രൂപയുടെ മൂല്യത്തകര്‍ച്ച; രക്ഷാപ്രവര്‍ത്തനത്തിന് അരയും തലയും മുറുക്കി കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Sep 15, 2018, 7:24 AM IST
Highlights

രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാനും കറന്‍റ് അക്കൗണ്ട് കമ്മി കുറയ്ക്കാനുമുളള അഞ്ച് പ്രധാന നിര്‍ദ്ദേശങ്ങളാണ് യോഗത്തിലുണ്ടായത്. വ്യാപാര കമ്മി നിയന്ത്രിക്കാനായല്‍ സര്‍ക്കാരിന് കറന്‍റ് അക്കൗണ്ട് കമ്മിയെ (സിഎ‍ഡി) ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കാനാവും.   

രൂപയുടെ തകർച്ച തടയാനുള്ള രക്ഷാപ്രവര്‍ത്തന നടപടികള്‍ക്ക് വേഗത കൂട്ടാന്‍  പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനം. കറന്‍റ് അക്കൗണ്ട് കമ്മി (സിഎഡി) നിയന്ത്രിച്ച് നിര്‍ത്തുന്നതിന് പ്രാധാന്യം നല്‍കിക്കെണ്ടുളള നയങ്ങള്‍ക്കാണ് പ്രധാനമായും യോഗത്തില്‍ തീരുമാനമെടുത്തത്.

ഇതിന്‍റെ ഭാഗമായി രാജ്യത്തേക്കുളള  അനാവശ്യ ഇറക്കുമതി വെട്ടിക്കുറയ്ക്കും. മസാല ബോണ്ടുകളുടെയും വിദേശ വാണിജ്യ വായ്പകളുടെയും (ഇസിബി) മുകളിലുണ്ടായിരുന്ന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വെട്ടിക്കുറയ്ക്കാനും തീരുമാനമായി. രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാനും കറന്‍റ് അക്കൗണ്ട് കമ്മി കുറയ്ക്കാനുമുളള അഞ്ച് പ്രധാന നിര്‍ദ്ദേശങ്ങളാണ് യോഗത്തിലുണ്ടായത്. 

  

രാജ്യം ഇറക്കുമതി നിയന്ത്രണങ്ങളിലേക്ക്

ലോകവ്യാപാര കരാർ പാലിച്ചും ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ചും രാജ്യത്തേക്കുളള അനാവശ്യ ഇറക്കുമതികള്‍ കര്‍ശനമായി നിയന്ത്രിക്കും. ഇതിനോടൊപ്പം രാജ്യത്ത് നിന്നുളള കയറ്റുമതി വർദ്ധിപ്പിക്കാനുമാണ് സര്‍ക്കാന്‍ പദ്ധതിയിടുന്നത്. ഇതിലൂടെ വ്യാപാര കമ്മി നിയന്ത്രിക്കാനാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വ്യാപാര കമ്മി നിയന്ത്രിക്കാനായല്‍ സര്‍ക്കാരിന് കറന്‍റ് അക്കൗണ്ട് കമ്മിയെ (സിഎ‍ഡി) ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കാനാവും. 

നിലവില്‍, ഇന്ത്യയുടെ വിദേശ വ്യാപാര നില ഒട്ടും ഗുണകരമായല്ല മുന്നോട്ട് പോകുന്നത്. വ്യാപാര കമ്മിയെ സംബന്ധിച്ച് ഏറ്റവും ഒടുവിലത്തെ ലഭ്യമായ കണക്കുകള്‍ ജൂലൈ മാസത്തെയാണ്. ജൂലൈയിലെ കണക്കുകള്‍ പ്രകാരം രാജ്യത്തിന്‍റെ കയറ്റുമതി 2577 കോടി ഡോളറാണ്. ഇറക്കുമതി 4379 കോടി ഡോളറും. രാജ്യത്തിന്‍റെ വിദേശ വ്യാപാരക്കമ്മി 1802 കോടി ഡോളറും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വാണിജ്യക്കമ്മിയാണിത്.

രാജ്യത്തിന്‍റെ വിദേശ വ്യാപാര കമ്മി ഉയര്‍ന്ന് നില്‍ക്കുന്നത് സമ്പദ്ഘടയ്ക്ക് സൃഷ്ടടിക്കുന്ന പ്രതിസന്ധി വലുതാണ്. ക്രൂഡിന്‍റെ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് പ്രധാനകാരണം.

വ്യാപാര കമ്മി വര്‍ദ്ധിക്കുന്നത് രാജ്യത്തിന്‍റെ മറ്റൊരു കമ്മി കൂടാനിടയാക്കും. കറന്‍റ് അക്കൗണ്ട് കമ്മിയാണത് (സിഎ‍ഡി). രാജ്യത്തിന്‍റെ വായ്പ ഒഴിച്ചുളള മൊത്തം വിദേശ നാണ്യ ഇടപാടുകളുടെ ബാക്കിപത്രമാണ് കറന്‍റ് അക്കൗണ്ട് കമ്മിയെന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കറന്‍റ് അക്കൗണ്ട് കമ്മി (സിഎഡി) അധികമായാല്‍ കൂടുതല്‍ വായ്പയെടുക്കേണ്ടി വരും. ഇങ്ങനെയുണ്ടായാല്‍ രാജ്യത്തിന്‍റെ ധനസ്ഥിതിക്ക് അത് ഹാനികരമാണ്.

