മോദി സര്‍ക്കാരിന് മന്‍മോഹന്‍ സിങിന്‍റെ മുന്നറിയിപ്പ്; പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടായേക്കും

By Web TeamFirst Published Nov 18, 2019, 3:33 PM IST
Highlights

ആളുകൾക്കും സ്ഥാപനങ്ങൾക്കുമിടയിലുള്ള ഇടപാടുകൾ പ്രതികൂലമായി ബാധിക്കുമ്പോൾ, അത് സാമ്പത്തിക പ്രവർത്തനങ്ങളുടെ മാന്ദ്യത്തിലേക്കും ഒടുവിൽ സ്തംഭനാവസ്ഥയിലേക്കും നയിക്കുന്നു. പൗരന്മാർക്കിടയിലെ ഭയം, അവിശ്വാസം, ആത്മവിശ്വാസക്കുറവ് എന്നിവയാണ് രാജ്യത്തെ ശക്തമായ സാമ്പത്തിക മാന്ദ്യത്തിനുളള അടിസ്ഥാന കാരണം. 

കേന്ദ്ര  സര്‍ക്കാരിനെ കടന്നാക്രമിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തിന്‍റെ സാമ്പത്തിക നില അതീവ ഗുരുതരമാണെന്ന് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി എഴുതിയ ലേഖനത്തില്‍ ഉദാഹരണ സഹിതം അദ്ദേഹം വിശദീകരിക്കുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളരെയധികം ആശങ്കാകുലമാണെന്നാണ് പ്രമുഖ ദേശീയ ദിനപത്രമായ ദ ഹിന്ദുവിന് വേണ്ടി എഴുതിയ ലേഖനത്തില്‍ മുന്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നത്. "ഞാൻ ഇത് പറയുന്നത് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി അംഗമെന്ന നിലയിലല്ല, മറിച്ച് ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയിലും സാമ്പത്തികശാസ്ത്ര വിദ്യാർത്ഥിയെന്ന നിലയിലുമാണ്. ഇപ്പോൾ, വസ്തുതകൾ എല്ലാവർക്കും വ്യക്തമാണ്. നാമമാത്ര ജിഡിപി വളർച്ച 15 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. തൊഴിലില്ലായ്മ 45 വർഷത്തെ ഉയർന്ന നിരക്കിലും. ഗാർഹിക ഉപഭോഗം നാല് പതിറ്റാണ്ടിന്റെ താഴ്ന്ന നിലയിലേക്ക് വീണുപോയിരിക്കുന്നു" മന്‍മോഹന്‍ സിങ് പറയുന്നു. 

"ബാങ്കുകളിലെ നിഷ്കൃയ വായ്പകൾ എക്കാലത്തെയും ഉയർന്ന അവസ്ഥയിലും, വൈദ്യുതി ഉൽ‌പാദനത്തിലെ വളർച്ച 15 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലുമാണ്. ഇടിവുകളുടെ പട്ടിക നീളമുള്ളതും വിഷമകരവുമാണ്". അദ്ദേഹം വിശദീരിക്കുന്നു. ഇന്നത്തെ ഇന്ത്യയെ ബാധിച്ചിരിക്കുന്ന ആഴത്തിലുളള അസ്വസ്ഥ്യങ്ങളുടെ പ്രകടനങ്ങളാണിതെന്നും ലേഖനം പറയുന്നു. 

സർക്കാർ അധികാരികളുടെ ഉപദ്രവത്തെ ഭയന്നാണ് തങ്ങൾ ജീവിക്കുന്നതെന്ന് പല വ്യവസായികളും എന്നോട് പറയുന്നു. പ്രതികാരം ഭയന്ന് പുതിയ വായ്പ നൽകാൻ ബാങ്കർമാർ വിമുഖത കാട്ടുകയാണ്. പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ സംരംഭകരും മടിക്കുന്നു. സർക്കാരിലെയും മറ്റ് സ്ഥാപനങ്ങളിലെയും നയനിർമ്മാതാക്കൾ സത്യം സംസാരിക്കാനോ ബുദ്ധിപരമായി സത്യസന്ധമായ നയ ചർച്ചകളിൽ ഏർപ്പെടാനോ ഇന്ത്യയില്‍ ഭയപ്പെടുകയാണ്. സാമ്പത്തിക വളർച്ചയുടെ ഏജന്റായി പ്രവർത്തിക്കുന്ന ആളുകൾക്കിടയിൽ അഗാധമായ ഭയവും അവിശ്വാസവുമുണ്ട്. സാമ്പത്തിക വളര്‍ച്ചയുടെയും തൊഴില്‍ ഇല്ലായ്മ പരിഹരിക്കുന്നതിലും മുഖ്യഘടകമായി പ്രവര്‍ത്തിക്കേണ്ട ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ അനാവശ്യമായ നിരന്തര നിരീക്ഷണത്തിലും സംശയത്തിന്റെയും നിഴലിൽ ജീവിക്കുന്നു. 

