എന്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ഓഹരികള്‍ വില്‍ക്കുന്നത്?, വില്‍പ്പനയിലൂടെ സര്‍ക്കാര്‍ നേടാനാഗ്രഹിക്കുന്നത്

By Web TeamFirst Published Nov 18, 2019, 2:20 PM IST
Highlights

രാജ്യത്ത് 11 റിഫൈനറികളാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അതിന്റെ ഭാഗമായ ചെന്നൈ പെട്രോളിയം കോർപ്പറേഷനുമായി ഉള്ളത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ സംസ്‌കരണ ശേഷിയുടെ 35 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ പൊതുമേഖലാ സ്ഥാപനമാണ്. ഇതിനെല്ലാം പുറമെ രാജ്യത്തെ പാതിയോളം റീഫില്ലിംഗ് സ്റ്റേഷനുകളും കമ്പനിയുടേതാണ്.

നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ പരിഷ്കരണ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. പ്രകൃതി ക്ഷോഭം മൂലമുണ്ടായ കാർഷിക രംഗത്തെ തകർച്ചയും വ്യവസായിക മുരടിപ്പും കാരണം ജിഡിപി വളർച്ചാ നിരക്ക് താഴേക്ക് ഇടിയുന്നത് കേന്ദ്രസർക്കാരിന് മുന്നിൽ സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറെയാണ്.

സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ഉയരുന്ന ധനക്കമ്മിയെ പൊതുമേഖല ഓഹരി വില്‍പ്പനയിലൂടെ പ്രതിരോധിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. എയർ ഇന്ത്യയ്ക്കും ഭാരത് പെട്രോളിയത്തിനും ശേഷം ഒടുവില്‍ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഓഹരിയും സര്‍ക്കാര്‍ ഇപ്പോള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ ഏറ്റവും ആഴത്തിൽ വേരുകളുള്ള പൊതുമേഖലാ എണ്ണക്കമ്പനിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. 2016-17 സാമ്പത്തിക വർഷത്തിൽ 19, 106 കോടിയും 2017-18 സാമ്പത്തിക വർഷം 21,346 കോടിയുമായിരുന്നു കമ്പനിയുടെ ലാഭം. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് താഴേക്ക് പോയി. 16,894.15  കോടി മാത്രമായിരുന്നു ലാഭം. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് പാദങ്ങൾ പിന്നിടുമ്പോഴും അത്ര നല്ല പ്രവർത്തനമല്ല കമ്പനിയുടേത്.

ആദ്യ പാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 47 ശതമാനമാണ് ലാഭം താഴേക്ക് പോയത്. 3,596 കോടിയായിരുന്നു ലാഭം. എന്നാൽ രണ്ടാം പാദമായപ്പോൾ ഇത് 83 ശതമാനം താഴ്ന്ന് 563.42 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ലാഭം 3246.93 കോടിയായിരുന്നു.

ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ 140 രൂപയോടടുത്ത് വിലയുള്ളതാണ് ഇന്ത്യൻ ഓയിൻ കോർപ്പറേഷന്റെ ഓഹരി. മൊത്തം ഓഹരിയിൽ 51.5 ശതമാനവും കേന്ദ്രസർക്കാരിന്റേതാണ്. ഇതിന് പുറമെ  കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഓയിൽ ആന്റ് നാചുറൽ ഗാസ് കോർപ്പറേഷൻ, ഓയിൽ ഇന്ത്യ ലിമിറ്റഡ് എന്നിവയ്ക്കാണ് 25.9 ശതമാനം ഓഹരി.

വരുമാനത്തിലുണ്ടായ ഇടിവ് കേന്ദ്രസർക്കാരിന് തെല്ലൊന്നുമല്ല ഇപ്പോൾ തലവേദന സൃഷ്ടിച്ചിട്ടുള്ളത്. അതിനാൽ തന്നെ മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 1.05 ലക്ഷം കോടി രൂപ ആസ്തികൾ വിറ്റഴിച്ച് നേടാനാണ് ശ്രമം. 14.6 ബില്യൺ ഡോളറോളം വരുമിത്. ഇന്ത്യയുടെ ബജറ്റ് കമ്മി 3.3 ശതമാനമാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

സർക്കാരിന്റെ പക്കലുള്ള 26.4 ശതമാനം ഓഹരികൾ വരെ വിൽക്കാനാണ് ആലോചന. 330 ബില്യൺ രൂപയോളമാണ് ഈ ഓഹരികളുടെ വില വരും. ഇത്രയും ഓഹരികൾ വിറ്റാലും കേന്ദ്രസർക്കാരിന് നേരിട്ടല്ലെങ്കിലും കമ്പനിയിൽ നിയന്ത്രണം നഷ്ടമാകില്ലെന്നാണ് ധനകാര്യ വകുപ്പ് വക്താവ് രാജേഷ് മൽഹോത്ര പറയുന്നത്.

ഭാരത് പെട്രോളിയം കോർപ്പറേഷന്‍, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസർക്കാര്‍ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു.

രാജ്യത്ത് 11 റിഫൈനറികളാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അതിന്റെ ഭാഗമായ ചെന്നൈ പെട്രോളിയം കോർപ്പറേഷനുമായി ഉള്ളത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ സംസ്‌കരണ ശേഷിയുടെ 35 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ പൊതുമേഖലാ സ്ഥാപനമാണ്. ഇതിനെല്ലാം പുറമെ രാജ്യത്തെ പാതിയോളം റീഫില്ലിംഗ് സ്റ്റേഷനുകളും കമ്പനിയുടേതാണ്.

മികച്ച ലാഭം നേടുന്ന കമ്പനി എന്ന നിലയിൽ ഐഒസിയുടെ ഓഹരി വിൽപ്പന കേന്ദ്രസർക്കാരിന്റെ വരുമാനത്തിൽ വൻ വർധനവുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത കേന്ദ്രമന്ത്രിസഭാ യോഗത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇതിനായുള്ള ശുപാർശ മുന്നോട്ട് വയ്ക്കും. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കിട്ടിയാൽ അടുത്ത ജനുവരിക്കും മാർച്ചിനുമിടയിൽ വിൽപ്പന നടക്കും. 
 

click me!