ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായി വളരുന്നുണ്ടെങ്കിലും 5 ട്രില്യൺ ഡോളർ ലക്ഷ്യത്തിലെത്താൻ 2029 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഐഎംഎഫ് റിപ്പോർട്ട്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഈ കാലതാമസത്തിന് പ്രധാന കാരണം. എങ്കിലും 2027-ൽ ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച ശക്തമായി തുടരുമ്പോഴും 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യത്തിലെത്താന്‍ ഇന്ത്യയ്ക്ക് ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും. നേരത്തേ 2028ല്‍ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പുതിയ വിലയിരുത്തല്‍ അനുസരിച്ച് ഈ നേട്ടം 2029ലേക്ക് നീളും. രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂല്യത്തെ ബാധിക്കുന്നതാണ് ലക്ഷ്യം വൈകാന്‍ പ്രധാന കാരണം.
ഡോളറില്‍ ആണ് ജിഡിപി കണക്കാക്കുന്നത്. അതേസമയം, 2027ല്‍ ജപ്പാനെയും ബ്രിട്ടനെയും മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് പുതിയ പ്രവചനം. അന്താരാഷ്ട്ര നാണയനിധിയുടെ ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് ഡേറ്റാബേസ് അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൂട്ടല്‍.
2028ലെ ജിഡിപി കണക്കില്‍ കുറവ്
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ വലുപ്പം 2028ല്‍ 5.1 ട്രില്യണ്‍ ഡോളറിലെത്തുമെന്നായിരുന്നു ഏപ്രിലിലെ ഐഎംഎഫ് പ്രവചനം. എന്നാല്‍ ഒക്ടോബറിലെ പുതുക്കിയ കണക്കില്‍ ഇത് 4.996 ട്രില്യണ്‍ ഡോളറായി കുറച്ചു. 2026ല്‍ ഇന്ത്യയുടെ ജിഡിപി 4.06 ട്രില്യണ്‍ ഡോളറായിരിക്കുമെന്നാണ് പുതിയ കണക്ക്. 2027ല്‍ ഇത് 4.52 ട്രില്യണ്‍ ഡോളറായും 2029ല്‍ 5.54 ട്രില്യണ്‍ ഡോളറായും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വളര്‍ച്ചയുണ്ടെങ്കിലും രൂപയുടെ ഇടിവ് തിരിച്ചടിയാകുന്നു
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കുറയുന്നതല്ല 5 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം വൈകുന്നതിന് പ്രധാന കാരണം. രൂപയുടെ വിനിമയനിരക്കിനെക്കുറിച്ചുള്ള പ്രവചനത്തിലെ മാറ്റമാണ് കൂടുതല്‍ സ്വാധീനം ചെലുത്തുന്നത്.2028ല്‍ ഒരു ഡോളറിന് ശരാശരി 95.5 രൂപ എന്ന നിരക്കാണ് ഐഎംഎഫ് കണക്കാക്കുന്നത്. ഏപ്രിലിലെ പ്രവചനത്തില്‍ ഇത് 93.3 രൂപയായിരുന്നു.
2027ല്‍ ഒരു ഡോളറിന്റെ മൂല്യം 95 രൂപയായി ഉയരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ഈ വര്‍ഷം ആരംഭിച്ചതിനുശേഷം രൂപയുടെ മൂല്യം 5 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. ഏപ്രിലിലെ പ്രവചനപ്രകാരം ഒരു ഡോളറിന് 93.3 രൂപ എന്ന വിനിമയനിരക്ക് പരിഗണിച്ചാല്‍, 2028ലെ ജിഡിപി ഏകദേശം 5.11 ട്രില്യണ്‍ ഡോളറാകുമായിരുന്നു. രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതോടെ ഇത് വൈകുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്.


