'നന്ദന്‍ നിലേകനിയും ബില്‍ ഗേറ്റ്സും പ്രധാനമന്ത്രിയെ നോട്ട് നിരോധനത്തിന് പ്രേരിപ്പിച്ചു'

By Web TeamFirst Published Jan 9, 2019, 11:07 AM IST
Highlights

കറൻസി രഹിത ഇടപാടുകൾക്കും നോട്ടുനിരോധനത്തിനും വേണ്ടി പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഒരു പരിധിവരെ നിർബന്ധിക്കുകയും ചെയ്തത് ബിൽ ഗേറ്റ്സും നന്ദൻ നിലേകാനിയും ചേർന്നാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ദില്ലി: ഇന്ത്യന്‍ ജനതയെ ആകെ ക്യൂവില്‍ നിര്‍ത്തിയ നോട്ട് നിരോധനം നടപ്പാക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്  ശതകോടീശ്വരന്മാരായ നന്ദന്‍ നിലേകനിയും ബില്‍ ഗേറ്റ്സും. ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനങ്ങള്‍ കൂടുതല്‍ വ്യാപിക്കാന്‍ നോട്ട് നിരോധനം കാരണമാകുമെന്നാണ് ബില്‍ ഗേറ്റ്സ് ഇതിനായി പറഞ്ഞ ന്യായം. ഇതിന് സമാനമായ നിലപാടായിരുന്നു ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനിക്കുമെന്ന് പ്രമുഖ മാധ്യമമായ സണ്‍ഡേ ഗാര്‍ഡിയന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സണ്‍ഡേ ഗാര്‍ഡിയന് വേണ്ടി സുനില്‍ ചാക്കോയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

കറൻസി രഹിത ഇടപാടുകൾക്കും നോട്ടുനിരോധനത്തിനും വേണ്ടി പ്രധാനമന്ത്രിയെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഒരു പരിധിവരെ നിർബന്ധിക്കുകയും ചെയ്തത് ബിൽ ഗേറ്റ്സും നന്ദൻ നിലേകാനിയും ചേർന്നാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുമ്പും പല വിദഗ്ധന്മാരും ഇതുപോലുളള തുഗ്ലക്കൻ പരിഷ്കാരങ്ങളെപ്പറ്റി  പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായി ആളുകളുടെ ശ്രദ്ധ ആകർഷിക്കപ്പെടുന്നത് 'ബില്ലും നന്ദനും' ചേർന്ന് ഇത് പ്രധാനമന്ത്രിക്കുമുന്നിൽ നേരിട്ടവതരിപ്പിച്ചപ്പോഴാണ്.  മുൻപിൻ നോക്കാതെയുള്ള ഒരു വൻ കുതിച്ചു ചാട്ടം നടത്താനാണ്  അന്നവർ പ്രധാനമന്ത്രിയെ ഉപദേശിച്ചത്. 

എന്നാല്‍, ആ കുതിച്ചുചാട്ടത്തിന്‍റെ ആഘാതം വളരെ വലുതായിരുന്നു. ഇന്‍റര്‍നെറ്റോ ആവശ്യത്തിന് വൈദ്യുത സംവിധാനങ്ങളോ പോലും നിലവില്‍ ഇല്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങളെ നോട്ട് നിരോധനം വലിയ പ്രതിസന്ധിയിലാക്കി. ഇന്ത്യന്‍ ഗ്രാമാന്തരങ്ങളിൽ ആ വിപ്ലവകരമായ മാറ്റം നടപ്പിൽ വരുത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ടോ എന്ന് അന്വേഷിക്കാൻ ഈ വിദഗ്ധരോ ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളോ  മിനക്കെട്ടില്ല എന്നതാണ് സത്യം.

നോട്ട് നിരോധന ശേഷം മേൽപ്പറഞ്ഞ ബ്യൂറോക്രാറ്റുകളിൽ ഒരാൾ പോലും, 'ബിൽ-നന്ദൻ' ജോഡികൾ പ്രത്യേകിച്ചും, നിർവ്യാജമായൊരു ക്ഷമാപണം പോലും ആരോടും നടത്താൻ തയ്യാറായില്ല എന്നത് വിഷമകരമാണെന്നും സണ്ടേ ഗാര്‍ഡിയനിലെ വിശദമായ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനം കാര്യക്ഷമമാക്കാനും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം രൂപം നല്‍കിയ ഉന്നതതല കമ്മിറ്റിയ്ക്ക് നേതൃത്വം നല്‍കുന്നത് നന്ദന്‍ നിലേകനിയാണ്.  

click me!