ആളുകൾക്കും സ്ഥാപനങ്ങൾക്കുമിടയിലുള്ള ഇടപാടുകൾ പ്രതികൂലമായി ബാധിക്കുമ്പോൾ, അത് സാമ്പത്തിക പ്രവർത്തനങ്ങളുടെ മാന്ദ്യത്തിലേക്കും ഒടുവിൽ സ്തംഭനാവസ്ഥയിലേക്കും നയിക്കുന്നു. പൗരന്മാർക്കിടയിലെ ഭയം, അവിശ്വാസം, ആത്മവിശ്വാസക്കുറവ് എന്നിവയാണ് രാജ്യത്തെ ശക്തമായ സാമ്പത്തിക മാന്ദ്യത്തിനുളള അടിസ്ഥാന കാരണം. ദുരിതമനുഭവിക്കുന്ന പൗരന്മാർ തങ്ങളുടെ പരാതികൾ അറിയിക്കാൻ എങ്ങുമെത്തുന്നില്ല. മാധ്യമങ്ങൾ, ജുഡീഷ്യറി, റെഗുലേറ്ററി അതോറിറ്റികൾ, അന്വേഷണ ഏജൻസികൾ തുടങ്ങിയ സ്വതന്ത്ര സ്ഥാപനങ്ങളിലുള്ള പൊതു വിശ്വാസം സര്‍ക്കാര്‍ ഇല്ലാതാക്കി. വിശ്വാസ്യത ഇല്ലാതാകുന്നതോടെ, നിയമവിരുദ്ധമായ നികുതി ഉപദ്രവത്തിനോ അന്യായമായ ചട്ടങ്ങൾക്കോ ​​എതിരെ ആളുകൾക്ക് അഭയം തേടാനുള്ള സംവിധാനത്തിന്റെ അഭാവ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു. 

പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സംരംഭകരുടെ താല്‍പര്യം നഷ്ടപ്പെടുത്താൻ ഇത് കാരണമായതായും മന്‍മോഹന്‍ സിങ് ലേഖനത്തില്‍ കുറപ്പെടുത്തുന്നു. ഏറ്റവും പുതിയ ചില്ലറ പണപ്പെരുപ്പം കുത്തനെ ഉയർന്നിട്ടുണ്ട്, പ്രത്യേകിച്ച് ഭക്ഷ്യവിലക്കയറ്റം. ചില്ലറ പണപ്പെരുപ്പം വരും മാസങ്ങളിൽ ഇനിയും ഉയരുമെന്നാണ് കണക്കാക്കുന്നത്. പണപ്പെരുപ്പത്തിലെ തുടർച്ചയായ വർധനയും ഉയർന്ന തൊഴിലില്ലായ്മയും കൂടിച്ചേർന്ന് സാമ്പത്തിക വിദഗ്ധർ ‘സ്തംഭനാവസ്ഥ’ എന്ന് വിളിക്കുന്നതിലേക്ക് രാജ്യം നയിക്കപ്പെടുമെന്നും മുന്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു. ഇത് അപകടകരമായ പ്രശ്നമാണ്, അതിൽ നിന്ന് ഇന്ത്യ പോലെയൊരു വലിയ സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കാൻ വളരെ പ്രയാസമാണ്. ഞങ്ങൾ നിലവിൽ സ്തംഭനാവസ്ഥയിലല്ലെങ്കിലും, ധനനയ നടപടികളിലൂടെ ഉപഭോഗ ആവശ്യം പുന: സ്ഥാപിക്കാൻ വേഗത്തിലും വിവേകത്തിലും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ലേഖനത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.  

click me!