തോറ്റിട്ടില്ല, പുതിയ അങ്കത്തിന് അറ്റലസ് രാമചന്ദ്രന്‍

Web Desk |  
Published : Jun 14, 2018, 01:56 PM ISTUpdated : Oct 02, 2018, 06:34 AM IST
തോറ്റിട്ടില്ല, പുതിയ അങ്കത്തിന് അറ്റലസ് രാമചന്ദ്രന്‍

Synopsis

ആത്മവിശ്വാസത്തോടെ അറ്റ്ലസ് രാമചന്ദ്രന്‍ മുന്നോട്ട് ജനകോടികളുടെ വിശ്വാസം ഇപ്പോഴും എന്‍റെ കൂടെയുണ്ട് 

ജയില്‍ മോചനശേഷം രാമചന്ദ്രന്‍

'90 കളില്‍ പെട്ടെന്ന് കുവൈറ്റ് യുദ്ധമുണ്ടായതിനെ തുടര്‍ന്ന് നഷ്ടങ്ങള്‍ ഒരുപാട് സംഭിച്ചതാണ് ഞങ്ങള്‍ക്ക് എന്നിട്ടും ശക്തമായി തിരിച്ചുവരാന്‍ അറ്റ്ലസ് ഗ്രൂപ്പിന് സാധിച്ചു. ഇപ്പോഴുളള തളര്‍ച്ചയില്‍ നിന്നും ഞങ്ങള്‍ അതെപോലെ ഉയര്‍ന്നുവരും. അറ്റ്ലസ് ഗ്രൂപ്പിന്‍റെ ഭാവിയെപ്പറ്റി പറയുമ്പോള്‍ രാമചന്ദ്രന്‍റെ മുഖത്തെ ആത്മവിശ്വാസം വളരെ ഉയര്‍ന്നതാണ്. അറ്റ്ലസ് ഗ്രൂപ്പ് ശക്തമായ മൂന്നാം വരവ് നടത്തുമെന്ന സൂചനകളാണ് അദ്ദേഹം ലോകത്തോട് പങ്കുവയ്ക്കുന്നത്. എല്ലാ കടങ്ങളും ഉടനെ സെറ്റില്‍ ചെയ്യണം, അന്ന് കുറച്ചുകൂടി സമയം ലഭിച്ചിരുന്നെങ്കില്‍ എനിക്ക് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമായിരുന്നു കാരണം, എനിക്ക് കടത്തേക്കാള്‍ ഉയര്‍ന്ന ആസ്തിയുണ്ടായിരുന്നു. ഞാന്‍ എപ്പോഴും മുന്നോട്ട് മാത്രമാണ് നോക്കുന്നത്. 

ജനകോടികളുടെ വിശ്വാസം എന്‍റെ കൂടെയുണ്ട് 

നമ്മള്‍ ജോലി ചെയ്യുമ്പോള്‍ ചിലത് വിജയിക്കും ചിലത് പരാജയപ്പെടും പരാജയം അവസാനമല്ലല്ലോ. മൂന്ന് വര്‍ഷത്തെ ജയില്‍ വാസത്തിനിടെ എനിക്ക് പലതും അവര്‍ നിഷേധിച്ചു, അതിനാല്‍ പുതിയ ദിനങ്ങളെ ഞാന്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. 

എന്‍റെ ബിസിനസിന് 5000 കോടിയുടെ വാര്‍ഷിക വിറ്റുവരവുണ്ടായിരുന്നതാണ്. ബിസിനസ് നഷ്ടത്തിലായതിന് കാരണം നോട്ടക്കുറവായിരുന്നു. ബിസിനസിന്‍റെ വളവും തിരിവും അറിയാത്ത ആളായിരുന്നു ഭാര്യ ഇന്ദിര, അവള്‍ എനിക്ക് ആത്മവിശ്വാസം തന്നതിനൊപ്പം എല്ലാം നന്നായി നോക്കി നടത്തി.

