അമേരിക്കയില്‍ നിന്ന് കേരളത്തിലേക്കും എണ്ണയെത്തിക്കുന്നു

By Web DeskFirst Published Oct 3, 2017, 3:54 PM IST
Highlights

കൊച്ചി: ഭാരത് പെട്രോളിയം കോര്‍പറേഷന്റെ കൊച്ചി റിഫൈനറിയിലേക്ക് അമേരിക്കയില്‍ നിന്നുള്ള അസംസ്കൃത എണ്ണയുമായി ആദ്യ കപ്പല്‍ വ്യാഴാഴ്ചയെത്തും.139 മെട്രിക് ടണ്‍ അമേരിക്കന്‍ ക്രൂഡ് ഓയിലാണ് ആദ്യഘട്ടത്തില്‍ റിഫൈനറിയിലെത്തിക്കുക. 1975ന് ശേഷം ആദ്യമായാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത്. 

അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ റിഫൈനറിയിലേക്കു ക്രൂഡ് ഓയിലുമായുള്ള ആദ്യ കപ്പല്‍ ഇന്നലെ ഒഡിഷ തീരത്തെത്തി. 16 ലക്ഷം ബാരല്‍ എണ്ണയാണ് കൊണ്ടുവന്നത്. ഓഗസ്റ്റ് 19ന് അമേരിക്കയില്‍ നിന്ന് പുറപ്പെട്ട എം.ടി ന്യൂ പ്രോസ്‌പിരിറ്റി എന്ന കപ്പലാണ് ഇന്നലെയെത്തിയത്. ഒഡിഷയെ കൂടാതെ ബംഗാള്‍, ബിഹാര്‍, അസം എന്നീ സംസ്ഥാനങ്ങളിലുള്ള റിഫൈനറികളിലേക്കും അമേരിക്കന്‍ അസംസ്കൃത എണ്ണ എത്തും. 39 ലക്ഷം ബാരല്‍ എണ്ണയാണ് ഇപ്പോള്‍ എത്തിക്കുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ വിശാഖപട്ടണം റിഫൈനറിയിലേക്കും അമേരിക്കന്‍ എണ്ണ എത്തും. 29.5 ലക്ഷം ബാരലിന്റേതാണ് എച്ച്.പി.സി.എല്ലുമായുള്ള കരാര്‍.

ബി.പി.സി.എല്ലുമായി 10 ലക്ഷം ബാരലിന്റെ കരാറാണ് ഇപ്പോഴുള്ളത്. രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളുമായി 78.5 ലക്ഷം ബാരലിന്റെ കരാറാണ് അമേരിക്ക ഉണ്ടാക്കിയിരിക്കുന്നത്. ഏതു തരത്തിലുള്ള അസംസ്കൃത എണ്ണയും ശുദ്ധീകരിക്കാനുള്ള ശേഷി ബി.പി.സി.എല്‍ റിഫൈനറിക്കുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഗുണപരിശോധനയില്‍ അമേരിക്കന്‍ ക്രൂഡ് മുന്‍പിലെത്തിയാല്‍ ഭാവിയില്‍ യു.എസില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂടും. കപ്പല്‍മാര്‍ഗം കൊണ്ടുവരുന്നതിനുള്ള ചെലവ് ഉള്‍പ്പെടെ കണക്കാക്കിയാലും ഗള്‍ഫ് എണ്ണയേക്കാള്‍ ചെലവു കുറഞ്ഞതാണ് അമേരിക്കന്‍ എണ്ണ.

click me!