സാധനങ്ങള്‍ക്ക് വില കുറയ്ക്കാത്ത കമ്പനികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

By Web DeskFirst Published Nov 21, 2017, 10:37 AM IST
Highlights

ചരക്ക് സേവന നികുതി കുറച്ചിട്ടും വില കുറയാത്ത സാഹചര്യത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയ്‌ക്കണമെന്ന് കമ്പനികളോട് കേന്ദ്ര നികുതി വകുപ്പ് ആവശ്യപ്പെട്ടു. ഉല്‍പ്പന്നങ്ങളുടെ പരമാവധി വില്‍പ്പന വിലയില്‍ (എം.ആര്‍.പി) ഉടനടി മാറ്റം വരുത്തണമെന്നാണ് ആവശ്യം. ഇതിനിടെ ജി.എസ്.ടി സ്ലാബുകള്‍ മൂന്നായി കുറയ്‌ക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി.

വിവിധ ഉത്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്കും മറ്റ് ചില ഉല്‍പ്പന്നങ്ങളുടേത് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനവുമാക്കി കുറച്ചിട്ടും വിലക്കുറവിന്‍റെ ആനുകൂല്യം ജനങ്ങള്‍ക്ക് കൈമാറാത്തതാണ് കേന്ദ്ര നികുതി വകുപ്പിനെ ചൊടിപ്പിച്ചിരിക്കുന്നത്. ചോക്കലേറ്റ്, കാപ്പി ഉത്പ്പന്നങ്ങള്‍, സോപ്പുപൊടി തുടങ്ങിയവയുടെ നികുതിയാണ് 28 ശതമാനത്തില്‍ നിന്ന് 18ആക്കി ചുരുക്കിയത്. പാല്‍,  ശുദ്ധീകരിച്ച പഞ്ചസാര, പ്രിന്‍റ് ചെയ്യുന്നതിനുള്ള മഷി തുടങ്ങിയവയുടെ നികുതി 18 ശതമാനത്തില്‍ നിന്ന് 12 ആയും കുറച്ചിരുന്നു. നവംബര്‍ 15 മുതല്‍ കുറഞ്ഞ നികുതി നിരക്ക് നിലവില്‍ വന്നെങ്കിലും പല എഫ്എംസിജി കമ്പനികളും ഉത്പന്നങ്ങളുടെ വിലയില്‍ മാറ്റം വരുത്താന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉത്പന്നങ്ങളുടെ എംആര്‍പി എത്രയും വേഗം പരിഷ്കരിക്കാന്‍ കേന്ദ്ര നികുതി വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. വിലയിലെ ഇളവ് ജനങ്ങള്‍ക്ക് കൈമാറിയില്ലെങ്കില്‍ നടപടി എടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കിട്ടുണ്ട്. 

ഇതിനിടെ ചരക്ക് സേവന നികുതിയിലെ 18 ശതമാനം, 12ശതമാനം സ്ലാബുകള്‍ ഏകീകരിക്കാനുള്ള നീക്കം കേന്ദ്രം തുടങ്ങിയെന്ന സൂചന മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ നല്‍കി. ജിഎസ്ടിയില്‍ നാല് സ്ലാബുകള്‍ ഏര്‍പ്പെടുത്തിയതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ 28 ശതമാനം എന്ന ഉയര്‍ന്ന സ്ലാബ് നിലനിര്‍ത്തി സാധാണക്കാരുടെ ഉത്പന്നങ്ങള്‍ 12, അഞ്ച്  ശതമാനങ്ങളിലേക്ക് കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമം.

click me!