പലതും നഷ്ടപ്പെട്ടിട്ടും എനിക്ക് കയറിച്ചെല്ലാനുളള വീട് നഷ്ടപ്പെട്ടിട്ടില്ല

ഭാര്യയെ ബിസിനസില്‍ കുറച്ചുകൂടി പങ്കെടുപ്പിച്ചുകൊണ്ട് ജനകോടികള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ ഇനി ഞാന്‍ മുന്നോട്ട് പോകും. മൂന്ന് വര്‍ഷത്തെ ജയില്‍ വാസത്തിന് എം എം രാമചന്ദ്രനിലെ ബിസിനസുകാരനെ ഒട്ടും തളര്‍ത്താനായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്‍റെ ഓരോ വാക്കുകളും. രാമചന്ദ്രനെന്ന അനുഭവ സമ്പത്തുളള ബിസിനസുകാരന്‍റെ വാക്കുകളിലെ നിന്ന് മൂന്നാം വരവില്‍ അറ്റ്ലസ് ഗ്രൂപ്പിന് കരുത്ത് കൂടുമെന്ന് ഉറപ്പാണ്, കാരണം അറ്റ്ലസും രാമചന്ദ്രനും രണ്ടല്ല ഒന്നാണ്. 

 അറ്റ്ലസിനെ സ്നേഹിച്ച മലയാളി

"ജനകോടികളുടെ വിശ്വസ്ത സ്ഥാപനം" ഈ പരസ്യ വാചകങ്ങള്‍ എവിടെ കേട്ടാലും പ്രായഭേദമെന്യേ ഏതൊരു മലയാളിയുടെയും മനസില്‍ ആ മനുഷ്യന്‍റെ രൂപം അറിയാതെ കടന്നുവരും. കോട്ടും സ്യൂട്ടുമണിഞ്ഞ് ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്ന അറ്റ്ലസ് രാമചന്ദ്രന് ഒരു കാലത്ത് മലയാളിയുടെ സ്വീകരണ മുറിയില്‍ മറ്റേതൊരു ടെലിവിഷന്‍ താരത്തെക്കാളും സ്ഥാനമുണ്ടായിരുന്നു. കേവലമൊരു ബിസിനസുകാരന്‍ മാത്രമായിരുന്നില്ല എം എം രാമചന്ദ്രനെന്ന മതുക്കര മൂത്തേടത്ത് രാമചന്ദ്രന്‍. നടന്‍, സംവിധായകന്‍, പ്രൊഡ്യൂസര്‍, വിതരണക്കാരന്‍ അങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും അദ്ദേഹത്തിന്‍റെ സാന്നിധ്യമെത്തി. 

സിനിമ മേഖലയില്‍ നിന്ന് ലഭിച്ച ഈ അനുഭവ പരിചയമാവാം സിനിമ - മോഡലിംഗ് മേഖലകളില്‍ നിന്നുളള താരങ്ങളെ പരമാവധി ഒഴിവാക്കി അറ്റ്‌ലസിന്‍റെ പരസ്യങ്ങളില്‍ സ്വയം പ്രത്യക്ഷപ്പെടാനുളള ആത്മവിശ്വാസം അദ്ദേഹത്തിന് നല്‍കിയത്. സിനിമ മേഖലയാണോ അതോ ബിസിനസാണോ കൂടുതല്‍ ഇഷ്ടമെന്ന് രാമചന്ദ്രനോട് ചോദിച്ചാല്‍ രണ്ടും ഒരുപോലെയെന്നാവും ചിരിച്ചു കൊണ്ടുളള മറുപടിയെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ട്. 

