ജീവനക്കാരെ പിരിച്ചുവിടുന്നത് കൂടുതല്‍ എളുപ്പമാക്കണമെന്ന് അരവിന്ദ് പനഗരിയ

By Web TeamFirst Published Jul 24, 2019, 4:42 PM IST
Highlights

പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായിരുന്നു അരവിന്ദ് പനഗരിയ. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ സംയോജിപ്പിക്കുകയല്ല, തൊഴില്‍ നിയമങ്ങളില്‍ പരിഷ്കരണമാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ദില്ലി: ഇന്ത്യയില്‍ ബിസിനസ് നടത്തുന്നത് കമ്പനികള്‍ക്ക് കുറച്ചുകൂടി എളുപ്പമാക്കാന്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതിനുളള നിയമങ്ങള്‍ ലഘൂകരിക്കണമെന്ന് നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ. രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ സ്ഥിരത പാലിക്കാന്‍ കഴിയണം, നിയമനവും പിരിച്ചുവിടലും സംബന്ധിച്ച് കടുത്ത നിബന്ധനകള്‍ പാടില്ലെന്നും പനഗാരിയ വ്യക്തമാക്കി. 

പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായിരുന്നു അരവിന്ദ് പനഗരിയ. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ സംയോജിപ്പിക്കുകയല്ല, തൊഴില്‍ നിയമങ്ങളില്‍ പരിഷ്കരണമാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ഏതാണ്ട് 30 വര്‍ഷമെങ്കിലും പഴക്കമുളളതാണെന്നും പരിഷ്കരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ബിസിനസ് അന്തരീക്ഷം സുഗമമാക്കുന്നതിന്‍റെ ഭാഗമായി വിവിധ തൊഴില്‍ നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നാല് ലേബര്‍ കോഡുകള്‍ സൃഷ്ടിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യവ്യാപകമായി ഒറ്റ ചുരുങ്ങിയ വേതനത്തിന് പരിധി നിശ്ചയിക്കുന്നത് ചെറു പട്ടണങ്ങളിലെ ബിസിനസ് മനോഭാവത്തെ ബാധിക്കുമെന്നും ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വ്യത്യസ്ത പരിധിയാണ് നിശ്ചയിക്കേണ്ടതെന്നും അരവിന്ദ് പനഗരിയ അഭിപ്രായപ്പെട്ടു. 

click me!