
ദുബായ്: കഴിഞ്ഞ വര്‍ഷം ദുബായ് പൊലീസിന് 'കളഞ്ഞു കിട്ടിയ'ത് 62.5 ലക്ഷം ദിര്‍ഹമാണ്. രാജ്യത്ത് പലയിടത്ത് നിന്നും കളഞ്ഞുകിട്ടിയ സാധനങ്ങള്‍ ഉടമസ്ഥരെ അന്വേഷിച്ചിട്ടും കണ്ടെത്താനാവാതെ വന്നതിനെ തുടര്‍ന്ന് വിറ്റഴിച്ചപ്പോള്‍ കിട്ടിയതാണ് ഇത്രയും പണം. ഏകദേശം 10 കോടിയോളം രൂപ വരും ഇത്.
കളഞ്ഞുകിട്ടിയ വസ്തുക്കൾ ലേലം ചെയ്തതിലൂടെ മാത്രം സർക്കാരിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 47.1 ലക്ഷം ദിര്‍ഹം കിട്ടി. ഈ വര്‍ഷം ഇതുവരെയുള്ള കണക്കനുസരിച്ച് ഇത് 38.6 ലക്ഷം ദിർഹം ഇങ്ങനെ കിട്ടി. ഈ വര്‍ഷം ഇതുവരെ 198,000 യു.എസ് ഡോളർ, 10,000 ബഹറൈനി ദിനാർ, 15,000 പൗണ്ട്, 300,000 ഖത്തര്‍ റിയാൽ, 3,000 കുവൈത്തി റിയാല്‍ എന്നിവ ഉടമസ്ഥരെ കണ്ടെത്തി തിരിച്ചുനൽകുകയും ചെയ്തു. ഇതിന് പുറമെ 14,000 മൊബൈല്‍ ഫോണുകള്‍, 1,679 സ്മാര്‍ട്ട് ഡിവൈസുകള്‍, 639 ലാപ്ടോപ്പുകള്‍, 1,217 ക്യാമറകള്‍, 16,000 കണ്ണടകള്‍, 11,000 വാച്ചുകള്‍ എന്നിവയും കിട്ടി. വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍വകലാശാലകള്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയൊക്കെ ബന്ധപ്പെട്ട സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയാണ് പതിവ്. ഇതല്ലാതെ 60 ഇഞ്ച് എല്‍.സി.ഡി ടി.വി മുതല്‍ ജനറേറ്റര്‍ വരെയുള്ള സാധനങ്ങള്‍ വേറെയുമുണ്ട്.
കളഞ്ഞുകിട്ടുന്ന വസ്തുക്കൾ ഉടമസ്ഥർക്ക് തിരികെ ലഭ്യമാക്കാന്‍ ദുബായ് പൊലീസിന് പ്രത്യേകം സംവിധാനവും ഇത്തരം സാധനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലവും ദുബായ് പൊലീസിനുണ്ട്. കിട്ടുന്ന സാധനങ്ങളുടെ ഉടമകളെ ബന്ധപ്പെടാന്‍ കഴിയുമെങ്കില്‍ അവരോട് തന്നെ വന്ന് സാധനങ്ങള്‍ തിരികെ വാങ്ങാന്‍ ആവശ്യപ്പെടാറാണ് പതിവ്. ആരും അന്വേഷിച്ച് വരാത്ത സാധനങ്ങള്‍ ഒരു വര്‍ഷം വരെ ഉടമസ്ഥരെ കാത്തിരിക്കും. അതിന് ശേഷമാണ് ലേലത്തിന് വയ്ക്കുന്നത്. വിദേശികളുടെ പാസ്പോര്‍ട്ടും മറ്റു രേഖകളും കളഞ്ഞുകിട്ടിയാല്‍ അത് വിദേശകാര്യ മന്ത്രാലയത്തിലേക്കും അവിടെ നിന്ന് അതത് രാജ്യങ്ങളിലെ എംബസികളിലേക്കും കൈമാറപ്പെടും. മൂന്ന് മാസത്തിലൊരിക്കല്‍ സാധനങ്ങളുടെ കണക്കെടുക്കും. ഭക്ഷണം, മരുന്നുകള്‍ തുടങ്ങിയവ നശിപ്പിക്കും. വസ്ത്രങ്ങള്‍ നിശ്ചിത കാലയളവിന് ശേഷം ചാരിറ്റബ്ള്‍ സൊസൈറ്റികള്‍ക്ക് കൈമാറും.
ഒരാൾക്ക് എന്തെങ്കിലും സാധനങ്ങള്‍ കളഞ്ഞുകിട്ടിയാൽ 48 മണിക്കൂറിനകം അത് അധികൃതർക്ക് കൈമാറിയിരിക്കണമെന്നാണ് ദുബായിലെ നിയമം. അങ്ങനെ ചെയ്തില്ലെങ്കില്‍ അത് പിടിച്ചെടുക്കാന്‍ അധികൃതര്‍ക്ക് അവകാശമുണ്ട്. സാധനങ്ങള്‍ തിരിച്ചേൽപ്പിക്കുന്നവര്‍ക്ക് മാതൃകയാകുന്നവർക്ക് ദുബായ് പൊലീസ് സമ്മാനങ്ങളും നൽകാറുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.