രാമചന്ദ്രന്‍റെ അറ്റ്‌ലസ് ഗ്രൂപ്പ്

തൃശ്ശൂരില്‍ ബാങ്ക് ജീവനക്കാരനായിട്ടാണ് രാമചന്ദ്രന്‍ തന്‍റെ ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് എഴുപതുകളില്‍ കുവൈറ്റിലേക്ക് തന്‍റെ ഔദ്യോഗിക ജീവിതം അദ്ദേഹം പറിച്ചുനട്ടു. എണ്‍പതുകളിലാണ് രാമചന്ദ്രന്‍ സ്വര്‍ണ്ണ വ്യവസായത്തിലേക്കിറങ്ങുന്നത്. അറ്റ്ലസ് എന്ന പേരിലുളള ജൂലറി ശൃഖലയുടെ ജനനം കുവൈറ്റില്‍ നിന്നായിരുന്നു. ജ്വല്ലറിക്ക് അറ്റ്ലസ് എന്ന പേര് നല്‍കിയത് ഒരു പാലസ്തീനിയായിരുന്നു. ആ രസകരമായ കഥ ഇങ്ങനെയാണ്. രാമചന്ദ്രന്‍ ജ്വല്ലറിക്ക് നല്‍കാനായി ഒരു മലയാളിത്ത്വം തുളുമ്പുന്ന പേരാണ് ആദ്യം തിരഞ്ഞെടുത്തത്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കുവൈറ്റ് വാണിജ്യ മന്ത്രാലയത്തിലെത്തിയ അദ്ദേഹത്തിന്‍റെ മനസ്സിലുണ്ടായിരുന്ന പേരുകളെല്ലാം പലസ്തീനിയായ ഉദ്യോഗസ്ഥന്‍ തള്ളിക്കളയുകയും അറ്റ്ലസ് എന്ന പേര് സ്ഥാപനത്തിന് നിര്‍ദ്ദേശിക്കുകയുമായിരുന്നു. 

കുവൈറ്റ് യുദ്ധത്തെത്തുടര്‍ന്ന് 1990 ല്‍ ജ്വല്ലറി ദുബായിലേക്ക് മാറ്റേണ്ടിവന്നു 

അവിടം മുതലാണ് അറ്റ്ലസ് ഒരു ജ്വല്ലറി ബ്രാന്‍ഡ് എന്ന നിലയിലുളള ശക്തമായ വളര്‍ച്ച ആരംഭിച്ചത്. സൗദി അറേബ്യ, കുവൈറ്റ്, യുഎഇ തുടങ്ങി ഗള്‍ഫ് രാജ്യങ്ങളുടെ ആഭരണ വ്യാപാര മേഖലയില്‍ കുറഞ്ഞകാലം കൊണ്ട് അറ്റ്ലസ് തങ്ങളുടെ ബിസിനസ് ശൃംഖല വ്യാപിപ്പിച്ചു. പ്രതാപ കാലത്ത് അറ്റ്ലസ്സിന് ഗള്‍ഫിലും കേരളമടക്കം 50 ല്‍ കൂടുതല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ തുറക്കാനായി. തുറന്നവയെല്ലാം വലിയ വിജയവും നേടി. അതോടെ രാമചന്ദ്രന്‍റെ പേരിനോടൊപ്പം അദ്ദേഹത്തിന്‍റെ ബിസിനസ് ഗ്രൂപ്പിന്‍റെ പേര് കൂടി ചേര്‍ക്കപ്പെട്ടു. അങ്ങനെ എം എം രാമചന്ദ്രന്‍ അറ്റ്ലസ് രാമചന്ദ്രനായി മാറി.   

മറ്റ് ബിസിനസുകളിലേക്ക്

ജ്വല്ലറി മേഖലയില്‍ വളരുന്നതിനൊപ്പം അറ്റ്ലസ് മറ്റ് ബിസിനസുകളിലും നിക്ഷേപമിറക്കി. ഹെല്‍ത്ത് കെയര്‍, മള്‍ട്ടിമീഡിയ, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയാണ് രാമചന്ദ്രന്‍ സജീവമായ മറ്റ് ബിസിനസുകള്‍. ഒമാനിലാണ് അറ്റ്ലസ് ഹെല്‍ത്ത് കെയര്‍ തുടങ്ങിയത്. ദുബായില്‍ സിനിമ നിര്‍മ്മാണത്തിനുതകുന്ന എല്ലാ സൗകര്യവുമുളള അറ്റ്ലസ് സ്റ്റുഡിയോയും ഗ്രൂപ്പ് സ്ഥാപിച്ചു. ഇതോടെ അദ്ദേഹത്തിന്‍റെ സിനിമ നിര്‍മ്മാണ മേഖലയിലുളള ഇടപെടലുകളും വര്‍ദ്ധിച്ചു. അറ്റ്ലസ് ഗ്രൂപ്പിന്‍റെ മൂല്യമായി കണക്കാക്കുന്നത് ഒരു ബില്യണ്‍ ഡോളറിലുമേറെയാണ് 

