ഇലക്ടറല്‍ ബോണ്ടുകളില്‍ രഹസ്യ നമ്പറുകളുണ്ടെന്ന്  സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍

By Web DeskFirst Published Apr 17, 2018, 5:55 PM IST
Highlights

പണം കൊടുക്കുന്നയാള്‍ക്കോ പാര്‍ട്ടികള്‍ക്കോ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത തരത്തിലുള്ള സീരിയല്‍ നമ്പരുകളാണ് ബോണ്ടിലുള്ളതെന്നാണ് സര്‍ക്കാര്‍ വിശദീകരണം

രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ആളറിയാതെ സംഭാവനകള്‍ നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഇലക്ടറല്‍ ബോണ്ടുകളില്‍ സീരീയല്‍ നമ്പറുകളുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.  വ്യാജ ബോണ്ടുകള്‍ നിര്‍മിക്കാനാകാത്ത വിധത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായാണ് രഹസ്യ നമ്പറുകള്‍ നല്‍കുന്നതെന്നുമാണ് ഔദ്ദ്യോഗിക വിശദീകരണം. ഇലക്ടറല്‍ ബോണ്ടുകളിലെ രഹസ്യ സംവിധാനങ്ങള്‍ ഉപയോഗിച്ച്  സര്‍ക്കാറിന് വ്യക്തികളെ ട്രാക്ക് ചെയ്യാന്‍ കഴിയുമെന്ന ആരോപണം കഴിഞ്ഞ ദിവസം ഒരു വെബ്‍സൈറ്റാണ് പുറത്തുവിട്ടത്.

പണം വാങ്ങുന്ന രാഷ്‌ട്രീയ പാര്‍ട്ടിക്ക് അത് ആര് നല്‍കിയതാണെന്ന് അറിയാതിരിക്കാനുള്ള സംവിധാനമായാണ് ഇലക്ടറല്‍ ബോണ്ടുകള്‍ അവതരിപ്പിച്ചത്. ഏതൊക്കെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്നുവെന്ന് മറ്റ് വ്യക്തികള്‍ക്കോ സര്‍ക്കാറിനോ പോവും തിരിച്ചറിയാന്‍ കഴിയില്ലെന്നതാണ് ഇതിന്റെ സവിശേഷതയായി പറ‍ഞ്ഞിരുന്നത്. എന്നാല്‍ ബോണ്ടുകളെ സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിക്കുമെന്ന വിവരമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇത് നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ അതേസമയം, ബോണ്ടുകളില്‍ സീരീയല്‍ നമ്പറുകളുണ്ടെന്ന് സമ്മതിച്ചു.

പണം കൊടുക്കുന്നയാള്‍ക്കോ പാര്‍ട്ടികള്‍ക്കോ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത തരത്തിലുള്ള സീരിയല്‍ നമ്പരുകളാണ് ബോണ്ടിലുള്ളതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ബോണ്ടുകള്‍ വാങ്ങുന്നവരുമായോ, നിക്ഷേപിക്കുന്ന രാഷ്‌ട്രീയ കക്ഷിയുമായോ ബന്ധപ്പെട്ട ഒരു രേഖകളിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ നമ്പരുകള്‍ രേഖപ്പെടുത്തുകയില്ല. അതിനാല്‍ ബോണ്ടിലെ സീരിയല്‍ നമ്പരിലൂടെ സംഭാവനയെക്കുറിച്ചോ, സംഭാവന നല്‍കുന്നവരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കില്ല. ഗവണ്‍മെന്റുമായോ, ഉപഭോക്താക്കളുമായോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ സീരിയല്‍ നമ്പരുകള്‍ പങ്കു വയ്‌ക്കില്ലെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇതോടെ പണം നല്‍കുന്നത് ആര്‍ക്കെന്ന് വേണമെങ്കില്‍ എസ്.ബി.ഐക്ക് കണ്ടെത്താം എന്നും വ്യക്തമാവുകയാണ്.
 
2018 ജനുവരി രണ്ടിനാണ് ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നതിനുള്ള ബന്ധപ്പെട്ട വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഉപഭോക്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ (കെ.വൈ.സി) പൂര്‍ണ്ണമായും നല്‍കി, ബാങ്ക് അക്കൗണ്ടിലൂടെ പണം നല്‍കിയാല്‍ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കുന്നത്. പ്രോമിസറി നോട്ടിനു സമാനമായ വിധത്തിലാണ് ബോണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. 

click me!