പൊതുമേഖലാ ബാങ്കുകളുടെ വിദേശ ശാഖകളുടെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്രം

By Web DeskFirst Published Mar 2, 2018, 12:14 PM IST
Highlights

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന വലിയ തട്ടിപ്പിന് പിന്നാലെയാണ് വിദേശത്തെ പ്രവര്‍ത്തനത്തില്‍ ബാങ്കുകള്‍ക്ക് കര്‍ശനമായ വ്യവസ്ഥകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ദില്ലി: പൊതുമേഖലാ ബാങ്കുകളുടെ വിദേശ ശാഖകളുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ലാഭകരമല്ലാത്ത ശാഖകള്‍ അടച്ചുപൂട്ടാനും വിവിധ ബാങ്കുകളുടെ ശാഖകള്‍ ലയിപ്പിക്കാനും നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗരേഖ കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കി.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന വലിയ തട്ടിപ്പിന് പിന്നാലെയാണ് വിദേശത്തെ പ്രവര്‍ത്തനത്തില്‍ ബാങ്കുകള്‍ക്ക് കര്‍ശനമായ വ്യവസ്ഥകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിവിധ പൊതുമേഖലാ ബാങ്കുകളുടെ 35 വിദേശ ശാഖകള്‍ ലയിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. ബാങ്കുകളുടെ വിദേശ സാന്നിദ്ധ്യം കുറയ്‌ക്കാത്ത തരത്തിലായിരിക്കും ഇത് നടപ്പാക്കുന്നത്. 69 ശാഖകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയാണ്. സാധ്യമാകുമെങ്കില്‍ ഇവയില്‍ പലതും ലയിപ്പിക്കുന്ന നടപടികളിലേക്ക് കടക്കും.  വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന ശാഖകളും സേവനങ്ങളും അവസാനിപ്പും. പൊതുമേഖലാ ബാങ്കുകളുടെ വിദേശത്തെ 219 ശാഖകളുടെയും പ്രവര്‍ത്തനം നിരീക്ഷിക്കുകയാണ്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യ പത്രങ്ങള്‍ ഉപയോഗിച്ചാണ് നീരവ് മോദി ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖകളില്‍ നിന്ന് മറ്റ് ഗ്യാരന്റികളൊന്നും നല്‍കാതെ ലോണ്‍ സംഘടിപ്പിച്ചതും തുടര്‍ന്ന് തിരിച്ചടയ്‌ക്കാതെ വിദേശത്തേക്ക് കടന്നതും.

click me!