ആദ്യമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍

By Web DeskFirst Published Oct 25, 2017, 7:55 PM IST
Highlights

ശരിയായി മനസിലാക്കാതെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍, പിന്നീട് വലിയ ബാധ്യതയായി മാറും. നിങ്ങളുടെ സമ്പത്ത് കൃത്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍, ഒരിക്കലും ക്രെഡിറ്റ് കാര്‍ഡ് എടുക്കരുതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡിന്റെ പേമെന്റ് കൃത്യസമയത്ത് നടത്താനായില്ലെങ്കില്‍, വന്‍ തുക പിഴ ഒടുക്കേണ്ടിവരും. എന്നാല്‍ നന്നായി ഉപയോഗിക്കാന്‍ സാധിക്കുന്നവര്‍ക്ക് ഒരു അനുഗ്രഹം തന്നെയാണ് ക്രെഡിറ്റ് കാര്‍ഡ്. ഇവിടെയിതാ, ആദ്യമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന ചില ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1, സുരക്ഷ...

ഡെബിറ്റ് കാര്‍ഡിനേക്കാള്‍ സുരക്ഷിതമാണ് ക്രെഡിറ്റ് കാര്‍ഡ്. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ വളരെ കുറവായിരിക്കും. തികവേറിയതും അതീവ സുരക്ഷിതവുമായ പാസ്‌വേഡ് സംവിധാനമാണ് ക്രെഡിറ്റ് കാര്‍ഡിനെ, ഡെബിറ്റ് കാര്‍ഡിനേക്കാള്‍ സുരക്ഷിതമാക്കുന്നത്.

2, ഇഎംഐ സൗകര്യം...

വന്‍കിട ഗൃഹോപകരണങ്ങളായ ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവ ഇഎംഐയിലൂടെ വാങ്ങാനാകുമെന്നതാണ് ക്രെഡിറ്റ് കാര്‍ഡിന്റെ മറ്റൊരു സൗകര്യം. മാസ തവണകളായി ക്രെഡിറ്റ് കാര്‍ഡിലൂടെ തന്നെ ഈ പേമെന്റ് ഒടുക്കാം. ബാങ്ക് വഴി ഇഎംഐ എടുക്കുമ്പോള്‍ വ്യക്തിഗത വായ്പയായാണ് അത് ലഭിക്കുക. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ഇഎംഐ വ്യവസ്ഥയില്‍ സാധനം വാങ്ങാന്‍, വ്യക്തിഗത ബാങ്ക് വായ്‌പയുടെ ആവശ്യമില്ല.

3, കാഷ് ബാക്ക്...

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയോ ബില്ല് അടയ്‌ക്കുകയോ ചെയ്യുമ്പോള്‍ ചില ബാങ്കുകള്‍ കാഷ്ബാക്ക് ഓഫറുകള്‍ നല്‍കാറുണ്ട്. ചില അവസരങ്ങളില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകളും ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് കാഷ്ബാക്ക് ഓഫര്‍ നല്‍കാറുണ്ട്.

4, ഗ്രേസ് പീരീഡ്...

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച പണം ഒടുക്കുന്നതിന് 50 ദിവസമോ മറ്റോ ഉള്ള ഒരു ഗ്രേസ് പീരീഡ് നല്‍കാറുണ്ട്. ഇതനുസരിച്ച് പണം കരുതിവെച്ച്, ഒടുക്കാനാകുന്നത് ഉപയോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കും.

5, റിവാഡ് പോയിന്‍റ്...

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിശ്ചിത തുക ചെലവഴിക്കുമ്പോള്‍ ബാങ്കുകള്‍ ഉപയോക്താവിന് റിവാഡ് പോയിന്റ് നല്‍കാറുണ്ട്. ഈ റിവാഡ് പോയിന്റ് നിശ്ചിത പരിധിയില്‍ എത്തുമ്പോള്‍, ബാങ്കുകള്‍ ഗിഫ്റ്റ് സമ്മാനിക്കുകയോ, അതുപയോഗിച്ച് ഷോപ്പിങ് നടത്താനോ സാധിക്കും.

6, ഇന്‍ഷുറന്‍സ്...

ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് പലതരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. ട്രാവല്‍ ഇന്‍ഷുറന്‍സ്, റെന്റല്‍ കാര്‍ ഇന്‍ഷുറന്‍സ്, സാധനങ്ങള്‍ വാങ്ങുമ്പോള്‍ അധിക വാറന്റി എന്നിവയൊക്കെ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കും.

7, ആഗോള ഉപയോഗം...

ക്രെഡിറ്റ് കാര്‍ഡ് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോഴും ഉപയോഗിക്കാനാകും. വിദേശത്തേക്ക് പോകുമ്പോള്‍, കാര്‍ വാടകയ്‌ക്ക് എടുക്കുന്നതിനോ, ഹോട്ടല്‍ മുറി ബുക്ക് ചെയ്യുന്നതിനോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. എന്നാല്‍ ഈ സൗകര്യം എല്ലാ ഡെബിറ്റ് കാര്‍ഡുകള്‍ക്കും വിദേശത്ത് ലഭ്യമാകില്ല.

8, വിമാന ടിക്കറ്റ് ബുക്കിങ്...

ഇടയ്‌ക്കിടെ വിമാന യാത്ര നടത്തുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ക്രെഡിറ്റ് കാര്‍ഡ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍, ഒരു നിശ്ചിത റിവാഡ് പോയിന്റ് ലഭിക്കും. ഇത് നിഷ്‌കര്‍ഷിച്ചിട്ടുള്ള പരിധിയില്‍ എത്തുമ്പോള്‍, അത് ഡിജിറ്റല്‍ മണിയായി, ടിക്കറ്റ് ബുക്കിങിന് ഉപയോഗിക്കാനാകും.

പേമെന്റിന്റെ കാര്യത്തില്‍ ഡെബിറ്റ് കാര്‍ഡ് ഉള്‍പ്പടെയുള്ള മറ്റെല്ലാ സംവിധാനത്തേക്കാള്‍ മെച്ചം ക്രെഡിറ്റ് കാര്‍ഡ് ആണ്. ഉത്തരവാദിത്വത്തോടെയും, ശരിയായ രീതിയിലും ഉപയോഗിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് ആണ് ഡെബിറ്റ് കാര്‍ഡിനേക്കാള്‍ ഗുണപ്രദവും സുരക്ഷിതവും. എന്നാല്‍ ബാങ്ക് നിര്‍ദ്ദേശിക്കുന്ന തീയതിക്കുള്ളില്‍ പേമെന്റ് ഒടുക്കാന്‍ മറന്നുപോകരുതെന്ന് മാത്രം...

click me!