നാല് വര്‍ഷത്തിനുള്ളില്‍ എടിഎമ്മും കാര്‍ഡ് സേവനങ്ങളും ഇല്ലാതാകുമെന്ന് അമിതാഭ് കാന്ത്

By Web DeskFirst Published Nov 12, 2017, 3:03 PM IST
Highlights

ദില്ലി: വരുന്ന നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എടിഎം കൗണ്ടറുകളും ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകളും അപ്രസക്തമായി മാറുമെന്നും മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് ജനങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന കാലം വിദൂരമല്ലെന്നും നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്.  നോയിഡയിലെ അമിറ്റി സര്‍വ്വകലാശാല ക്യാംപസിലെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ കണക്ഷനുകളും ബാങ്ക് അക്കൗണ്ടുകളും ഉള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഭാവിയില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വര്‍ധന ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യയില്‍ 72 ശതമാനവും 32 വയസ്സില്‍ താഴെയുളളവരുള്ള ലോകത്തെ ഏകരാഷ്ട്രമാണ് ഇന്ത്യ. ഇത് ഭാവിയില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. 2040 വരെ ഇന്ത്യയുടെ ജനസംഖ്യ ഊര്‍ജസ്വലമായി തുടരും. എന്നാല്‍ അതേസമയം 2040 ആവുമ്പോഴേക്കും യൂറോപ്യന്‍ രാജ്യങ്ങളുടെ ജനസംഖ്യ പ്രായാധിക്യത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിവര്‍ഷം 7.5 എന്ന നിരക്കിലാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളരുന്നത്. ഇത് 9-10 ശതമാനത്തിലേക്ക് എത്തിക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!