തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് വെറും നാല് മണിക്കൂര്‍ !: മൊത്തം 10 സ്റ്റേഷനുകള്‍; പദ്ധതിക്ക് ഒടുവില്‍ പച്ചക്കൊടി

By Web TeamFirst Published Dec 18, 2019, 11:20 AM IST
Highlights

കൊച്ചുവേളിയില്‍ നിന്ന് കാസര്‍കോടു വരെ 532 കിലോമീറ്ററില്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് റെയില്‍പാത നിര്‍മിക്കുന്നത്. പിന്നീടിത് 12 വരെയാക്കും. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയില്‍ പത്തു സ്റ്റേഷനുകളുണ്ടാകും. 

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്ത് നടപ്പാക്കുന്ന അര്‍ധ അതിവേഗ റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്ര റെയില്‍വെ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കി. പദ്ധതിക്ക് വേണ്ടി നിക്ഷേപ സമാഹരണവുമായി മുന്നോട്ടു പോകാന്‍ മന്ത്രാലയം  കേരള റെയില്‍ വികസന കോര്‍പറേഷന് (കെആര്‍ഡിസിഎല്‍)അനുമതി നല്‍കി.

ഇന്ത്യന്‍ റെയില്‍വെയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപീകരിച്ച കെആര്‍ഡിസിഎല്‍ ആണ് പദ്ധതി നടപ്പാക്കുന്നത്. 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെയില്‍ലൈനുകളാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്. പദ്ധതിയുടെ അവസാന അനുമതി വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം ലഭിക്കും. 

പദ്ധതി നടപ്പാക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ് ഇപ്പോള്‍ പിന്നിട്ടിരിക്കുന്നതെന്ന് കെആര്‍ഡിസിഎല്‍ മാനേജിങ് ഡയറക്ടര്‍ വി. അജിത് കുമാര്‍ അറിയിച്ചു. 

കെആര്‍ഡിസിഎല്‍ നടത്തിയ ഒരു വര്‍ഷം നീണ്ട പ്രാഥമിക സാധ്യതാപഠനത്തില്‍ വിജയകരമായി നടപ്പാക്കാനാവുമെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന മന്ത്രിസഭ പദ്ധതി അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ്  ഈ റിപ്പോര്‍ട്ട് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്‍റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.  വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിന്‍റെ ഭാഗമായി വിവിധ സര്‍വേകളും പഠനങ്ങളും നടന്നുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
 
നിക്ഷേപസമാഹരണത്തിനുള്ള ആസൂത്രണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈയിടെ ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ പദ്ധതി നിക്ഷേപത്തെക്കുറിച്ചു ചര്‍ച്ച നടത്തിയിരുന്നു.  

സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന അതിരൂക്ഷമായ ഗതാഗത പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടു വരെ യാത്ര ചെയ്യാവുന്ന അര്‍ധ അതിവേഗ റെയില്‍ ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്. ഈ പരിസ്ഥിതി സൗഹൃദ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ റോഡപകടങ്ങള്‍ക്കുപുറമെ ബസുകളടക്കമുള്ള വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം ഗണ്യമായി കുറയ്ക്കാനാകും. 

കൊച്ചുവേളിയില്‍ നിന്ന് കാസര്‍കോടു വരെ 532 കിലോമീറ്ററില്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് റെയില്‍പാത നിര്‍മിക്കുന്നത്. പിന്നീടിത് 12 വരെയാക്കും. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയില്‍ പത്തു സ്റ്റേഷനുകളുണ്ടാകും. കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് സ്റ്റേഷനുകള്‍. തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങള്‍ പാതയുടെ പരിധിയില്‍ വരും. സ്ഥലമെടുപ്പ് ഒഴിവാക്കാനും ചെലവു കുറയ്ക്കാനുമായി നഗരങ്ങളില്‍ ആകാശപാതയായിട്ടാണ് കേരള റെയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം- എറണാകുളം യാത്രാസമയം ഒന്നര മണിക്കൂറാണ്. 

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്ന് മാറിയാണ് നിര്‍ദ്ദിഷ്ട റെയില്‍ഇടനാഴി നിര്‍മിക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോടു വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്കടിയിലൂടെ ക്രോസിംഗ് സൗകര്യമുണ്ടായിരിക്കും. റെയില്‍ ഇടനാഴി നിര്‍മാണത്തിലൂടെ അര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ലഭിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 11,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.  

അറ്റകുറ്റപ്പണിക്കും മറ്റുമായി പാതയ്ക്കു സമാന്തരമായി റോഡും വിഭാവനം ചെയ്തിട്ടുണ്ട്. ഇതു പക്ഷേ തുടര്‍ച്ചയായ റോഡ് ആയിരിക്കുകയില്ല. നദികളിലും മറ്റുമായി നിര്‍മിക്കുന്ന പാലങ്ങളില്‍ ഈ റോഡ് ഒഴിവാക്കും. ചരക്കുലോറികള്‍ ട്രെയിനില്‍ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോള്‍ ഓണ്‍ റോള്‍ ഔട്ട്  (റോറോ) സര്‍വ്വീസും ഉറപ്പാക്കും. സ്റ്റേഷനുകളില്‍നിന്ന് യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്തെത്തുവാന്‍ വൈദ്യുതി വാഹന സൗകര്യങ്ങളും പ്രദാനം ചെയ്യും. ഈ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനുമുള്ള സജ്ജീകരണമേര്‍പ്പെടുത്തും. 

കേരളത്തിലെ റെയില്‍പാതയില്‍ ഗതാഗതം ഇപ്പോള്‍ തന്നെ 115 ശതമാനമാണ്. ഭാവിയില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനോ നിലവിലുള്ള ട്രെയിനുകളുടെ വേഗം കൂട്ടാനോ കഴിയാത്ത സ്ഥിതിയാണ്. ദിനംപ്രതി നിരവധി ജീവനുകള്‍ പൊലിയുന്ന തരത്തില്‍ റോഡുമാര്‍ഗമുള്ള ഗതാഗതം അതീവദുഷ്കരമായി മാറിയിരിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള വികസനം ലക്ഷ്യമാക്കി കേരളത്തില്‍ അതിവേഗ റെയില്‍ ഇടനാഴി നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. പാരീസിലെ സിസ്ട്ര എന്ന സ്ഥാപനമാണ് സാധ്യതാപഠനം പൂര്‍ത്തിയാക്കിയത്. 

പദ്ധതി നൂറുശതമാനം പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഐഐഎം അഹമ്മദാബാദുമായി ധാരണാപത്രം ഒപ്പുവയ്ക്കും. സൗരോര്‍ജവിനിയോഗം പരമാവധി ഉപയോഗിക്കാനും സ്റ്റീലും കോണ്‍ക്രീറ്റും പുനര്‍സംസ്കരിച്ച് ഉപയോഗിക്കാനും നടപടി സ്വീകരിക്കും.  നിര്‍മാണത്തിലുണ്ടാകുന്ന പാഴ്വസ്തുക്കളും ഇങ്ങനെ സംസ്കരിക്കും. മലിനീകരണം തീരെയില്ലാത്ത യന്ത്രങ്ങളാണ് കേരള റെയില്‍ നിര്‍മാണത്തിനുപയോഗിക്കുന്നത്. ഹരിത നിര്‍മാണ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കും സ്റ്റേഷനുകളും മറ്റു കെട്ടിടങ്ങളും നിര്‍മിക്കുന്നത്.

click me!