പൊതു തെരഞ്ഞെടുപ്പിനിടെ സര്‍ക്കാരിന് വെല്ലുവിളിയായി ജെറ്റ് എയര്‍വേസ് പ്രതിസന്ധി: ഭീമമായ തൊഴില്‍ നഷ്ടം

By Web TeamFirst Published Apr 15, 2019, 3:46 PM IST
Highlights

ഇന്ന് ജെറ്റ് എയര്‍വേസിന്‍റെ 6-7 വിമാനങ്ങള്‍ മാത്രമാണ് പറന്നുയര്‍ന്നത്. ഭൂരിഭാഗം പൈലറ്റുമാരും ഇന്നും മുതല്‍ ജോലിക്ക് ഹാജരാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പ്രതാപകാലത്ത് ദിവസും 123 വിമാനസര്‍വീസുകള്‍ വരെ ഉണ്ടായിരുന്ന വിമാനക്കമ്പനിയാണ് ജെറ്റ് എയര്‍വേസ്. 

മുംബൈ: രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ജെറ്റ് എയര്‍വേസ് പ്രതിസന്ധി രൂക്ഷമാകുന്നു. ഏകദേശം 20,000- 23,000 പേരുടെ ഉപജീവനമാര്‍ഗമാണ് ജെറ്റ് എയര്‍വേസ് സാമ്പത്തിക പ്രതിസന്ധിയിലൂടെ ഇരുളടഞ്ഞത്. വന്‍തോതില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സര്‍ക്കാരിനെ ജെറ്റ് എയര്‍വേസിന്‍റെ തകര്‍ച്ച ഇപ്പോള്‍ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. 

ഇന്ന് ജെറ്റ് എയര്‍വേസിന്‍റെ 6-7 വിമാനങ്ങള്‍ മാത്രമാണ് പറന്നുയര്‍ന്നത്. ഭൂരിഭാഗം പൈലറ്റുമാരും ഇന്നും മുതല്‍ ജോലിക്ക് ഹാജരാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പ്രതാപകാലത്ത് ദിവസും 123 വിമാനസര്‍വീസുകള്‍ വരെ ഉണ്ടായിരുന്ന വിമാനക്കമ്പനിയാണ് ജെറ്റ് എയര്‍വേസ്. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ രണ്ടാം സ്ഥാനവും ജെറ്റിനായിരുന്നു. കടബാധ്യത പുന:ക്രമീകരണ പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് നേതൃത്വം നല്‍കുന്ന വായ്പദാതാക്കളുടെ കണ്‍സോഷ്യം ജെറ്റിന് നല്‍കാമെന്ന് ഉറപ്പ് നല്‍കിയ 1,500 കോടി രൂപ നല്‍കി കമ്പനിയെ പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് പൈലറ്റുമാരുടെ സംഘടയായ ദേശീയ ഏവിയേറ്റേഴ്സ് ഗ്രില്‍ഡ് ആവശ്യപ്പെടുന്നത്.

സ്പൈസ് ജെറ്റ് പോലെയുളള വിമാനക്കമ്പനികള്‍ ജെറ്റിലെ പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും തൊഴില്‍ നല്‍കാന്‍ തയ്യാറായെങ്കിലും. ജെറ്റില്‍ അവര്‍ക്ക് ലഭിച്ചിരുന്ന ശമ്പളത്തിന്‍റെ 30-50 ശതമാനം വരെ കുറച്ച് മാത്രമാണ് ഇപ്പോള്‍ മറ്റ് വിമാനക്കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് മാനസികമായും ജെറ്റ് ജീവനക്കാരെ തളര്‍ന്നുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

'കമ്പനിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ നല്‍കാമെന്ന് എസ്ബിഐ ഉറപ്പ് പറഞ്ഞ 1,500 കോടി രൂപ എത്രയും പെട്ടെന്ന് ലഭ്യമാക്കണം. 20,000 ത്തോളം തൊഴിലുകളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആവശ്യപ്പെടുകയാണ്'. ദേശീയ ഏവിയേറ്റേഴ്സ് ഗ്രില്‍ഡ് വൈസ് പ്രസിഡന്‍റ് അദിം വാലിയാനി പറഞ്ഞു. 2018 ഡിസംബര്‍ മാസം മുതല്‍ ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. 
 

click me!