സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരം പുറത്തുവിടാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Dec 23, 2019, 8:48 PM IST
Highlights

വിദേശ രാജ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യത്തിന്‍റെ പരമാധികാരത്തിനും അഖണ്ഡതക്കും സുരക്ഷക്കും സാമ്പത്തിക താല്‍പര്യത്തിനും എതിരാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ദില്ലി: സ്വിസ് ബാങ്കില്‍ പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ധനമന്ത്രാലയം. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ധനമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലുള്ള കരാര്‍ പ്രകാരം വിവരങ്ങള്‍ അതീവ രഹസ്യമാണെന്നും പുറത്തുവിടാനാകില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിച്ച കള്ളപ്പണത്തിന്‍റെ കണക്കും ധനമന്ത്രാലയം പുറത്തുവിടാന്‍ വിസ്സമ്മതിച്ചു. 

വിവരങ്ങള്‍ നല്‍കിയാല്‍ സ്വിറ്റ്സര്‍ലന്‍ഡുമായുള്ള കരാറിന്‍റെ ലംഘനമാകുമെന്നും നികുതി സംബന്ധമായ വിവരങ്ങള്‍ വിദേശ രാജ്യത്തില്‍ നിന്ന് ലഭിക്കുന്നത് വിവരാവകാശ നിയമത്തിന്‍റെ പരിധിക്ക് പുറത്താണെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശ രാജ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യത്തിന്‍റെ പരമാധികാരത്തിനും അഖണ്ഡതക്കും സുരക്ഷക്കും സാമ്പത്തിക താല്‍പര്യത്തിനും എതിരാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 

നേരത്തെ, സ്വിറ്റ്സര്‍ലന്‍ഡില്‍ അക്കൗണ്ടുള്ള ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ തേടിയിരുന്നു. പുതിയ കരാര്‍ പ്രകാരം കഴിഞ്ഞ സെപ്റ്റംബറിലാണ് ചിലരുടെ വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യക്ക് കൈമാറിയത്. സ്വിറ്റ്സര്‍ലന്‍ഡ് ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷനുമായി സാമ്പത്തിക വിവരങ്ങള്‍ കൈമാറുന്ന 75 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കാമെന്ന കരാറിന്മേലാണ് വിവരങ്ങള്‍ നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 

2011ലെ യുപിഎ സര്‍ക്കാര്‍ നടത്തിയ പഠന പ്രകാരം 1980-2010 കാലയളവില്‍ സ്വിസ് ബാങ്കില്‍ 384-490 ബില്ല്യണ്‍ ഡോളര്‍ ഇന്ത്യക്കാരുടെ അനധികൃത നിക്ഷേപമുണ്ടാകുമെന്ന് കണ്ടെത്തിയിരുന്നു. 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്വിസ് ബാങ്കിലടക്കമുള്ള കള്ളപ്പണം ഇന്ത്യയിലെത്തിച്ച് പാവങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം നല്‍കിയിരുന്നു.

click me!