നിങ്ങളുടെ ഫോണിലെ ഇ- വാലറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ?

By Web DeskFirst Published Mar 2, 2018, 2:50 PM IST
Highlights

നോട്ട് നിരോധനത്തിന് ശേഷം ജനപ്രിയമായി മാറിയ പേടിഎം പോലുള്ള വാലറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം കഴിഞ്ഞ രണ്ട് ദിവസമായി വ്യാപക പരാതിയാണ്

ദില്ലി: മൊബൈല്‍ വാലറ്റുകളുടെ കെ.വൈ.വി പൂര്‍ത്തീകരണത്തിന് റിസര്‍വ് ബാങ്ക് അനുവദിച്ചിരുന്ന സമയപരിധി ഫെബ്രുവരി 28ന് അവസാനിച്ചു. അതുകൊണ്ടുതന്നെ ആധാര്‍ നമ്പര്‍ നല്‍കിയിട്ടില്ലാത്തവരുടെ മൊബൈല്‍ വാലറ്റുകള്‍ ഇപ്പോള്‍ പരിമിതമായ സേവനങ്ങളേ നല്‍കുന്നുള്ളൂ.

നോട്ട് നിരോധനത്തിന് ശേഷം ജനപ്രിയമായി മാറിയ പേടിഎം പോലുള്ള വാലറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം കഴിഞ്ഞ രണ്ട് ദിവസമായി വ്യാപക പരാതിയാണ്. വാലറ്റുകളിലേക്ക് പണം ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല. വാലറ്റുകളിലെ പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനോ മറ്റൊരാള്‍ക്ക് പണം ട്രാന്‍സ്‍ഫര്‍ ചെയ്യാനോ സാധിക്കുന്നില്ല. നിലവില്‍ വാലറ്റുകളില്‍ ഉള്ള പണം ഉപയോഗിച്ച് തീര്‍ക്കാന്‍ മാത്രമാണ് മിക്ക വാലറ്റുകളിലും കഴിയുന്നത്. എന്നാല്‍ ഇത് പോലും  സാധിക്കാതെ പൂര്‍ണ്ണമായും പ്രവര്‍ത്തനം നിലച്ച വാലറ്റുകളുമുണ്ട്. കെവൈസി മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള തീയ്യതി റിസര്‍വ് ബാങ്ക് നീട്ടുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടാകാത്തതാണ് അപ്രതീക്ഷിത തിരിച്ചടിയായത്.

ഡിസംബറിലെ കണക്ക് അനുസരിച്ച് 12,568 കോടിയുടെ ഇടപാടുകളാണ് രാജ്യത്ത് ഇ വാലറ്റുകള്‍ വഴി നടക്കുന്നത്. എന്നാല്‍ ഇവ ഉപയോഗിക്കുന്ന 10ല്‍ എട്ട് പേരും കെ.വൈ.സി പാലിച്ച അക്കൗണ്ടുകളല്ല ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ അക്കൗണ്ടുകളുള്ളത് പേടിഎമ്മിനാണ്. മൊബി ക്വിക്, ഓല മണി, ഫ്രീ ചാര്‍ജ്, എച്ച്ഡിഎഫ്‍സി ബാങ്കിന്റെ പേസാപ്പ്, എസ്‍ബിഐയുടെ ബഡ്ഡി, എന്നിങ്ങനെ നിരവധി വാലറ്റുകളുണ്ട്. സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയില്‍ രേഖകളായ ഡ്രൈവിങ് ലൈസന്‍സ്, പാന്‍, ആധാര്‍, പാസ്‍പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും സമര്‍പ്പിച്ച് അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയും. എന്നാല്‍ ഇത് എങ്ങനെയെന്ന കാര്യത്തിലും പലര്‍ക്കും വ്യക്തമായ ധാരണയില്ല.

click me!