2026-ഓടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5,000 ഡോളര്‍ (ഏകദേശം 4.2 ലക്ഷം രൂപ) കടന്നേക്കുമെന്ന് ജെ.പി മോര്‍ഗന്‍, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ പ്രവചിക്കുന്നു.

നിക്ഷേപകര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ നെഞ്ചിടിപ്പേറ്റി സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക്. 1979-ലെ എണ്ണപ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പിനാണ് 2025 സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണവില ഇരട്ടിയായി വര്‍ധിച്ചെങ്കിലും, ഈ കുതിപ്പ് ഇവിടെയൊന്നും അവസാനിക്കില്ലെന്നാണ് രാജ്യാന്തര വിപണിയിലെ വിദഗ്ധര്‍ നല്‍കുന്ന സൂചന. 2026-ഓടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5,000 ഡോളര്‍ (ഏകദേശം 4.2 ലക്ഷം രൂപ) കടന്നേക്കുമെന്ന് ജെ.പി മോര്‍ഗന്‍, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ പ്രവചിക്കുന്നു. നിലവില്‍ ഔണ്‍സിന് 4,300 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്.

കുതിപ്പിന് പിന്നിലെ പ്രധാന കാരണങ്ങള്‍:

യുദ്ധഭീതിയും അനിശ്ചിതത്വവും: യുക്രെയ്ന്‍-റഷ്യ യുദ്ധം കടുക്കുന്നതും നാറ്റോ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള അസ്വാരസ്യങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു.

അമേരിക്കന്‍ നയങ്ങള്‍: യുഎസ് ഡോളറിന്റെ മൂല്യത്തില്‍ വരുന്ന മാറ്റങ്ങളും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് സംബന്ധിച്ച ആശങ്കകളും സ്വര്‍ണത്തിന് അനുകൂലമായി.

ബാങ്കുകളുടെ സ്വര്‍ണശേഖരം: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ തങ്ങളുടെ കരുതല്‍ ധനശേഖരത്തിന്റെ ഭാഗമായി വന്‍തോതില്‍ സ്വര്‍ണം വാങ്ങി കൂട്ടുന്നത് വില കുറയാതെ പിടിച്ചുനിര്‍ത്തുന്നു.

പുതിയ നിക്ഷേപകര്‍: ക്രിപ്‌റ്റോ കറന്‍സി രംഗത്തെ പ്രമുഖരായ 'ടെതര്‍' പോലുള്ള കമ്പനികള്‍ പോലും വന്‍തോതില്‍ സ്വര്‍ണം വാങ്ങിത്തുടങ്ങിയത് വിപണിയില്‍ പുതിയ ചലനങ്ങളുണ്ടാക്കി.

ആശങ്കയായി വിപണിയിലെ 'കുമിള'

ഓഹരി വിപണിയും സ്വര്‍ണവിലയും ഒരേപോലെ കുതിച്ചുയരുന്നത് കഴിഞ്ഞ 50 വര്‍ഷത്തിനിടെ ആദ്യമായാണ്. ഇത് വിപണിയില്‍ ഒരു 'പ്രൈസ് ബബിള്‍' (കുമിള) ഉണ്ടാക്കിയിട്ടുണ്ടോ എന്ന് ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ്മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓഹരി വിപണിയില്‍ പെട്ടെന്നൊരു തകര്‍ച്ചയുണ്ടായാല്‍ നിക്ഷേപകര്‍ പണത്തിനായി സ്വര്‍ണം വിറ്റഴിക്കാന്‍ സാധ്യതയുള്ളത് വിലയില്‍ നേരിയ തിരുത്തലുകള്‍ക്ക് കാരണമായേക്കാം.

ആഭരണ വിപണിയില്‍ മങ്ങല്‍

സ്വര്‍ണവില താങ്ങാനാവാത്ത ഉയരത്തിലെത്തിയത് ആഭരണ വിപണിയില്‍ തിരിച്ചടിയുണ്ടായിട്ടുണ്ട്. കഴിഞ്ഞ പാദത്തില്‍ ആഭരണങ്ങള്‍ക്കായുള്ള ആവശ്യം 23 ശതമാനം ഇടിഞ്ഞു. എന്നാല്‍, സ്വര്‍ണ നാണയങ്ങളായും കട്ടകളായും വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. സാധാരണക്കാര്‍ ആഭരണങ്ങളില്‍ നിന്ന് നിക്ഷേപമെന്ന നിലയിലേക്ക് സ്വര്‍ണത്തെ കാണാന്‍ തുടങ്ങിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ചുരുക്കത്തില്‍, വിലയില്‍ ചെറിയ മാറ്റങ്ങള്‍ ഇടയ്ക്കിടെ ഉണ്ടായേക്കാമെങ്കിലും വരും വര്‍ഷങ്ങളിലും സ്വര്‍ണം അതിന്റെ തിളക്കം നിലനിര്‍ത്തുമെന്ന് തന്നെയാണ് വിപണി നല്‍കുന്ന സൂചന.