സേവിങ്സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശ കുറയ്ക്കുമെന്ന് സൂചന

By Web DeskFirst Published Dec 28, 2016, 7:44 AM IST
Highlights

നവംബര്‍ എട്ടിന് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ വലിയ തോതില്‍ ബാങ്കുകളിലേക്ക് പണം എത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. അഞ്ച് വര്‍ഷം മുമ്പ് പലിശ നിരക്കുകളിലെ നിയന്ത്രണം റിസര്‍വ് ബാങ്ക് എടുത്ത് കളഞ്ഞതിന് ശേഷം ആദ്യമായാണ് ഇത്തരമൊരും നടപടി. വായ്പ പലിശ നിരക്കും വൈകാതെ കുറയ്ക്കുമെന്നാണ് കരുതുന്നത്. ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് ബാങ്കിങ് രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നു. ഇപ്പോള്‍ നാല് ശതമാനമാണ് സേവിങ്സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ പലിശ നല്‍കുന്നത്. ഇതില്‍ 50 ബേസിസ് പോയിന്റുകളുടെ കുറവായിരിക്കും ഉണ്ടാവുകയെന്നാണ് സൂചന. 

1997ല്‍ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഒഴികെയുള്ള എല്ലാ പലിശ നിരക്കുകളും സ്വന്തം നിലയ്ക്ക് നിര്‍ണ്ണയിക്കാന്‍ റിസര്‍വ് ബാങ്ക്, ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതിന് ശേഷം 2011 ഒക്ടോബറിലാണ് സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിര്‍ണ്ണയവും ബാങ്കുകള്‍ക്ക് വിട്ടുകൊടുത്തത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നാല് ശതമാനമെന്ന ഏകീകൃത നിരക്കും അതിന് മുകളില്‍ വ്യത്യസ്ഥ നിരക്കുകളുമാണ് നല്‍കുന്നത്.

click me!