ജി.എസ്.ടി നിരക്കില്‍ മാറ്റം വരുന്നു; കാറുകള്‍ക്ക് ഉടന്‍ വില കൂടും

By Web DeskFirst Published Aug 27, 2017, 4:32 PM IST
Highlights

ദില്ലി: ഇത്തരം കാറുകള്‍ക്കും, എസ്.യു.വികള്‍ക്കുമുള്ള ജി.എസ്.ടി നിരക്കില്‍ മാറ്റം വരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കും. ജി.എസ്.ടിക്ക് പുറമേ ഇപ്പോള്‍ ഈടാക്കുന്ന പരമാവധി 15 ശതമാനം വരെ ഈടാക്കുന്ന സെസ് 25 ശതമാനം വരെയാക്കി ഉയര്‍ത്താനാണ് തീരുമാനം. സെസ് ഉയര്‍ത്താന്‍ ഓഗസ്റ്റില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.

ഇടത്തരം കാറുകള്‍, വലിയ കാറുകള്‍, എസ്.യു.വികള്‍, ആഡംബര കാറുകള്‍ എന്നിവയുടെ സെസ് ആയിരിക്കും വര്‍ദ്ധിപ്പിക്കുക. നിരക്കുകളില്‍ മാറ്റം വരുത്തണമെങ്കില്‍ ജി.എസ്.ടി നിയമത്തിലെ എട്ടാം വകുപ്പ് ഭേദഗതി ചെയ്യേണ്ടതുണ്ട്. പാര്‍ലമെന്റ് സമ്മേളിക്കാത്ത സമയമായതിനാല്‍ തല്‍ക്കാലത്തേക്ക് ഓര്‍ഡിനന്‍സ് പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. ഇക്കാര്യത്തില്‍ വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം കൂടി ആരാഞ്ഞതിന് ശേഷമായിരിക്കും നടപടി. കാറുകള്‍ക്ക് ഇപ്പോള്‍ ഈടാക്കുന്ന 28 ശതമാനം ജി.എസ്.ടിക്ക് പുറമേ ഒരു ശതമാനം മുതല്‍ 15 ശതമാനം വരെ സെസും ഈടാക്കുന്നുണ്ട്. ഇത് 25 ശതമാനം വരെയാക്കും. നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് പുറത്തിറക്കിയാല്‍ ഇത് എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യം ജി.എസ്.ടി കൗണ്‍സിലായിരിക്കും തീരുമാനിക്കുന്നത്.

ജി.എസ്.ടിക്ക് മുമ്പ് വിവിധ ഇനങ്ങളില്‍ 52 മുതല്‍ 54.72 ശതമാനം വരെ നികുതി ഈടാക്കിയിരുന്നു. എന്നാല്‍ ജി.എസ്.ടിയില്‍ ഇത് 43 ശതമാനം വരെ മാത്രമാണ്. ഇതുമൂലം ഉണ്ടാകുന്ന നികുതി നഷ്ടം ഒഴിവാക്കാനാണ് സെസ് 10 ശതമാനം കൂടി വര്‍ദ്ധിപ്പിക്കുന്നത്. ജൂലൈ ഒന്നിന് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതിന് ശേഷം എസ്.യു.വികള്‍ക്ക് 1.1 ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ വില കുറഞ്ഞിട്ടുണ്ട്. സെസ് വര്‍ദ്ധിക്കുന്നതോടെ ഇത് ഇല്ലാതാകും. വില പഴയതിന് സമാനമാവുകയും ചെയ്യും. എന്നാല്‍ ചെറിയ കാറുകള്‍ക്ക് ബാധകമാവുന്ന സെസ് വര്‍ദ്ധിപ്പിക്കില്ല. 4 മീറ്റര്‍ വരെ നീളവും 1200 സി.സിയില്‍ താഴെ എഞ്ചിനുമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്ക് ഒരു ശതമാനം മാത്രമാണ് സെസ്. നാല് മീറ്ററില്‍ താഴെ നീളവും 1500 സിസിക്ക് താഴെ എഞ്ചിനുമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് മൂന്ന് ശതമാനം സെസാണ് ഈടാക്കുന്നത്. ഇത് രണ്ടും അങ്ങനെ തന്നെ തുടരും.

click me!