ആകാശ സര്‍വേ പൂര്‍ത്തിയായി; കേരളത്തിന്‍റെ അതിവേഗ റെയില്‍പാത പദ്ധതി മുന്നോട്ട്

Published : Jan 05, 2020, 09:29 PM ISTUpdated : Jan 05, 2020, 09:32 PM IST
ആകാശ സര്‍വേ പൂര്‍ത്തിയായി; കേരളത്തിന്‍റെ അതിവേഗ റെയില്‍പാത പദ്ധതി മുന്നോട്ട്

Synopsis

സര്‍വെ വിവരങ്ങള്‍ സര്‍വേ ഓഫ് ഇന്ത്യയടക്കമുള്ള ഏജന്‍സികളും സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് പരിശോധിച്ച് തന്ത്രപ്രധാന മേഖലകള്‍ ഒഴിവാക്കിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. തുടര്‍ന്ന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) ന് വേണ്ടിയുള്ള അലൈന്‍മെന്‍റ് നിര്‍ണയിക്കും.

തിരുവനന്തപുരം: കേരളത്തിന്‍റെ അര്‍ധ അതിവേഗ റെയില്‍പാതയായ  സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ് നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയായി നടത്തിയ ആകാശ സര്‍വേ വിജയകരമായി പൂര്‍ത്തിയാക്കി. 

കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച സര്‍വേ ആദ്യ ദിനം കണ്ണൂര്‍ മുതല്‍ കാസര്‍കോട് വരെയായിരുന്നു. തിരുവനന്തപുരത്താണ് സര്‍വേ പൂര്‍ത്തിയായത്.  സില്‍വര്‍ ലൈന്‍ ദൈര്‍ഘ്യമായ 531.45 കിലോമീറ്റര്‍ സര്‍വേ ചെയ്യുന്നതിന് പാര്‍ട്ടെനേവിയ പി 68 എന്ന വിമാനവും അതിലെ  ലൈഡാര്‍ സംവിധാനവുമാണ് ഉപയോഗിച്ചത്. ഇതിനു പുറമെ സ്റ്റേഷന്‍ പ്രദേശങ്ങളും സര്‍വേ ചെയ്തു. അഞ്ച് മുതല്‍ പത്ത് സെന്‍റീമീറ്റര്‍ വരെ സൂക്ഷ്മതയിലുള്ള വിവരങ്ങളാണ് ലഭിച്ചത്. 

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന് (കെ-റെയില്‍) വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് സര്‍വേ നടത്തിയത്. നിര്‍ദ്ദിഷ്ട മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ലൈഡാര്‍ സര്‍വെയും ജിയോനോ തന്നെയാണ് നടത്തിയത്. 

സര്‍വെ വിവരങ്ങള്‍ സര്‍വേ ഓഫ് ഇന്ത്യയടക്കമുള്ള ഏജന്‍സികളും സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് പരിശോധിച്ച് തന്ത്രപ്രധാന മേഖലകള്‍ ഒഴിവാക്കിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. തുടര്‍ന്ന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) ന് വേണ്ടിയുള്ള അലൈന്‍മെന്‍റ് നിര്‍ണയിക്കും.
 
സര്‍വേ കൃത്യമായി പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് ഡിപിആറും ലൊക്കേഷന്‍ സര്‍വേയും വളരെ വേഗം തയാറാക്കി പണി തുടങ്ങാന്‍ കഴിയുമെന്ന് കെആര്‍ഡിസില്‍ എംഡി വി അജിത് കുമാര്‍ അറിയിച്ചു. 
 
കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ് കെ-റെയില്‍. തിരുവനന്തപുരം മുതല്‍ തൃശൂരിനു സമീപം തിരുനാവായ വരെ 310 കിലോമീറ്റര്‍ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്നു മാറിയും തൃശൂരില്‍നിന്ന് കാസര്‍കോട് വരെയുള്ള ബാക്കി ദൂരം നിലവിലുള്ള പാതയ്ക്കു സമാന്തരമായിട്ടും ആയിരിക്കും സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് ലൈന്‍ സ്ഥാപിക്കുന്നത്. ആകെ പത്തു സ്റ്റേഷനുകളാണുള്ളത്. മറ്റു സ്റ്റേഷനുകളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയും സില്‍വര്‍ ലൈനിനുണ്ട്. 200 കിലോമീറ്റര്‍ വേഗത്തിലാണ് സില്‍വര്‍ ലൈനിലൂടെ വണ്ടിയോടുക. 

ഭൂമിയുടെ കിടപ്പ് സംബന്ധിച്ച വിശദവും കൃത്യവുമായ വിവരം ജനജീവിതത്തിനു തടസമുണ്ടാക്കാതെ ലൈഡാര്‍ സര്‍വെ വഴി ലഭ്യമായിട്ടുണ്ട്. കാട്, നദികള്‍, റോഡുകള്‍, നീര്‍ത്തടങ്ങള്‍, കെട്ടിടങ്ങള്‍, വൈദ്യുതി ലൈനുകള്‍, പൈതൃകമേഖലകള്‍ എന്നിവയും കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. ഇതിനായി ഉയര്‍ന്ന റെസൊല്യൂഷന്‍ ഉള്ള ക്യാമറയാണ് ലൈഡാര്‍ യൂണിറ്റില്‍ ഉപയോഗിച്ചത്. 

രണ്ട് ലൈനുകള്‍ക്കുള്ള സ്ഥലം മാത്രമാണ് സില്‍വര്‍ ലൈനിനുവേണ്ടിവരുന്നത്. നഗരങ്ങളില്‍ ആകാശപാതകളിലൂടെയായിരിക്കും ഇത് കടന്നുപോകുന്നത്.
 

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

ജിഎസ്ടി യോ​ഗത്തിൽ നിർണായക തീരുമാനങ്ങൾ, അറസ്റ്റ് ചെയ്യാനുള്ള അധികാരം ഒഴിവാക്കി
നിര്‍ണായക തീരുമാനത്തിനൊരുങ്ങി ജിഎസ്ടി കൗണ്‍സില്‍; ബാങ്കുകള്‍ വഴിയുള്ള സ്വര്‍ണ ഇറക്കുമതിക്ക് നികുതി ഇളവ് റദ്ദാക്കിയേക്കും