ബ്രേക്ക് മുതല്‍ ബാറ്ററിക്ക് വരെ ഇടം ലഭിച്ചേക്കും, വൈദ്യുത വാഹനങ്ങള്‍ നമ്മുടെ റോഡുകളെ കീഴടക്കും കാലം വിദൂരമല്ല !

By Web TeamFirst Published Jul 2, 2019, 11:09 AM IST
Highlights

2023 -ല്‍ എല്ലാ ഇരുചക്ര, മുച്ചക്ര വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ച് ഓടുന്നവയാക്കാനാണ് നീതി ആയോഗ് ലക്ഷ്യമിടുന്നത്. 2026 മുതല്‍ എല്ലാ ചരക്ക് വാഹനങ്ങളും വൈദ്യുതിയിലേക്ക് മാറ്റാനുമാണ് നീതി ആയോഗിന്‍റെ പദ്ധതി. ഇതിലൂടെ ഇന്ത്യന്‍ സമ്പദ്‍ഘടനയിലെ ക്രൂഡ് ഓയിലിന്‍റെ സാധീനം ഇല്ലാതാക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഉദ്ദേശലക്ഷ്യം. 

ഇലക്ട്രിക് വാഹന ഗവേഷണ -നിര്‍മാണ മേഖലയ്ക്ക് ഏറ്റവും അനുകൂല ബജറ്റാകും ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് സൂചന. അടുത്ത നാലുവര്‍ഷത്തേക്ക് വ്യവസായത്തില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് അതിന്‍റെ തോത് അനുസരിച്ച് ഇന്‍സെന്‍റീവുകള്‍ അനുവദിക്കാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സാങ്കേതിക വിദ്യ കൈമാറ്റം, ഗവേഷണവും വികസനവും തുടങ്ങിയ മേഖലകളിലെ  നിക്ഷേപങ്ങള്‍ക്കാണ് പ്രധാനമായും സര്‍ക്കാര്‍ പരിഗണന നല്‍കുന്നത്. ആദായ നികുതിയുടെ നിയമത്തിലെ 35AD(1) വകുപ്പ് അടിസ്ഥാനപ്പെടുത്തി പരിസ്ഥിതി സൗഹൃദ വ്യവസായമായ വൈദ്യുതി വാഹന ഉല്‍പാദനത്തിന് നികുതി ഇളവുകള്‍ വര്‍ധിപ്പിക്കാനും ബജറ്റിലൂടെ ശ്രമം ഉണ്ടായേക്കും. ഇപ്പോള്‍ വ്യവസായത്തില്‍ തുടരുന്ന കമ്പനികള്‍ക്ക് നികുതി ബാധ്യത കുറയ്ക്കാനും അതിലൂടെ സാങ്കേതിക വിദ്യ കൈമാറ്റത്തിനുളള നിക്ഷേപം വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. 

ഇതോടൊപ്പം വൈദ്യുതി വാഹന നിര്‍മാണ മേഖലയ്ക്ക് ഉണര്‍വുപകരുന്നതിനായി ജിഎസ്ടി നികുതി നിരക്കുകളില്‍ ഇളവ് വരുത്തുന്നത് ഇപ്പോള്‍ ഫിറ്റ്മെന്‍റ് കമ്മിറ്റിയുടെ പരിഗണനയിലാണ്. വൈദ്യുതി വാഹനങ്ങള്‍ക്ക് ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്ക് കുറയ്ക്കാനും. വൈദ്യുത വാഹനങ്ങളുടെ ബാറ്ററികള്‍ക്ക് നികുതി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനത്തിലേക്കും താഴ്ത്താനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ബജറ്റിലൂടെ  വൈദ്യുത വാഹന സൗഹാര്‍ദ്ദ നയം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ തീരുമാനം ഏറെ സഹായകരമാണ്. അടുത്ത ജിഎസ്‍ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച അനുകൂല തീരുമാനമുണ്ടാകുമെന്നാണ് വാഹന നിര്‍മാതാക്കളുടെ പ്രതീക്ഷ. 

വിദേശ നിര്‍മാതാക്കളുടെ കടന്നുവരവ്

പ്രത്യേക സാമ്പത്തിക മേഖല പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നതും സ്ഥാപിച്ചിട്ടുളളതുമായ ഇലക്ട്രിക് വാഹന നിര്‍മാണ വ്യവസായങ്ങള്‍ക്ക് 2020 ന് ശേഷവും നികുതി ഇളവുകള്‍ തുടരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിലൂടെ ഓരേ സമയം പ്രത്യേക സാമ്പത്തിക മേഖല പ്രദേശങ്ങളുടെ വികസനവും വൈദ്യുത വാഹന നിര്‍മാണ മേഖലയുടെ പുരോഗതിയും നേടിയെടുക്കാമെന്ന് കണക്കാക്കുന്നു. ഇത്തരമൊരു നയം ബജറ്റിലൂടെ നടപ്പാക്കിയാല്‍ വിദേശ വൈദ്യുതി വാഹന നിര്‍മാതാക്കളുടെ രാജ്യത്തേക്കുളള കടന്നുവരവ് എളുപ്പമാക്കുമെന്നാണ് വിലയിരുത്തല്‍. ഇതിലൂടെ രാജ്യത്ത് നിന്നുളള വൈദ്യുത വാഹന കയറ്റുമതി വര്‍ധിക്കുകയും ആഭ്യന്തര തലത്തില്‍ പ്രവര്‍ത്തിച്ചുപോരുന്ന നിര്‍മാതാക്കള്‍ക്ക് വൈദ്യുത വാഹനങ്ങളുടെ നിര്‍മാണ നൈപുണ്യം കൂടി വരുമെന്നുമാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. 

