ഐ.ടി രംഗത്ത് തുടക്കകാര്‍ക്ക് കുറഞ്ഞ ശമ്പളം നല്‍കാന്‍ രഹസ്യധാരണയെന്ന് ആരോപണം

By Web DeskFirst Published Dec 27, 2017, 6:22 PM IST
Highlights

ബെംഗളൂരു: ഐ.ടി രംഗത്ത് തുടക്കകാര്‍ക്ക് കുറഞ്ഞ ശമ്പളം നല്‍കാന്‍ വന്‍കിട കമ്പനികള്‍ തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് ആരോപണം. ഐടി രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവൃത്തി പരിചയമുള്ള ടി.വി.മോഹന്‍ദാസ് പൈയാണ് ഗൗരവകരമായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ മോഹന്‍ദാസ് പൈ കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. രാജ്യത്തെ എഞ്ചിനീയറിംഗ് ബിരുദധാരികളുടെ ധാരാളിത്തം മുതലെടുത്താണ് ഐ.ടി കമ്പനികള്‍ അവരെ  സാമ്പത്തികമായി ചൂഷണം ചെയ്യുന്നതെന്നാണ് പൈ പറയുന്നത്. തുടക്കകാരുടെ ശമ്പളം വര്‍ധിക്കാതിരിക്കാനായി ഒരു രഹസ്യകോക്കസ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൈ ആരോപിക്കുന്നു. വന്‍കിട കമ്പനികളിലെ ഉന്നതര്‍ തമ്മില്‍ കൂടിക്കാഴ്ച്ചകള്‍ നടത്തുകയും തുടക്കകാര്‍ക്ക് നല്‍കേണ്ട ശമ്പളത്തിന്റെ കാര്യത്തില്‍ പൊതുധാരണയിലെത്തുകയും ചെയ്യുന്നുണ്ട്. ശമ്പളവര്‍ധനവ് നല്‍കരുതെന്ന് മറ്റൊരു കമ്പനിയോട് ആവശ്യപ്പെടുന്ന തരത്തില്‍ ഈ കോക്കസ് ശക്തമാണ്... മോഹന്‍ ദാസ് പൈ പറയുന്നു. 

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഫ്രഷേഴ്‌സിന് ലഭിക്കേണ്ട ശമ്പളത്തില്‍ 50 ശതമാനത്തോളം ഇടിവു സംഭവിച്ചുവെന്ന ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍.നാരായണമൂര്‍ത്തിയുടെ നിരീക്ഷണം ശരിവയ്ക്കുന്ന മോഹന്‍ദാസ് പൈ, സീനിയര്‍ ലെവല്‍ ജീവനക്കാരുടെ ശമ്പളം ഇക്കാലത്ത് പലമടങ്ങായി വര്‍ധിച്ചെന്നും ചൂണ്ടിക്കാട്ടുന്നു. ഇത് തീര്‍ത്തും തെറ്റായ ഒരു രീതിയാണ് തുടക്കകാര്‍ക്ക് മികച്ച ശമ്പളം നല്‍കിയില്ലെങ്കില്‍ അധികം വൈകാതെ കഴിവുള്ളവര്‍ ഐടി രംഗത്തേക്ക് വരാത്ത അവസ്ഥയുണ്ടാവും. വന്‍കിട കമ്പനികള്‍ക്ക് മികച്ച ശമ്പളം നല്‍കാനുള്ള സാമ്പത്തികശേഷിയുണ്ട്. മുകള്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വന്‍തുക കൊടുക്കുന്നത് നിര്‍ത്തി താഴെത്തട്ടില്‍ മികച്ച ശമ്പളം കൊടുക്കാനാണ് കമ്പനികള്‍ ശ്രമിക്കേണ്ടത്. അവര്‍ കംഫര്‍ട്ടബിള്‍ ആയാല്‍ മാത്രമേ കമ്പനിയുടെ മൊത്തം പ്രവര്‍ത്തനവും നല്ല രീതിയില്‍ മുന്നോട്ട് പോകൂ. പൈ ചൂണ്ടിക്കാട്ടുന്നു.

