ജി.എസ്.ടി കുറച്ചേക്കും; ഹോട്ടല്‍ ഭക്ഷണത്തിന് വില കുറയും

By Web DeskFirst Published Oct 18, 2017, 3:16 PM IST
Highlights

ദില്ലി: ഹോട്ടല്‍ ഭക്ഷണത്തിന് ഈടാക്കുന്ന ചരക്ക് സേവന നികുതിയില്‍ ഇളവ് നല്‍കാന്‍ ധാരണയായെന്ന് സൂചന. എ.സി ഹോട്ടലുകളിലെ ഭക്ഷണത്തിന് ഇപ്പോള്‍ ഇടാക്കുന്ന 18 ശതമാനം ജി.എസ്.ടി 12 ശതമാനമാക്കി കുറച്ചേക്കും. നിലവില്‍ എ.സി ഇല്ലാത്ത ഹോട്ടലുകളിലാണ് 12 ശതമാനം ജി.എസ്.ടി ഈടാക്കുന്നത്.  പുതിയ തീരുമാനം നടപ്പായാല്‍ എ.സി, നോണ്‍ എ.സി ഹോട്ടലുകളില്‍ ഒരേ നികുതി തന്നെയായിരിക്കും ഈടാക്കുക.

ചരക്ക് സേവന നികുതി ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വന്ന ശേഷം വന്‍തോതിലാണ് ഹോട്ടല്‍ ഭക്ഷണത്തിന് വില വര്‍ദ്ധിച്ചത്. നേരത്തെ 0.5 ശതമാനം അനുമാന നികുതി മാത്രം നല്‍കിയിരുന്ന ഹോട്ടലുകള്‍ 12 ശതമാനവും 18 ശതമാനവും നികുതി നല്‍കേണ്ടി വന്നു. എ.സി ഉള്ള ഹോട്ടലുകള്‍ക്ക് 18 ശതമാനവും എ.സി ഇല്ലാത്ത ഹോട്ടലുകള്‍ക്ക് 12 ശതമാനവുമാണ് നികുതി ഈടാക്കുന്നത്. ഇത് വലിയ പ്രതിഷേധനങ്ങള്‍ക്ക് വഴി വെച്ചതോടെ കഴിഞ്ഞയാഴ്ച ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ ഇക്കാര്യം പരിശോധിക്കാന്‍ ഒരു സമിതിക്ക് രൂപം നല്‍കുകയായിരുന്നു. ഈ സമിതിയാണ് ഹോട്ടലുകളിലെ എ.സി, നോണ്‍ എ.സി വിവേചനം അവസാനിപ്പിക്കാനൊരുങ്ങുന്നത്. രണ്ട് തരത്തിലുള്ള ഹോട്ടലുകളിലും 12 ശതമാനം നികുതി ഈടാക്കാന്‍ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. ഇതിന് പുറമെ ഹോട്ടലുകള്‍ക്ക് ലഭിക്കുന്ന ഇന്‍പുട്ട് ക്രെഡിറ്റ് എടുത്തുകളയുകയും ചെയ്യും. എന്നാല്‍ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ക്ക് നേരത്തെ ഈടാക്കിയിരുന്ന 18 ശതമാനം ജി.എസ്.ടി തന്നെ തുടരും.

ഹോട്ടലുകളിലേക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന ഇന്‍പുട്ട് ക്രെഡിറ്റ് സൗകര്യം വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണത്തിന്റെ വില അല്‍പ്പം പോലും കുറയ്ക്കാതെ ജി.എസ്.ടി ഈടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹോട്ടലുകള്‍ക്ക് ഇന്‍പുട്ട് ക്രെഡിറ്റ് സംവിധാനം തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സമിതി എത്തുന്നത്. ഒക്ടോബര്‍ 29ന് വീണ്ടും യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുത്ത ശേഷം നവംബര്‍ ഒന്‍പതിന് ഗുവാഹത്തിയില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കും. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടേതാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.

click me!