ബഹിരാകാശ പദ്ധതികളെക്കുറിച്ച് സംസാരിക്കുന്ന പിച്ചൈയുടെ ഈ വീഡിയോ ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് പങ്കുവെച്ചപ്പോള്‍, അതിന് മസ്‌ക് നല്‍കിയ ഒറ്റവാക്കിലുള്ള മറുപടി വൈറലായി
സാങ്കേതിക ലോകത്തെ രണ്ട് അതികായന്മാരുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പങ്കുവെച്ച മനോഹരമായ ഒരു ക്രിസ്മസ് ചിത്രവും, ബഹിരാകാശത്ത് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാനുള്ള ഗൂഗിളിന്റെ വിപ്ലവകരമായ നീക്കവുമാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ സംസാരവിഷയം.
എഐ വിരിയിച്ച ക്രിസ്മസ് മനോഹാരിത
ഗൂഗിളിന്റെ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ 'ജെമിനി'ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ഡിജിറ്റല്‍ ചിത്രത്തിലൂടെയാണ് പിച്ചൈ ലോകത്തിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നത്. ഒരു മഞ്ഞുഗോളത്തിനുള്ളില്‍ പിച്ചൈയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നായ 'ജെഫ്രീ'യും നില്‍ക്കുന്നതായിരുന്നു ചിത്രം. സാന്‍ഫ്രാന്‍സിസ്‌കോയിലെ പ്രശസ്തമായ ഗോള്‍ഡന്‍ ഗേറ്റ് പാലവും മഞ്ഞുവീണ പശ്ചാത്തലവും ചിത്രത്തിന് മിഴിവേകി. എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ച ഈ പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ അഞ്ചര ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌കും ഈ ചിത്രം തന്റെ ടൈംലൈനില്‍ പങ്കുവെച്ചു എന്നത് ശ്രദ്ധേയമായി.
ബഹിരാകാശത്ത് ഡാറ്റാ സെന്ററുകള്‍:
ക്രിസ്മസ് ആശംസകള്‍ക്ക് പിന്നാലെ സുന്ദര്‍ പിച്ചൈയുടെ ഒരു പഴയ അഭിമുഖവും മസ്‌കിന്റെ ശ്രദ്ധയില്‍പ്പെട്ടു. ബഹിരാകാശത്ത് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് പിച്ചൈ അതില്‍ സംസാരിക്കുന്നത്. സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് ഡാറ്റാ സെന്ററുകള്‍ ബഹിരാകാശത്ത് സ്ഥാപിക്കുക എന്നതാണ് ഗൂഗിളിന്റെ പുതിയ 'മൂണ്‍ഷോട്ട്' പദ്ധതികളില്‍ ഒന്ന്. 'സൂര്യനോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്ന രീതിയില്‍ ബഹിരാകാശത്ത് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിന്റെ ആദ്യ പടികള്‍ 2027-ഓടെ ആരംഭിക്കും,' എന്ന് പിച്ചൈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. സോളാര്‍ പാനലുകള്‍ വഴി സൂര്യപ്രകാശം നേരിട്ട് ഊര്‍ജ്ജമാക്കി മാറ്റാന്‍ ഇത് സഹായിക്കും.
മസ്‌കിന്റെ 'ഇന്‍ട്രസ്റ്റിംഗ്' മറുപടി
ബഹിരാകാശ പദ്ധതികളെക്കുറിച്ച് സംസാരിക്കുന്ന പിച്ചൈയുടെ ഈ വീഡിയോ ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് പങ്കുവെച്ചപ്പോള്‍, അതിന് മസ്‌ക് നല്‍കിയ ഒറ്റവാക്കിലുള്ള മറുപടി വൈറലായി. 'ഇന്‍ട്രസ്റ്റിംഗ്' എന്നാണ് മസ്‌ക് കുറിച്ചത്. സ്‌പേസ് എക്‌സിലൂടെ ബഹിരാകാശ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മസ്‌കിന്റെ ഈ കമന്റ് രണ്ട് കമ്പനികളും തമ്മിലുള്ള ഭാവി സഹകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വഴിതുറന്നിട്ടുണ്ട്.
