അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 100 ഡോളർ കടന്നെങ്കിലും, ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര സർക്കാർ സൂചന നൽകുന്നു. എണ്ണക്കമ്പനികൾക്ക് ഇത് തിരിച്ചടിയാകുമെങ്കിലും, എൽപിജി മേഖലയിലെ ക്ഷാമം ഒഴിവാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്.

ദില്ലി: അസംസ്കൃത എണ്ണയുടെ വില ബാരലിന് 100 ഡോളർ കടന്നെങ്കിലും പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ കടന്ന സാഹചര്യത്തിലാണ് വിശദീകരണം. നാല് വർഷത്തിന് ശേഷം ആദ്യമായാണ് വില ഇത്തരത്തിൽ ഉയരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ എണ്ണവില സ്ഥിരതയിലാണ് തുടരുന്നത്. അതേസമയം, പാചകവാതകയിൽ ചാഞ്ചാട്ടം തുടരുന്നു. എണ്ണവില കുതിച്ചുയരുന്നത് മൂലം ഒഎംസികൾക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നും അതേസമയം, മാന്ദ്യകാലത്തെ നഷ്ടം നികത്തുമെന്നും അവർ ഉറപ്പ് നൽകി. നിലവിൽ എണ്ണ സ്റ്റോക്കിൽ ആശങ്കപ്പെടാനില്ല. യുദ്ധം ഒരു മാസത്തിലധികം നീണ്ടുനിൽക്കുകയോ എണ്ണവില ബാരലിന് 128 ഡോളർ കടക്കുകയോ ചെയ്തില്ലെങ്കിൽ ആശങ്കപ്പെടാനില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

അടിയന്തരമായി അസംസ്കൃത എണ്ണയുടെ കരുതൽ ശേഖരം ജി 7 വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. അതേസമയം, ആഗോള എണ്ണ ശേഖരത്തിന്റെ 4.5 ശതമാനം, അതായത് 400 ദശലക്ഷം ബാരൽ, ജി 7 അനുവദിച്ചതോടെ ബാരൽ വിലയിൽ കുറവുണ്ടായി. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് പുരി തിങ്കളാഴ്ച അന്താരാഷ്ട്ര ഊർജ്ജ ഏജൻസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, എൽപിജി മേഖലയിലെ സ്ഥിതി ആശങ്കയുളവാക്കുന്നതാണ്. ക്ഷാമം അനുഭവപ്പെടുന്നതിനാൽ പൂഴ്ത്തിവയ്പ്പ് ഒഴിവാക്കാൻ ഗാർഹിക ഗ്യാസ് സിലിണ്ടർ ബുക്കിംഗിനായുള്ള സമയം 21 ദിവസത്തിൽ നിന്ന് 25 ദിവസമായി സർക്കാർ വർദ്ധിപ്പിച്ചു. 25 ദിവസത്തെ ക്രൂഡ് ഓയിൽ ശേഖരവും 25 ദിവസത്തെ ഉൽപ്പന്ന ശേഖരവും തങ്ങളുടെ പക്കലുണ്ടെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.