കാര്‍ഡ് ഇടാതെ പണം നല്‍കുന്നു; എ.ടി.എം സംവിധാനത്തില്‍ ഗുരുതര തകരാറ്

By Web DeskFirst Published Apr 8, 2017, 7:38 AM IST
Highlights

മുംബൈ: വിവിധ ബാങ്കുകളുടെ പത്തോളം എ.ടി.എമ്മുകളില്‍ ഗുരുതരമായ സോഫ്റ്റ്‍വെയര്‍ തകരാര്‍ കണ്ടെത്തി. കാര്‍ഡ് ഇടാതെ പണം നല്‍കുന്ന തരത്തില്‍ എം.ടി.എമ്മുകളിലെ സോഫ്റ്റ്‍വെയര്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. ഒഡിഷ, ജാര്‍ഘണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്തരം ക്രമേക്കേടുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ എസ്.ബി.ഐ എ.ടി.എം സുരക്ഷാ ഓഡിറ്റ് പ്രഖ്യാപിച്ചു.

കാര്‍ഡൊന്നും നല്‍കാതെ തന്നെ പണം ലഭിക്കുന്ന തരത്തില്‍ എ.ടി.എമ്മുകളിലെ സോഫ്റ്റ്‍വെയറില്‍ മാല്‍വെയറലുകളോ വൈറസുകളോ കടത്തിയാണ് തട്ടിപ്പ് നടന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള  കാവല്‍കാരില്ലാത്ത എ.ടി.എമ്മുകളാണ് ആക്രമിക്കപ്പെട്ടത്. പ്രത്യേക താക്കോല്‍ ഉപയോഗിച്ച് എ.ടി.എമ്മുകളുടെ പുറം കവര്‍ തുറന്ന ശേഷമാണ് ഇത്തരം സോഫ്റ്റ്‍വെയറുകള്‍ കടത്തിവിടുന്നത്. എ.ടി.എമ്മിലെ യു.എസ്.ബി പോര്‍ട്ടിലൂടെ പെന്‍ഡ്രൈവോ അല്ലെങ്കില്‍ കേബിളുകള്‍ വഴി മൊബൈല്‍ ഫോണ്‍, ലാപ്‍ടോപ് തുടങ്ങിയ ഉപകരണങ്ങള്‍ ഘടിപ്പിച്ചോ ശേഷമാണ് മാല്‍വെയറുകള്‍ മെഷീനില്‍ കടത്തുന്നത്. ഇത്തരം സോഫ്റ്റ്‍വെയറുകള്‍ മെഷീനില്‍ കടത്താനായാല്‍ പിന്നീട് മറ്റൊരു സ്ഥലത്ത് നിന്ന് തന്നെ എ.ടി.എം പ്രവര്‍ത്തിപ്പിക്കാനും പുറമെ നിന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കി കാര്‍ഡ് ഇടാതെ പണം എടുക്കാനും കഴിയുമെന്ന് വിദഗ്ദര്‍ പറയുന്നു. ചില മെഷീനുകളില്‍ മാത്രമാണ് ഇത്തരം ആക്രമണമുണ്ടായതെന്നും എ.ടി.എം നെറ്റ്‍വര്‍ക്കില്‍ തകരാറൊന്നും സംഭവിച്ചിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ വിശദീകരിക്കുന്നുണ്ട്.

സംഭവം റിസര്‍വ് ബാങ്കും നിരീക്ഷിച്ച് വരികയാണ്. മെഷീനുകളുടെ സുരക്ഷക്ക് എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ബാങ്കുകള്‍ സ്വീകരിക്കുകയെന്ന് പരിശോധിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷനുമായി സഹകരിച്ചാണ് റിസര്‍വ് ബാങ്ക് പരിശോധനകള്‍ നടത്തുന്നത്. ഒരു മെഷീനില്‍ പരമാവധി പത്ത് ലക്ഷം രൂപ വരെ മാത്രം സൂക്ഷിക്കുന്നതിനാല്‍ ബാങ്കുകള്‍ക്ക് വലിയ നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിശദീകരണം. കാര്‍ഡുകള്‍ ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് പണം നഷ്ടമായിട്ടുമില്ല. പല ബാങ്കുകളുടെയും എ.ടി.എം മെഷീനുകളും ഇപ്പോഴും വിന്‍ഡോസ് എക്സ്.പി ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ നിര്‍മ്മാതാക്കളായ മൈക്രോസോഫ്റ്റ് അപ്ഡേറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിയിരുന്നു. പല ബാങ്കുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റവും ആന്റിവൈറസ് സോഫ്റ്റ്‍വെയ്റുകളും കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യാറില്ല. എന്നാല്‍ ഏറ്റവും ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന തട്ടിപ്പുകാര്‍ക്ക് ജോലി എളുപ്പമാകും.

എ.ടി.എം സംവിധാനത്തിലെ ഇത്തരത്തിലുള്ള സാങ്കേതിക പിഴവുകള്‍ സമര്‍ത്ഥമായി ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകള്‍ രാജ്യത്ത് വ്യാപകമായി മാറുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

click me!