നോട്ട് നിരോധനത്തിന് ശേഷം കള്ളനോട്ട് സംഘങ്ങള്‍ പുതിയ തന്ത്രം പരീക്ഷിക്കുന്നു

By Web DeskFirst Published Feb 19, 2017, 5:23 PM IST
Highlights

നോട്ട് നിരോധനത്തിന് പിന്നാലെ ഇറങ്ങിയ 2000 രൂപയുടെ നോട്ടുകളുടെ വ്യാജന്‍ ആഴ്ചകള്‍ക്കകം പുറത്തിറങ്ങിയത് അന്വേഷണ ഏജന്‍സികളെ ഞെട്ടിച്ചിരുന്നു. 2000ഉം 500ഉം ഒക്കെ വിട്ട് ഇപ്പോള്‍ മറ്റൊരു വഴിക്കാണ് കള്ളനോട്ട് സംഘങ്ങള്‍ ചിന്തിക്കുന്നതെന്നാണ് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി 100 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍.

നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതം ഇനിയുണ്ടാകരുതെന്ന് കൂടി  കരുതിയാണ് കള്ളനോട്ടടി സംഘങ്ങള്‍ 100ലേക്ക് ചുവടുമാറ്റിയതെന്നാണ് കണ്ടെത്തല്‍. ആറു ലക്ഷം രൂപയുടെ 100 രൂപാ നോട്ടുകളാണ് കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്ന് പിടിയിലായ രണ്ട് പേരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. യഥാര്‍ത്ഥ നോട്ടുകളുമായി എല്ലാ അര്‍ത്ഥത്തിലും സാമ്യമുണ്ടായിരുന്ന ഇവയെ തിരിച്ചറിയാന്‍ പോലും പ്രയാസമായിരുന്നു. സഞ്ജീവ്, അര്‍വിന്‍ എന്നിവരാണ് നോട്ടുകളുമായി കഴിഞ്ഞ ദിവസം പിടിയിലായത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇരുപതിലേറെ തവണ ഇരുവരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്ന് നേപ്പാള്‍ വഴിയാണ് നോട്ടുകള്‍ ഇന്ത്യയിലെത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ 40,000 രൂപയാണത്രെ ഈടാക്കുന്നത്. 

click me!