കയറ്റുമതി വര്‍ദ്ധിപ്പിച്ച് അനാവശ്യ ഇറക്കുമതി നിയന്ത്രിച്ച് കറന്‍റ് അക്കൗണ്ട് കമ്മി കുറച്ച് നിര്‍ത്താനായല്‍ അത് രൂപയ്ക്ക് കരുത്ത് പകരുന്നതിനൊപ്പം രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിച്ച് നിര്‍ത്താനും സഹായിക്കും. ഇതോടൊപ്പം ദീര്‍ഘകാല അടിസ്ഥാനത്തില്‍ രാജ്യത്തിന് വിദേശ വാണിജ്യ രംഗത്ത് കരുത്താര്‍ജ്ജിക്കാനും സാധിക്കും. എന്നാല്‍, ഏതൊക്കെ മേഖലകളുമായി ബന്ധപ്പെട്ട ഇറക്കുമതിക്കാണ് നിയന്ത്രണം കൊണ്ടുവരുകയെന്ന് ജെയ്റ്റിലിയോ ധനമന്ത്രാലയമോ സൂചനകള്‍ നല്‍കാന്‍ തയ്യാറായില്ല. 

മസാല ബോണ്ടുകളുടെ നിയന്ത്രണങ്ങള്‍ നീങ്ങും

വെള്ളിയാഴ്ച്ച പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കൈക്കൊണ്ട മറ്റൊരു പ്രധാന തീരുമാനമായിരുന്നു മസാല ബോണ്ടുകളുടെ മുകളില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുകയെന്നത്. നിക്ഷേപം സ്വീകരിക്കാന്‍ വിദേശത്ത് അവിടത്തെ നാണ്യത്തിലല്ലാതെ, ഇന്ത്യന്‍ രൂപയില്‍ ഇറക്കുന്ന കടപ്പത്രമാണ് മസാല ബോണ്ടുകള്‍.

ഇതിലൂടെ കറന്‍റ് അക്കൗണ്ട് കമ്മി കുറയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. ജൂണിലെ കണക്കുകള്‍ പ്രകാരം ജിഡിപിയുടെ 2.4 ശതമാനമായിരുന്നു കറന്‍റ് അക്കൗണ്ട് കമ്മി. ഈ ഉയര്‍ന്ന ശതമാനം രൂപയുടെ മൂല്യമിടിലും ക്രൂഡിന്‍റെ വിലക്കയറ്റവും തുടര്‍ക്കഥയാവുന്ന ഘട്ടത്തില്‍ സര്‍ക്കാരിന് വെല്ലുവിളിയാണ്. 

മസാല ബോണ്ടുകളുടെ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ ഭാഗമായി മസാല ബോണ്ടുകളിൽ ഇന്ത്യൻ ബാങ്കുകളുടെ മാർക്കറ്റ് നിർമ്മാണം തടയുന്നതിനുള്ള നിയന്ത്രണങ്ങളും നീക്കം ചെയ്യും.

മറ്റ് രക്ഷാപ്രവര്‍ത്തന മാര്‍ഗ്ഗങ്ങള്‍

നിലവിലുളള അടിസ്ഥാന വായ്പകൾക്കായുള്ള ഹെഡ്ജിംഗ് വ്യവസ്ഥകൾ അവലോകനം ചെയ്യാന്‍ തീരുമാനമെടുത്തതായി ദേശീയ മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. 50 മില്യണ്‍ ഡോളര്‍ വരെയുളള വിദേശ വാണിജ്യ വായ്പകള്‍ വാങ്ങാന്‍ ഉല്‍പ്പാദന മേഖലയെ അനുവദിക്കാനും യോഗം തീരുമാനിച്ചു. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ക്കുളള (എഫ്‍പിഐ) വ്യവസ്ഥകളില്‍ വ്യാപകമായ ഇളവുകള്‍ കൊണ്ടുവരാനും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. 

ഇതനുസരിച്ച് ഒരൊറ്റ കോർപ്പറേറ്റ് ഗ്രൂപ്പിനുള്ള വിദേശ പോർട്ട്ഫോളിയോ ഇൻവസ്റ്റേഴ്സിന്‍റെ കോർപ്പറേറ്റ് ബോണ്ട് പോർട്ട്ഫോളിയോയിലെ 20 ശതമാനം എക്സ്പെഷൻ പരിധികൾ നീക്കം ചെയ്യും, കോർപ്പറേറ്റ് ബോണ്ടുകളുടെ 50 ശതമാനം പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സിഎന്‍ബിസി ടിവി 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 

രൂപയ്ക്ക് വലിയ പ്രതീക്ഷ

രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം ഡോളറിനെതിരെ ഒരു ഘട്ടത്തില്‍  72.90 വരെ ഇടിഞ്ഞിരുന്നു. ക്രൂഡിന്‍റെ വില ബാരലിന് 80 ഡോളറിന് അടുത്തേക്ക് എത്തുകയും ചെയ്തു. ഇതാണ് സര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും കടുത്ത നടപടികള്‍ക്ക് ഇപ്പോള്‍ പ്രരിപ്പിച്ചിരിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയും ക്രൂഡിന്‍റെ വിലക്കയറ്റവും രാജ്യത്തെ കറന്‍റ് അക്കൗണ്ട് കമ്മി പരിധികള്‍ക്ക് അപ്പുറത്തേക്ക് വര്‍ദ്ധിപ്പിച്ചേക്കാമെന്ന സൂചന കൂടി ലഭിച്ചതോടെ സര്‍ക്കാരിന് മുന്നില്‍ കടുത്ത നടപടികളല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലാതായി.

വിദേശ വാണിജ്യ വായ്പകള്‍ക്കും എഫ്‍പിഐകള്‍ക്കും മസാല ബോണ്ടുകള്‍ക്കുമുളള നിയന്ത്രണങ്ങള്‍ കുറയ്ക്കാനും അനാവശ്യ ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചതിലൂടെ അടിയന്തരമായി കറന്‍റ് അക്കൗണ്ട് കമ്മി നിയന്ത്രണ വിധേയമാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം.    

click me!