1961 ലെ ആദായ നികുതി ചട്ടത്തിലെ 10എഎ സെക്ഷന്‍ പ്രകാരം പ്രത്യേക സാമ്പത്തിക മേഖല പ്രദേശത്തെ വ്യവസായ യൂണിറ്റിന്‍റെ കയറ്റുമതിയിലൂടെ നേടിയെടുക്കുന്ന വരുമാനത്തിന് നികുതി ഇളവുണ്ട്. ആദ്യ അഞ്ച് വര്‍ഷം 100 ശതമാനത്തിന്‍റെ നികുതി ഇളവും പിന്നീടുളള അഞ്ച് വര്‍ഷം വരുമാനത്തിന്‍റെ 50 ശതമാനത്തിനുമാണ് നികുതി ഇളവ്. വൈദ്യുത വാഹനങ്ങളുടെ ഗവേഷണ നിര്‍മാണ മേഖല ശക്തിപ്പെടുത്താനായി ദീര്‍ഘകാലത്തേക്ക് പൂര്‍ണ നികുതി ഇളവിനും സാധ്യതയുണ്ട്. 'സാങ്കേതിക വിദ്യയും അറിവും ഇന്ത്യയിലേക്ക് എത്തിയാല്‍ മാത്രമേ വൈദ്യുത വാഹന നിര്‍മാണ മേഖലയില്‍ രാജ്യത്തിന് കുതിപ്പ് സാധ്യമാകുകയൊളളു. ഇതിന് വിദേശ നിര്‍മാതാക്കള്‍ ഇന്ത്യയിലേക്ക് എത്തേണ്ടതുണ്ട്.' പ്രമുഖ വൈദ്യുത വാഹന നിര്‍മാണക്കമ്പനി എഞ്ചിനീയര്‍ അഭിപ്രായപ്പെടുന്നു.  

2030 മുതല്‍ എല്ലാം ഇലക്ട്രിക്

ഇപ്പോള്‍ വൈദ്യുത വാഹന നിര്‍മാണവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ക്ക് ഈടാക്കി വരുന്ന കസ്റ്റംസ് നിരക്കുകള്‍ കുറയ്ക്കാനും സര്‍ക്കാരിന് ആലോചനയുണ്ട്. ബ്രേക്ക് സിസ്റ്റം, ഇലക്ട്രിക് കംപ്രസര്‍, ചാര്‍ജര്‍, ബാറ്ററി പായ്ക്ക് എന്നിവയ്ക്ക് കസ്റ്റംസ് ഡ്യൂട്ടികളില്‍ വന്‍ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്. 'നികുതി ഇളവുകളിലൂടെയും സൗഹാര്‍ദ്ദ നയത്തിലൂടെയും കേവലം വൈദ്യുത വാഹന നിര്‍മാണ മേഖലയ്ക്ക് കരുത്ത് പകരുന്നതിലുപരിയായി തൊഴിലില്ലായ്മ കുറയ്ക്കുക എന്ന ലക്ഷ്യം കൂടി സര്‍ക്കാരിന് നേടിയെടുക്കാനാകും. ഇത് ഇന്ത്യന്‍ സമ്പദ്‍ഘടനയുടെ കുതിപ്പിനും പരിസ്ഥിതി മലിനീകരണ പ്രശ്നങ്ങളില്‍ നിന്നുളള സമൂഹത്തിന്‍റെ മോചനത്തിനും കാരണമാകും.'നാന്‍ജിയ അഡ്വൈസേഴ്സ് മാനേജിംഗ് പാര്‍ട്നര്‍ രാകേഷ് നാന്‍ജിയ പറയുന്നു. 

നീതി ആയോഗ് ലക്ഷ്യമിടുന്നത് പ്രകാരം 2030 മുതല്‍ ഇന്ത്യന്‍ നിരത്തുകളില്‍ വൈദ്യുത വാഹനങ്ങള്‍ മാത്രമാകും ഉണ്ടാകുക. 2023- ല്‍ എല്ലാ ഇരുചക്ര, മുച്ചക്ര വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ച് ഓടുന്നവയാക്കാനാണ് നീതി ആയോഗ് ലക്ഷ്യമിടുന്നത്. 2026 മുതല്‍ എല്ലാ ചരക്ക് വാഹനങ്ങളും വൈദ്യുതിയിലേക്ക് മാറ്റാനുമാണ് നീതി ആയോഗിന്‍റെ പദ്ധതി. ഇതിലൂടെ ഇന്ത്യന്‍ സമ്പദ്‍ഘടനയിലെ ക്രൂഡ് ഓയിലിന്‍റെ സാധീനം ഇല്ലാതാക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഉദ്ദേശലക്ഷ്യം. പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര, മുചക്ര, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് രജിസ്ട്രേഷന്‍ അനുവദിക്കുന്നതിനോ, പുതുക്കുന്നതിനോ ഫീസ് പൂര്‍ണമായി ഒഴിവാക്കാനുളള റോഡ് ഹൈവേ മന്ത്രാലയം തയ്യാറാക്കിയ വിശദമായ പ്രമേയം നിലവില്‍ സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.         

      


 

click me!