ടേം ഇന്‍ഷുറന്‍സ് നിങ്ങളുടെ അഭാവത്തില്‍ കുടുംബത്തിന് സാമ്പത്തിക സുരക്ഷ നല്‍കുമെങ്കിലും ഇത് മാത്രം മതിയാവില്ല. മാരകരോഗങ്ങള്‍, ചികിത്സാച്ചെലവുകള്‍ എന്നിവയ്ക്ക് പരിരക്ഷയില്ലാത്തതിനാല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സും അനുയോജ്യമായ റൈഡറുകളും അത്യാവശ്യമാണ്.
ജീവിതത്തില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബത്തെ സാമ്പത്തികമായി സംരക്ഷിക്കാന്‍ ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗമാണ് ടേം ഇന്‍ഷുറന്‍സ്. കുറഞ്ഞ പ്രീമിയത്തില്‍ വലിയൊരു തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ജോലി ചെയ്യുന്ന ഏതൊരാള്‍ക്കും ടേം പ്ലാനുകള്‍ അനുയോജ്യമാണ്. എന്നാല്‍, ടേം ഇന്‍ഷുറന്‍സ് മാത്രം എടുത്തതുകൊണ്ട് നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്ലാനിങ് പൂര്‍ണ്ണമാകുമോ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
എന്താണ് ടേം ഇന്‍ഷുറന്‍സ് നല്‍കുന്ന പരിരക്ഷ?
നിങ്ങളുടെ അഭാവത്തില്‍ കുടുംബത്തിന്റെ വരുമാനം നിലച്ചുപോകാതിരിക്കാനാണ് ഒരു 'പ്യൂര്‍ ടേം പ്ലാന്‍' സഹായിക്കുന്നത്. വീട് നിര്‍മ്മാണത്തിനുള്ള ഇഎംഐ, കുട്ടികളുടെ പഠനച്ചെലവ്, ദൈനംദിന ചെലവുകള്‍ എന്നിവയെല്ലാം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്‍ഷുറന്‍സ് തുക സഹായിക്കും. ഈ തുകയ്ക്ക് നികുതി ഇളവുമുണ്ട്.
ഓര്‍ക്കുക: ഇതൊരു നിക്ഷേപമല്ല, മറിച്ച് ഒരു സുരക്ഷാ കവചം മാത്രമാണ്. കാലാവധിക്ക് ശേഷം ഇതില്‍ നിന്ന് തുകയൊന്നും തിരികെ ലഭിക്കില്ല. കൂടാതെ ആശുപത്രി ചെലവുകള്‍ക്കോ ചികിത്സക്കോ ഈ പ്ലാന്‍ പ്രകാരം സഹായം ലഭിക്കില്ല.
എത്ര തുകയുടെ പോളിസി വേണം?
50 ലക്ഷം രൂപയുടെ പോളിസി എന്നത് കേള്‍ക്കുമ്പോള്‍ വലിയ തുകയായി തോന്നാമെങ്കിലും ഇന്നത്തെ കാലത്ത് അത് മതിയാകില്ല. നിങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ 10 മുതല്‍ 15 മടങ്ങ് വരെ തുകയുടെ ഇന്‍ഷുറന്‍സ് എടുക്കുന്നതാണ് ഉചിതം. നിലവിലുള്ള കടബാധ്യതകളും ഭാവിയിലെ ആവശ്യങ്ങളും കണക്കിലെടുത്ത് വേണം ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കാന്‍.
ടേം ഇന്‍ഷുറന്‍സിന്റെ പരിമിതികള്‍
ഒരു മാരക രോഗം ബാധിക്കുകയും എന്നാല്‍ മരണപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ടേം ഇന്‍ഷുറന്‍സ് കൊണ്ട് ഗുണമില്ല. ചികിത്സാ ചെലവുകള്‍ കൂടുന്ന സാഹചര്യത്തില്‍ ടേം പ്ലാന്‍ മാത്രം ആശ്രയിക്കുന്നത് നിങ്ങളുടെ സമ്പാദ്യം ചോരാന്‍ ഇടയാക്കും. അതുപോലെ ജോലി ചെയ്യാന്‍ കഴിയാത്ത വിധം വൈകല്യങ്ങള്‍ സംഭവിച്ചാലും പ്രത്യേക റൈഡറുകള്‍ ഇല്ലെങ്കില്‍ പണം ലഭിക്കില്ല.
കൂട്ടിന് വേണം മറ്റ് പോളിസികളും
ടേം ഇന്‍ഷുറന്‍സിന് പുറമെ താഴെ പറയുന്നവ കൂടി ഉണ്ടെന്ന് ഉറപ്പാക്കുക:
ഫാമിലി ഫ്‌ലോട്ടര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്: കുടുംബാംഗങ്ങള്‍ക്കെല്ലാം ചികിത്സാ സഹായം ഉറപ്പാക്കാന്‍ ഇത് അത്യാവശ്യമാണ്.
റൈഡറുകള്‍: മാരക രോഗങ്ങള്‍ , അപകടം മൂലമുള്ള വൈകല്യങ്ങള്‍ എന്നിവയ്ക്ക് പരിരക്ഷ നല്‍കുന്ന റൈഡറുകള്‍ ടേം പ്ലാനിനൊപ്പം ചേര്‍ക്കാം.
നിക്ഷേപവും ഇന്‍ഷുറന്‍സും കലര്‍ത്തരുത്: ഇന്‍ഷുറന്‍സിനെ സുരക്ഷയായി മാത്രം കാണുക. നിക്ഷേപത്തിനായി മ്യൂച്വല്‍ ഫണ്ടുകളോ മറ്റ് മാര്‍ഗങ്ങളോ തിരഞ്ഞെടുക്കുന്നതാണ് ലാഭകരം.
ജോലിസ്ഥലത്തെ ഇന്‍ഷുറന്‍സ് മതിയോ?
പല കമ്പനികളും ജീവനക്കാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് നല്‍കാറുണ്ട്. എന്നാല്‍ ജോലി മാറുന്ന സമയത്ത് ഈ സുരക്ഷ ഇല്ലാതാകുന്നു. കൂടാതെ ഈ തുക പലപ്പോഴും നിങ്ങളുടെ കുടുംബത്തിന്റെ ഭാവി ആവശ്യങ്ങള്‍ക്ക് തികയണമെന്നില്ല. അതിനാല്‍ സ്വന്തമായി ഒരു ടേം പ്ലാന്‍ ഉള്ളത് എപ്പോഴും നല്ലതാണ്.


