ശക്തമായ കുതിപ്പിന് ശേഷം കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. യുഎസ് പലിശനിരക്ക്, ഡോളറിന്റെ മൂല്യം, കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ എന്നിവയാണ് ഇനിയുള്ള വില നിർണയിക്കുക. ഇന്ത്യയിലെ വിവാഹ സീസണും വിലയിൽ പ്രതിഫലിച്ചേക്കാം.
ശക്തമായ കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ വില 8 ശതമാനമാണ് കുറഞ്ഞത്. ഇന്ത്യയില്‍ വിവാഹ സീസണ്‍ ആരംഭിക്കുന്നത് സ്വര്‍ണാഭരണങ്ങളുടെ ഡിമാന്റ് കൂടുന്നതിന് സഹായകരമായേക്കാം. എന്നാല്‍, സ്വര്‍ണവിലയുടെ ഇനിയുള്ള ഗതി ആഗോള ഘടകങ്ങളെ ആശ്രയിച്ചായിരിക്കും. യുഎസിലെ പലിശനിരക്ക്, ഡോളറിന്റെ മൂല്യത്തിലെ മാറ്റം, കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍, നിക്ഷേപകരുടെ താല്‍പര്യം എന്നിവ ഇതില്‍ പ്രധാനമാണ്.
സ്വര്‍ണവില നിര്‍ണയിക്കുന്നത്
യുഎസിലെ പലിശനിരക്ക്: ഫെഡിന്റെ തീരുമാനം നിര്‍ണായകം
യുഎസിലെ പലിശനിരക്ക് മാറ്റമില്ലാതെ തുടരുകയും പണപ്പെരുപ്പം താഴുകയും ചെയ്താല്‍ യഥാര്‍ഥ വരുമാനനിരക്ക് ഉയരും. ഇത് സ്വര്‍ണത്തിന് പ്രതികൂലമാണ്. അതേസമയം, പണപ്പെരുപ്പം കുറയുകയും പലിശ ഇളവുകള്‍ക്ക് അനുകൂലമായ സമീപനം ഫെഡ് സ്വീകരിക്കുകയും ചെയ്താല്‍ സ്വര്‍ണത്തിന് അനുകൂല സാഹചര്യമാകും. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുകയും പലിശനിരക്ക് ദീര്‍ഘകാലം ഉയര്‍ന്നുതന്നെ നില്‍ക്കുകയും ചെയ്താല്‍, സ്വര്‍ണവില ഒരു നിശ്ചിത പരിധിക്കുള്ളില്‍ ചാഞ്ചാട്ടം രേഖപ്പെടുത്തിയേക്കാം.
കേന്ദ്ര ബാങ്കുകള്‍ വാങ്ങിക്കൂട്ടുമോ?
സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ കേന്ദ്ര ബാങ്കുകള്‍ വലിയ പങ്കാണ് വഹിക്കുന്നത്. മൂന്നാം പാദത്തില്‍ കേന്ദ്ര ബാങ്കുകള്‍ വാങ്ങിയത് 321 ടണ്‍ സ്വര്‍ണമാണ്. ഇതോടെ 2026ല്‍ ഇതുവരെയുള്ള വാങ്ങല്‍ 675 ടണ്ണായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം വര്‍ധന. യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും രാജ്യാന്തര സംഘര്‍ഷങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും സൃഷ്ടിക്കുന്ന അപകടങ്ങളില്‍നിന്ന് സംരക്ഷണം നേടാനുമാണ് രാജ്യങ്ങള്‍ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണം കൂട്ടുന്നത്. ആഭരണങ്ങളുടെ ആവശ്യകത കുറഞ്ഞാലും കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ വില കൂടുന്നതിന് കാരണമായേക്കാം.
ഡോളറും രൂപയും എങ്ങോട്ട് നീങ്ങും?
യുഎസ് ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ പൊതുവേ സ്വര്‍ണവില ഉയരും. ഡോളര്‍ ശക്തിപ്പെടുമ്പോള്‍ സ്വര്‍ണവില സമ്മര്‍ദത്തിലാകും. ഇന്ത്യന്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യവും വളരെ പ്രധാനമാണ്.
ഗോള്‍ഡ് ഇടിഎഫുകളിലേക്ക് നിക്ഷേപം തുടരുമോ?
ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ അഥവാ ഇടിഎഫുകള്‍, സ്വര്‍ണക്കട്ടികള്‍, നാണയങ്ങള്‍ എന്നിവയിലൂടെയുള്ള നിക്ഷേപം സ്വര്‍ണ വിപണിക്ക് അനുകൂലമാണ്. നിക്ഷേപം തുടര്‍ന്നാല്‍ വില ഉയരാം. മറിച്ച്, പണം പിന്‍വലിക്കപ്പെടുന്നത് ലാഭമെടുക്കലിന്റെ സൂചനയായേക്കാം.
യുദ്ധവും വ്യാപാര സംഘര്‍ഷങ്ങളും സാമ്പത്തിക ആശങ്കകളും
യുദ്ധങ്ങള്‍, വ്യാപാര സംഘര്‍ഷങ്ങള്‍, സര്‍ക്കാരുകളുടെ വര്‍ധിക്കുന്ന കടബാധ്യത, കറന്‍സികളെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് ആളുകളെ ആകര്‍ഷിക്കാം. എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്നും എത്രകാലം നീളുമെന്നതുമാണ് വിലയെ സ്വാധീനിക്കുക.
ആഭരണങ്ങള്‍ക്കാണോ, നിക്ഷേപത്തിനാണോ കൂടുതല്‍ ആവശ്യക്കാര്‍?
വരും മാസങ്ങളില്‍ ഇന്ത്യയിലെ വിവാഹ സീസണ്‍ സ്വര്‍ണത്തിന്‌റെ ഡിമാന്‌റ് ഉയരാന്‍ സഹായകരമായേക്കാം. എന്നാല്‍, ആഗോളതലത്തില്‍ ഉയര്‍ന്ന വില ആഭരണങ്ങള്‍ വാങ്ങുന്നതിനെ ബാധിക്കുന്നുണ്ട്. മൂന്നാം പാദത്തില്‍ ആഭരണങ്ങള്‍ വാങ്ങുന്നതില്‍ ഇടിവാണുണ്ടായത്.
















