
ചരക്കുസേവന നികുതി ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ പാസ്സാക്കി ചരിത്രം കുറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന് തല്‌ക്കാലം തിരിച്ചടിയേറ്റു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ഉപനേതാവ് ആനന്ദ് ശര്‍മ്മ എന്നിവരെയാണ് ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലിയും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാറും കണ്ടത്. പാര്‍ലമെന്റില്‍ ഗുലാംനബി ആസാദിന്റെ മുറിയിലെത്തിയാണ് ജയ്റ്റ്‍ലി കൂടിക്കാഴ്ച നടത്തിയത്. പരമാവധി നികുതി 18 ശതമാനമാക്കാനുള്ള വ്യവസ്ഥ ഭരണഘടനാ ഭേദഗതിയില്‍ തന്നെ നടപ്പാക്കണമെന്ന ആവശ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടു പോയില്ല. ഇതിന് ബദല്‍ നിര്‍ദ്ദേശങ്ങള്‍ ജയ്‍റ്റ്‍ലി നല്കി.
പാര്‍ട്ടിയില്‍ വീണ്ടും ചര്‍ച്ച നടക്കണമെന്ന് ഗുലാം നബി ആസാദ് അറിയിച്ചു. അടുത്തയാഴ്ച വീണ്ടും സര്‍ക്കാരുമായി ചര്‍ച്ചയാവാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചെന്ന് ജയ്റ്റ്‍ലി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. ഇത് പ്രാഥമിക ചര്‍ച്ചയായിരുന്നെന്നും ജയ്റ്റ്‍ലി പറഞ്ഞു. ബില്ല് ഈ സമ്മേളനത്തില്‍ തന്നെ പാസ്സാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നായിരുന്നു ഗുലാംനബി ആസാദിന്റെ പ്രതികരണം. അരുണാചല്‍പ്രദേശ് വിഷയത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് കടുത്ത നിലപാട് എടുക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. സമവായശ്രമം തുടരുന്നതിനാല്‍ ചൈനയില്‍ നടക്കുന്ന ജി20 രാജ്യങ്ങളിലെ ധന മന്ത്രിമാരുടെ സമ്മേളനത്തിനായുള്ള യാത്ര അരുണ്‍ ജയ്റ്റ്‍ലി റദ്ദാക്കി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.