ഓണം ഓഫറുകള്‍ക്ക് പിന്നിലെ ബിസിനസ് തന്ത്രം

By Anoop PillaiFirst Published Aug 6, 2018, 9:33 PM IST
Highlights

തിരുവോണം മുതല്‍ ചതയം വരെ മാത്രം നീണ്ടുനില്‍ക്കുന്നതല്ല വിവിധ കമ്പനികള്‍ക്ക് ഓണം വില്‍പ്പന

തിരുവനന്തപുരം: കേരളമെന്നും ഓണമെന്നും കേട്ടാല്‍ ആവേശം കൊള്ളുന്നവരാണ് ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ മുതല്‍ മുട്ടായി വില്‍ക്കുന്ന ചെറിയ കമ്പനികള്‍ വരെയുളളവര്‍. ഇങ്ങനെ ആവേശം കൊള്ളാന്‍ എന്താ ഇത്ര കാരണമെന്നാവും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.

കാരണം വേറോന്നുമല്ല ഒരു വര്‍ഷത്തെ ഫെസ്റ്റിവല്‍ സീസണ്‍ വില്‍പ്പന വിവിധ കമ്പനികള്‍ തുടങ്ങുന്നത് കേരളത്തില്‍ നിന്നാണ്. ഫെസ്റ്റിവല്‍ ഓഫറുകള്‍ പരീക്ഷിക്കുക, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്രമാത്രം നല്ല പ്രകടനം കാഴ്ച്ചവയ്ക്കുന്നുവെന്ന് പരിശോധിക്കുക തുടങ്ങിയ അനവധി നിരവധിയായവയുടെ പരീക്ഷണ വേദിയാണ് നമ്മുടെ ഓണക്കാലം. 

ഓണക്കാലം കഴിഞ്ഞാണ് രാജ്യത്തെ മറ്റ് ഉത്സവ സീസണുകള്‍ തുടങ്ങുന്നത് എന്നത് കൊണ്ടാണ് ഓണ സമയത്തെ കമ്പനികള്‍ പരീക്ഷ വേദിയായി തെരഞ്ഞെടുക്കാന്‍ കാരണം. ഓണം കഴിഞ്ഞാല്‍ പിന്നെ ഗണേഷ ചതുര്‍ഥി, ദീപാവലി, ദുര്‍ഗ്ഗാപൂജ, പൊങ്കല്‍, ക്രിസ്മസ്, ന്യൂഇയര്‍ സീസണ്‍ എന്നിവ വരികയായി. അതിനാല്‍ ഓണം കമ്പനികളെ സംബന്ധിച്ച് മര്‍മ്മ പ്രധാനമാണ്. 

ഓണം കമ്പനികള്‍ക്ക് വെറും പരീക്ഷസമയം മാത്രമാണെന്ന് കരുതി തള്ളിക്കളയാന്‍ വരട്ടെ. ഇന്ത്യയിലെ ഇലക്ട്രോണിക് - ഗൃഹോപകരണങ്ങളുടെ ആകെ വില്‍പ്പനയുടെ നാല് മുതല്‍ എട്ട് ശതമാനം വരെയാണ് കേരളത്തിലെ വില്‍പ്പന. കേരളത്തില്‍ ആകെ വില്‍ക്കുന്ന ഇലക്ട്രോണിക് - ഗൃഹോപകരണങ്ങളുടെ 60 ശതമാനം വില്‍പ്പനയും നടക്കുന്നത് ഓണം സീസണിലും.
 
ഈ വര്‍ഷം ഗൃഹോപകരണങ്ങളില്‍ മിക്കവയുടെയും ജിഎസ്ടി നിരക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുക കൂടി ചെയ്തതോടെ വില്‍പ്പന പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍. ഓണത്തിന് വിപണി പരീക്ഷണങ്ങളുമായി ചാടിയിറങ്ങാന്‍ നില്‍ക്കുകയാണ് കമ്പനികള്‍. തിരുവോണം മുതല്‍ ചതയം വരെ മാത്രം നീണ്ടുനില്‍ക്കുന്നതല്ല വിവിധ കമ്പനികള്‍ക്ക് ഓണം വില്‍പ്പന. അത് ഏകദേശം ജൂലൈ 15 ഓടെ തന്നെ തുടങ്ങിക്കഴിഞ്ഞു ഏകദേശം സെപ്റ്റംബര്‍ 15 വരെ നീണ്ട് ഓണം വില്‍പ്പന നീണ്ട് നില്‍ക്കുകയും ചെയ്യും.      

click me!