വില കൂട്ടുന്നത്.

പുതിയ നിരക്കനുസരിച്ച് 3000 രൂപയുടെ വ്യത്യാസമാണ് അനുഭവപ്പെടുക. ഡല്‍ഹിയില്‍ പുതുക്കിയ ഇന്ധനവില കിലോലീറ്ററിന് 53,045 രൂപയാണ്. നേരത്തെ, 50.020 രൂപയായിരുന്നെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. സെപ്റ്റംബറില്‍ നാലു ശതമാനം (1,910 രൂപ) വില വര്‍ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനയെ മറികടക്കാന്‍ വിമാന കമ്പനികള്‍ യാത്രാനിരക്കുകള്‍ കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

2018 മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പാചകവാതകത്തിനും ഗണ്യമായ തോതില്‍ വില കൂട്ടിയിരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറൊന്നിനു 49 രൂപയും വാണിജ്യാവശ്യത്തിനുള്ളവയ്ക്ക് 78 രൂപയുമാണു കൂട്ടിയത്. 

click me!