എന്താകും ആ റിപ്പോര്‍ട്ടില്‍?, ബിമല്‍ ജലാന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സസ്പെന്‍സ് നിറയുന്നു !

By Web TeamFirst Published Jul 17, 2019, 4:00 PM IST
Highlights

കരുതല്‍ ധനം സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് പ്രശ്നപരിഹാരത്തിന് 2018 ഡിസംബര്‍ 26ന്  ബിമല്‍ ജലാന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. 
 

മുംബൈ: റിസര്‍വ് ബാങ്ക് കരുതല്‍ ധനം കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ ചുമതലപ്പെടുത്തിയ ബിമല്‍ ജലാന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിക്കും. റിസര്‍വ് ബാങ്കിനാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 

കരുതല്‍ ധനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് പണം  കൈമാറുന്നത് സംബന്ധിച്ച് ഒരു ഫോര്‍മുല കമ്മിറ്റി മുന്നോട്ട് വച്ചേക്കുമെന്നാണ് സൂചന. മുന്‍പ് കരുതല്‍ ധനം കൈമാറുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. ഈ തര്‍ക്കം മുന്‍ ഗവര്‍ണര്‍ ഊർജിത് പട്ടേലിന്‍റെ രാജിക്ക് വരെ കാരണമായിരുന്നു. കരുതല്‍ ധനം സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് പ്രശ്നപരിഹാരത്തിന് 2018 ഡിസംബര്‍ 26ന്  ബിമല്‍ ജലാന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറാണ് ബിമല്‍ ജലാന്‍.  

മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനത്തില്‍ നിന്ന് ഒരു വിഹിതം കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ സമിതി നിര്‍ദ്ദേശിച്ചേക്കുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാരിന്‍റെ ധനകമ്മി ബജറ്റ് ലക്ഷ്യത്തില്‍ നിലനിര്‍ത്താന്‍ സഹായകരമായ തീരുമാനം ബിമല്‍ ജലാന്‍ കമ്മിറ്റി എടുത്തേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയില്‍ വലിയ ചലനങ്ങള്‍ക്ക് വഴിവച്ചേക്കും.     

അസറ്റ് ഡെവലപ്പ്മെന്‍റ് ഫണ്ട്, കറന്‍സി ആന്‍ഡ് ഗോള്‍ഡ് റീവാല്യവേഷന്‍ ഫണ്ട്, ഇന്‍വെസ്റ്റ്മെന്‍റ് റീവാല്യവേഷന്‍ അക്കൗണ്ട് റീ- സെക്യൂരിറ്റീസ് തുടങ്ങിയ വിവിധ ഫണ്ടുകളിലായി ആകെ 9.59 ലക്ഷം കോടി രൂപയാണ് റിസര്‍വ് ബാങ്ക് കരുതല്‍ ധനമായി സൂക്ഷിച്ചിരിക്കുന്നത്. 

click me!