ഐടി രംഗത്തേക്ക് വരുന്ന ചെറുപ്പക്കാര്‍ക്ക് നല്ല ശമ്പളം കിട്ടുന്നില്ല, എഞ്ചിനീയറിംഗ് ബിരുദധാരികളുടെ എണ്ണം അത്രയും കൂടുതലാണ്. എന്നാല്‍ ഇവര്‍ക്കുള്ള വിജ്ഞാനം  ഒരു നല്ല ജോലി കിട്ടാന്‍ പര്യാപ്തവുമല്ല. ഇവര്‍ക്കെല്ലാം  പരിശീലനം കൊടുത്താല്‍ മാത്രമേ ജോലിക്ക് സജ്ജരാക്കാന്‍ പറ്റൂ എന്നതാണ് അവസ്ഥ. തുടക്കകാരുടെ പരിശീലനത്തിന് വേണ്ടി ലക്ഷക്കണക്കിന് രൂപ ചിലവഴിക്കേണ്ടി വരുന്നുവെന്നാണ് ഐടി കമ്പനികളുടെ ന്യായം. അത് സത്യമാണ്. പക്ഷേ ഈ അവസ്ഥ ഇരുപത് കൊല്ലമായി ഇവിടെ നിലനില്‍ക്കുന്നതാണ് അല്ലാതെ ഇന്നലെ ഉണ്ടായതല്ല. തുടക്കകാര്‍ക്ക് നിങ്ങള്‍ നല്ല ശമ്പളം കൊടുത്തേ മതിയാവൂ. ജീവിക്കാനുള്ള മാന്യമായ ശമ്പളം പോലും അവര്‍ക്ക് കിട്ടുന്നില്ല. 

ഇക്കാര്യത്തില്‍ ഉടനെ മാറ്റം വരണം. ഇനിയും ഈ അവസ്ഥ തുടര്‍ന്നാല്‍ വന്‍കിട ഐടി കമ്പനികള്‍ വെറും ട്രെയിനിംഗ് സെന്ററുകള്‍ ആയി മാറുന്ന അവസ്ഥ വരും. മറ്റു കമ്പനികള്‍ തുടക്കകാരെ എടുത്തു സമയം കളയില്ല. പ്രവൃത്തി പരിചയം നേടിയവരെ ജോലിക്കെടുത്താല്‍ അവരുടെ പരിശീലനത്തിന് വേണ്ടി ചിലവാക്കേണ്ട തുക കമ്പനികള്‍ക്ക് ലാഭിക്കാം എന്ന കാര്യം ചിന്തിക്കണം. എന്നെ സംബന്ധിച്ചിടത്തോളം ഇത് ധാര്‍മികതയുടേയും നീതിയുടേയും പ്രശ്‌നമാണ്. തീര്‍ച്ചയായും മുന്‍നിര കമ്പനികള്‍ താഴെത്തട്ടിലുള്ള ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കണം. ടി.സി.എസും ഇന്‍ഫോസിസും പോലുള്ള കമ്പനികള്‍ തുടക്കകാര്‍ക്ക് മികച്ച ശമ്പളം നല്‍കി ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കണം- മോഹന്‍ദാസ് പൈ പറയുന്നു. 

നിലവില്‍ മണിപാല്‍ യൂണിവേഴ്‌സിറ്റിയുടെ ചെയര്‍മാനും  ഇന്‍ഫോസിസിന്റെ ലീഡര്‍ഷിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനുമായി പ്രവര്‍ത്തിക്കുന്ന മോഹന്‍ദാസ് പൈ 1994-ല്‍ ഇന്‍ഫോസിസില്‍ ചേര്‍ന്നയാളാണ്. 2006 വരെ അദ്ദേഹം കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്നു. 2006 ഈ പദവിയില്‍ നിന്നും സ്വയം വിരമിച്ച ശേഷം മാനവവിഭവശേഷി വികസനരംഗം കേന്ദ്രീകരിച്ചാണ് പൈ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

click me!