എയര്‍ടെല്ലിന് പേമേന്റ് ബാങ്ക് ലൈസന്‍സ്

By Asianet newsFirst Published Apr 11, 2016, 3:51 PM IST
Highlights

ദില്ലി: എയര്‍ടെല്ലിന് പേമെന്റ് ബാങ്ക് ലൈസന്‍സ് ലഭിച്ചു. ഭാരതി എയര്‍ടെല്ലിന്റെ സബ്സിഡിയറിയായ എയര്‍ടെല്‍ എം കൊമേഴ്സ് സര്‍വീസസ് ലിമിറ്റഡിനാണ്(എഎംഎസ്എല്‍) റിസര്‍വ് ബാങ്ക് ലൈസന്‍സ് നല്‍കിയത്. കഴിഞ്ഞ ജനുവരിയിലാണ് എയര്‍ടെല്‍ പേയ്മെന്റ് ബാങ്കിന് അപേക്ഷ നല്‍കിയത്. എയര്‍ടെല്ലും കൊട്ടക് മഹീന്ദ്ര ബാങ്കും ചേര്‍ന്നുള്ള സംയുക്ത സംരംഭമായാണു പേയ്മെന്റ് ബാങ്ക് ആരംഭിക്കുക. 

എയര്‍ടെല്‍ എം കൊമേഴ്സ് സര്‍വീസസ് ലിമിറ്റഡിന്റെ 19.9 ശതമാനം ഓഹരികള്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് വാങ്ങി. ഏകദേശം 98.38 കോടി രൂപയോളം വരും ഇതിന്റെ വില.  എയര്‍ടെല്‍ മണി എന്ന പേരില്‍ ഇപ്പോഴുള്ള സേവനം പുതിയ പേമെന്റ്ബാങ്കിന്റെ ഭാഗമാക്കും. 

എയര്‍ടെല്‍ എം കൊമേഴ്സ് സര്‍വീസസിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് ഇന്ന് പേമെന്റ് ബാങ്ക് ലൈസന്‍സ് ലഭിച്ചതായി കമ്പനി ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ അറിയിച്ചു. 

രാജ്യത്തെ സാമ്പത്തിക ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റപ്പെടുന്നതിനായാണ് പേമേന്റ് ബാങ്കുകള്‍ തുടങ്ങാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്. പത്തു വര്‍ഷത്തെ ബാങ്കിങ് പരിജ്‍ഞാനമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നല്‍കും. 
 

click me!