ആമസോണ്‍ വഴി 166 ഫോണുകള്‍ വാങ്ങി, കബളിപ്പിച്ച് പണവും തിരികെ വാങ്ങി- ഒടുവില്‍ പിടിയില്‍

By Web DeskFirst Published Oct 11, 2017, 11:20 PM IST
Highlights

ദില്ലി; ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍ വഴി 166 ഫോണുകള്‍ വാങ്ങിയ ശേഷം കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് റീഫണ്ട് വാങ്ങിയ സംഭവത്തില്‍ രണ്ട് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി ട്രൈ നഗര്‍ സ്വദേശികളായ ശിവറാം ചോപ്ര, സച്ചിന്‍ ജെയിന്‍ എന്നിവരാണ് കമ്പനിയുടെ പരാതി പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പിടിയിലായത്. 12 ലക്ഷം രൂപയും 25 മൊബൈല്‍ ഫോണുകളും 40 ബാങ്ക് പാസ്ബുക്കുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു,

ആമസോണ്‍ വഴി ഐ ഫോണുകളും സാംസങ്, വണ്‍ പ്ലസ് തുടങ്ങിയ കമ്പനികളുടെ വിലകൂടിയ ഫോണുകളുമാണ് ഇവര്‍ വാങ്ങിയത്. ക്യാഷ് ഓണ്‍ ഡെലിവറിയാണ് തെരഞ്ഞെടുത്തത്. ചില ഫോണുകള്‍ക്ക് ഗിഫ്റ്റ് വൗച്ചറുകള്‍ വെച്ചും പണം നല്‍കി. ഫോണ്‍ കിട്ടിയ ശേഷം തങ്ങള്‍ക്ക് കാലി പെട്ടികളാണ് കിട്ടിയതെന്ന് കമ്പനിയില്‍ പരാതിപ്പെട്ടാണ് ഇവര്‍ തട്ടിപ്പിന് വഴിയൊരുക്കിയത്. ഗിഫ്റ്റ് വൗച്ചറുകളായാണ് ഇവര്‍ പണം തിരികെ വാങ്ങിയിരുന്നതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഏപ്രില്‍-മേയ് മാസങ്ങളില്‍ 166 ഫോണുകള്‍ ഇങ്ങനെ ഓര്‍ഡര്‍ ചെയ്യപ്പെട്ടെന്നും ഇവ ലഭിച്ചിട്ടില്ലെന്ന് പരാതികള്‍ ഉയര്‍ന്നതും ചൂണ്ടിക്കാട്ടി ആമസോണ്‍ കമ്പനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.  ജൂണില്‍ ലഭിച്ച പരാതി പ്രകാരം ഓഗസ്റ്റിലാണ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തത്. 

തട്ടിപ്പ് നടത്താനായി മാത്രം 48 അക്കൗണ്ടുകളാണ് ഇവര്‍ ആമസോണില്‍ ഉണ്ടാക്കിയത്. 141 ഫോണ്‍ കണക്ഷനുകളും ഉപയോഗിച്ചു. എല്ലാ ഓര്‍ഡറുകള്‍ക്കും ഒരേ വിലാസം തന്നെ നല്‍കുന്നതിന് പകരം അടുത്തുള്ള പല സ്ഥലങ്ങളുടെ പേരുകളും പിന്‍കോഡുകളും നല്‍കി. ഫോണുകള്‍ കൊണ്ടുവരുന്ന ജീവനക്കാര്‍ ഈ വിലാസങ്ങളില്‍ ആളിനെ കണ്ടുപിടിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഫോണ്‍ വിളിച്ച് ചോദിക്കും. ഈ സമയത്ത് അയാള്‍ക്ക് അടുത്തുള്ള സ്ഥലങ്ങള്‍ പറഞ്ഞുകൊടുത്ത ശേഷം പോയി ഫോണ്‍ വാങ്ങുകയായിരുന്നു. കിട്ടിയ ഉടന്‍ തന്നെ ബോക്സില്‍ സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പരാതിപ്പെട്ട ശേഷം റീഫണ്ട് ആവശ്യപ്പെടുകയായിരുന്നു പതിവ്.

സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും തിരികെ പണം വാങ്ങാനും ഉപയോഗിച്ച ഫോണ്‍ നമ്പറുകളും പ്രദേശത്തെ മറ്റ് വ്യക്തികളെ ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവരങ്ങളും ഉപയോഗിച്ചായിരുന്നു പൊലീസ് ഇവരിലേക്ക് എത്തിയത്.ഫോണുകള്‍ വിതരണം ചെയ്ത ജീവനക്കാരുടെ സഹായവും തേടി. മൊബൈല്‍ ഫോണ്‍ കട നടത്തിയിരുന്ന ജയിനാണ് സിം കാര്‍ഡുകള്‍ നല്‍കിയത്. ഒരു സിമ്മിന് 150 രൂപാ വീതം നല്‍കി നേരത്തെ കണക്ഷന്‍ ആക്ടിവേറ്റ് ചെയ്യപ്പെട്ട സിമ്മുകള്‍ ഇയാള്‍ കരസ്ഥമാക്കിയെന്നും പൊലീസ് അറിയിച്ചു.

click me!