പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടിയേക്കും

By Web DeskFirst Published Dec 5, 2017, 5:33 PM IST
Highlights

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടിയേക്കുമെന്നു സൂചന. നിലവില്‍ ഡിസംബര്‍ 31 ആണ് വരെയാണ് ഇതിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സമയം. ഇത് മൂന്നു മുതല്‍ ആറു മാസം വരെ തീയതി നീട്ടിയേക്കുമെന്നാണ് സൂചന. സമയപരിധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ഈ വര്‍ഷം അവസാനത്തോടെ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ നവംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് 33 കോടി പാന്‍ കാര്‍ഡുകളുള്ളതില്‍ 13.28 കോടി എണ്ണം മാത്രമാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. പാന്‍ കാര്‍ഡിനുള്ള പുതിയ അപേക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാണ്. ആധാറിനെതിരെ കോടതിയില്‍ നിന്ന് പരാമര്‍ശങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ പരമാവധി സമയം നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുമെന്നാണ് സൂചന. വ്യാജ പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള അനധികൃത പണമിടപാടുകള്‍ ഇല്ലാതാക്കാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം. 

click me!