തൊഴിലില്ലായ്മ: ചര്‍ച്ചകള്‍ കടുക്കുന്നു; തൊഴില്‍ നല്‍കിയതിന്‍റെ കണക്കുമായി കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Feb 10, 2019, 3:24 PM IST
Highlights

2017 മുതല്‍ 2018 കാലത്ത് സര്‍ക്കാര്‍ മേഖലയില്‍ 251,279 തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതായി സര്‍ക്കാര്‍ രേഖകളെ ആധാരമാക്കി ബിസിനസ് സ്റ്റാന്‍റേര്‍ഡ് അടക്കമുളള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 മാര്‍ച്ച് 1 ആകുമ്പോഴേക്കും തൊഴില്‍ സൃഷ്ടി 379,544 ലെത്തും. 

ദില്ലി: രാജ്യത്തെ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മുറുകുന്നതിനിടയില്‍ തൊഴില്‍ സൃഷ്ടിയുമായി ബന്ധപ്പെട്ട പുതിയ കണക്കുകള്‍ പുറത്ത്.  2017 മുതല്‍ 19 വരെയുളള കാലഘട്ടത്തില്‍ 379,000 തൊഴിലുകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുമെന്ന് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ കണക്കുകളെ അടിസ്ഥാനമാക്കി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

2017 മുതല്‍ 2018 കാലത്ത് സര്‍ക്കാര്‍ മേഖലയില്‍ 251,279 തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതായി സര്‍ക്കാര്‍ രേഖകളെ ആധാരമാക്കി ബിസിനസ് സ്റ്റാന്‍റേര്‍ഡ് അടക്കമുളള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 മാര്‍ച്ച് 1 ആകുമ്പോഴേക്കും തൊഴില്‍ സൃഷ്ടി 379,544 ലെത്തും. പ്രോവിഡന്‍റ് ഫണ്ട്, നാഷണല്‍ പെന്‍ഷന്‍ ഫണ്ട് (എന്‍പിഎസ്), ഇന്‍കം ടാക്സ് ഫയലിംഗ്, വാഹന വില്‍പ്പന തുടങ്ങിയവയെ അടിസ്ഥാനമാക്കി രാജ്യത്ത് അസംഘടിത മേഖലയിലടക്കം ലക്ഷക്കണക്കിന് തൊഴില്‍ സൃഷ്ടിക്കപ്പെട്ടതായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ പറ‌ഞ്ഞിരുന്നു. 

ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം റെയില്‍വേ, പോലിസ് വിഭാഗങ്ങള്‍, നികുതി വകുപ്പുകള്‍ തുടങ്ങിയവയിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കപ്പെട്ടത്. 2019 മാര്‍ച്ച് ഒന്ന് ആകുമ്പോഴേക്കും ഇന്ത്യന്‍ റെയില്‍വേയിലെ തൊഴില്‍ സൃഷ്ടി 98,999 ആയി ഉയരും. ബജറ്റ് രേഖകള്‍ പ്രകാരം ഇന്ത്യന്‍ റെയില്‍വേയാണ് രാജ്യത്ത് 2017 മുതല്‍ 2019 വരെ ഏറ്റവും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാന്‍ പോകുന്ന സര്‍ക്കാര്‍ സംവിധാനം.  

പോലീസ് വകുപ്പുകളില്‍ 2019 മാര്‍ച്ച് ആകുമ്പോള്‍ 79,353 അധിക തൊഴിലുകള്‍ സൃഷ്ടിക്കും. കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ കടുപ്പിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളുമായി ബന്ധപ്പെട്ട കണക്കുകള്‍ രാജ്യത്ത് ചര്‍ച്ചയാകുന്നത്. 

click me!