ചൈനീസ് വ്യാളിക്ക് ക്ഷീണം; അമേരിക്കയോട് ഏറ്റുമുട്ടി പിന്നിലേക്ക് പോയി ചൈന; 1990 ന് ശേഷമുളള വലിയ തളര്‍ച്ച

By Web TeamFirst Published Jan 17, 2020, 10:46 AM IST
Highlights

അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിനിടയിലും പ്രതീക്ഷിത വളര്‍ച്ച കൈവരിക്കാന്‍ ചൈനക്കായി. അതേസമയം, 1990ന് ശേഷം ചൈനയുടെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. 

ബീജിംഗ്: 2019ലെ സാമ്പത്തിക വളര്‍ച്ച നിരക്ക് പുറത്തുവിട്ട് ചൈന. 6.1 ശതമാനമാണ് ചൈനയുടെ വളര്‍ച്ച നിരക്ക്. 1991ന് ശേഷം ചൈനയുടെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. 2018ല്‍ 6.6 ശതമാനമായിരുന്നു വളര്‍ച്ച നിരക്ക്. ഡിസംബര്‍ വരെയുള്ള അവസാന പാദത്തില്‍ ആറ് ശതമാനം വളര്‍ച്ച നിലനിര്‍ത്തി. അതേസമയം, അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിനിടയിലും വളര്‍ച്ച ആറ് ശതമാനം കടന്നതില്‍ നേട്ടമായാണ് ചൈന കാണുന്നത്. 2019 സാമ്പത്തിക വര്‍ഷത്തില്‍ ആറ് മുതല്‍ 6.5 ശതമാനമായിരുന്നു ചൈന ലക്ഷ്യമിട്ടിരുന്നത്.

അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിനിടയിലും പ്രതീക്ഷിത വളര്‍ച്ച കൈവരിക്കാന്‍ ചൈനക്കായെന്നാണ് വിലയിരുത്തല്‍. അതേസമയം, 1990ന് ശേഷം ചൈനയുടെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിതെന്നതും അവരെ അലട്ടുന്നു. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക നികുതി ഉയര്‍ത്തിയത് ചൈനക്ക് വന്‍ തിരിച്ചടിയായിരുന്നു. അമേരിക്കന്‍ നടപടി ചൈനീസ് സാമ്പത്തിക രംഗത്തെ മൊത്തം പ്രതികൂലമായി ബാധിച്ചു. തുടര്‍ന്ന് അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചൈനയും ഉയര്‍ന്ന നികുതി ചുമത്തി. മാസങ്ങള്‍ നീണ്ട വ്യാപാര യുദ്ധത്തിന് സമീപ ദിവസങ്ങളിലാണ് അയവുണ്ടായത്.

കൂടുതല്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ചൈന ഇറക്കുമതി ചെയ്യാമെന്ന കരാറിനെ തുടര്‍ന്ന് നികുതി വര്‍ധിപ്പിക്കില്ലെന്ന് അമേരിക്ക അറിയിച്ചതിനെ തുടര്‍ന്നാണ് വ്യാപാര യുദ്ധത്തിന് അയവുണ്ടായത്. വിപണിയില്‍ സര്‍ക്കാര്‍ കൂടുതല്‍ പണമിറക്കിയതാണ് വളര്‍ച്ചാ നിരക്ക് താഴാതെ പിടിച്ചു നില്‍ക്കാന്‍ കാരണം. ഫാക്ടറി ഉല്‍പാദനവും ഉപഭോക്താക്കള്‍ പണം ചെലവിട്ടതും 2019ല്‍ കുറഞ്ഞു. സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയുടെ പ്രകടനവും മോശമായിരുന്നു. സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 4.5 ശതമാനം വളര്‍ച്ച മാത്രമാണ് ഇന്ത്യക്കുണ്ടായത്. 

click me!