അറ്റ്ലസ് രാമചന്ദ്രന്‍ വീഴുന്നു

ബിസിനസ് ആവശ്യങ്ങള്‍ക്കായി 1,000 കോടി രൂപ വിവിധ ബാങ്കുകളില്‍ നിന്ന് രാമചന്ദ്രന്‍ ലോണെടുത്തു. ലോണിന്‍റെ തിരിച്ചടവ് മുടങ്ങുകയും ചെയ്തു. തുടര്‍ന്ന്, ലോണിനായി ബാങ്കുകളില്‍ സമര്‍പ്പിച്ചിരുന്ന അഞ്ചു കോടി ദിര്‍ഹത്തിന്‍റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട് ആറ് കേസുകള്‍ ദുബായില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. യുഎഇയിലുളള പതിനഞ്ച് ബാങ്കുകള്‍ക്ക് പുറമേ ദുബായിയില്‍ ശാഖയുളള ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും ലോണെടുത്തിരുന്നു. വായ്പ തിരിച്ചടവില്‍ രാമചന്ദ്രനുമായി ബന്ധപ്പെടാന്‍ ബാങ്കുകള്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. പിന്നീട്, ബാങ്കുകള്‍ യോഗം ചേര്‍ന്ന് പരാതിയുമായി യുഎഇ സെന്‍ട്രല്‍ ബാങ്കിന് മുന്‍പിലെത്തിയതാണ് രാമചന്ദ്രന്‍റെ അറസ്റ്റിലേക്ക് നയിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട ദുബായ് പോലീസിന്‍റെ കുറ്റപത്രത്തെത്തുടര്‍ന്ന് കോടതി രാമചന്ദ്രനെ തടവിന് വിധിക്കുകയായിരുന്നു. 

ഒടുവില്‍ മോചനം

രാമചന്ദ്രനെക്കൂടാതെ മരുമകനെയും മകളെയും കോടതി ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. മകള്‍ പിന്നീട് കടുത്ത ജാമ്യവ്യവസ്ഥകളോടെ മോചിതയായി. കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്വത്തുക്കള്‍ നല്‍കി രാമചന്ദ്രനെയും മകളുടെ ഭര്‍ത്താവ് അരുണിനെയും മോചിപ്പിക്കാന്‍ ഭാര്യ ഇന്ദിര രാമചന്ദ്രന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഒടുവില്‍ സ്വത്തുക്കള്‍ ബാങ്കുകളെ ഏല്‍പ്പിച്ച് അവരുടെ കണ്‍സോഷ്യത്തിലൂടെ തുക തിരിച്ചടയ്ക്കാന്‍ ധാരണയിലെത്തിയത് രാമചന്ദ്രന്‍റെ മോചന സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചു. സ്വര്‍ണ്ണ വാങ്ങാന്‍ വായ്പ നല്‍കിയ വ്യക്തി നല്‍കിയ കേസ് മാത്രമാണ് പിന്നീട് ശേഷിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് നാളുകളിലായി നടന്ന ചര്‍ച്ചയില്‍ അതിലും ധാരണയെത്തിയതോടെയാണ് ജയില്‍ മോചനം എല്ലാ അര്‍ഥത്തിലും സാധ്യമായത്. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

Gold Rate Today: ഒടുവിൽ വീണു! രാവിലെ റെക്കോർഡ് വില, വൈകുന്നേരം നിരക്ക് കുറഞ്ഞു
സ്വർണവില ഇനി ഒരു ലക്ഷത്തിൽ കുറയില്ലേ? റെക്കോർഡുകൾ തകരാനുള്ള കാരണങ്ങൾ